യുദ്ധകൊതിയൻ, രഹസ്യങ്ങളുടെ മാസ്റ്റർ, ടോർച്ചർ ചീഫ്; 'ഭീകരവിരുദ്ധ യുദ്ധ'ത്തിന്റെ ശിൽപിയായ ഡിക് ചെനി
ആധുനിക അമേരിക്കൻ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങൾക്ക് പിന്നിലെ സൂത്രധാരനായാണ് അന്തരിച്ച മുൻ യുഎസ് വൈസ് പ്രസിഡന്റ് ഡിക് ചെനിയെ ലോകം ഓർക്കുന്നത്. രഹസ്യസ്വഭാവം, പീഡനം, നുണകൾ, അവസാനിക്കാത്ത യുദ്ധങ്ങൾ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലുള്ള വ്യവസ്ഥിതി രൂപീകരിച്ച ഭരണാധികാരി,അതായിരുന്നു പലർക്കും ഡിക് ചെനി.
നിത്യയുദ്ധത്തിന്റെ പിതാവ്
2001-ൽ വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടപ്പോൾ, ചെന്നി അതൊരു ദുരന്തം മാത്രമായി കണ്ടില്ല. മറിച്ച്, നിക്സന്റെ കാലത്ത് കണ്ടിട്ടില്ലാത്ത വിധം ഭരണഘടനാപരമായ അധികാരം വികസിപ്പിക്കാനുള്ള അവസരമായിട്ടായിരുന്നു അതിനെ കണ്ടത്. ആക്രമണത്തിന് മുൻപ് തന്നെ പ്രതിരോധിക്കാനുള്ള ഒരു നയം അദ്ദേഹം ആവിഷ്കരിച്ചു, അമേരിക്ക ആദ്യം ആക്രമിക്കണമെന്നും പിന്നീട് തെളിവുകളെ കുറിച്ച് ചിന്തിക്കാമെന്നുമുള്ളതായിരുന്നു അത്. അദ്ദേഹത്തിന്റെ ഈ ആശയങ്ങൾക്ക് പരീക്ഷണക്കളമായി മാറിയത് ഇറാഖാണ്.

2003-ലെ ഇറാഖ് അധിനിവേശത്തിന്റെ മുഖ്യസൂത്രധാരൻ കൂടിയായിരുന്നു ചെനി. ഈ അധിനിവേശം ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനും മേഖലയുടെ അസ്ഥിരതയ്ക്കും കാരണമായി. കൂടാതെ, ചെനി വൻതോതിലുള്ള നിരീക്ഷണ പരിപാടികൾക്ക് സമ്മർദ്ദം ചെലുത്തുകയും, കൂടുതൽ കർശനമായ ചോദ്യം ചെയ്യൽ രീതികളെ പിന്തുണക്കുകയും ചെയ്തു. സദ്ദാം ഹുസൈന്റെ പക്കൽ ആണവായുധങ്ങളുണ്ടെന്ന തെറ്റായ വാദങ്ങൾ ഉന്നയിച്ചാണ് ഇയാളുടെ നേതൃത്വത്തിൽ യുഎസ് 2003-ൽ ഇറാഖ് അധിനിവേശം ആരംഭിച്ചത്.
ഈ യുദ്ധം ലക്ഷക്കണക്കിന് ഇറാഖികളുടെ മരണത്തിനും ഒരു മേഖലയുടെ അസ്ഥിരതയ്ക്കും ഐസിസിന്റെ പിറവിക്കും വഴിയൊരുക്കി. അമേരിക്കൻ സൈനികരെ "വിമോചകരായി" സ്വീകരിക്കുമെന്നും യുദ്ധം " ആഴ്ചകളേ നീണ്ടുനിൽക്കൂ" എന്നും ചെന്നി അമേരിക്കക്കാർക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ, അത് ഒരു പതിറ്റാണ്ടോളം നീണ്ടുനിൽക്കുകയും ട്രില്ല്യൺ കണക്കിന് ഡോളർ നഷ്ടമാകാനും കാരണമായി.
രഹസ്യങ്ങളുടെ മാസ്റ്റർ
സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് ശേഷം, അമേരിക്കയെ ഭീതിയിൽ ജീവിക്കുന്ന ഒരു രാജ്യമാക്കി മാറ്റുന്നതിൽ ഡിക്ക് ചെനി വലിയ പങ്ക് വഹിച്ചു.സുരക്ഷയുടെ പേരിൽ പൗരന്മാരെ വാറന്റുകളില്ലാതെ നിരീക്ഷിക്കുന്നതും പൗരസ്വാതന്ത്ര്യം വെട്ടിച്ചുരുക്കുന്നതിനെയും അദ്ദേഹം പിന്തുണച്ചു. ഇതെല്ലാം നടത്തിയതാകട്ടെ സുരക്ഷയുടെ മറവിലായിരുന്നു. കോൺഗ്രസിനെയും കോടതികളെയും പ്രസിഡന്റിനെയും പോലും മറികടന്ന്, ഒരു രഹസ്യ അധികാര കേന്ദ്രം പോലെയായിരുന്നു അദ്ദേഹത്തിന്റെ ഓഫീസ് പ്രവർത്തിച്ചത്. രാജ്യത്തിന്റെ നയരൂപീകരണത്തിലും നിർണായക തീരുമാനങ്ങളിലും ചെനി വലിയ സ്വാധീനം ചെലുത്തിയിരുന്നു.
ടോർച്ചർ ചീഫ്
വാട്ടർബോർഡിംഗ്, ഉറക്കം നിഷേധിക്കൽ, വ്യാജ വധശിക്ഷകൾ തുടങ്ങിയ ക്രൂരമായ രീതികൾക്ക് ചെനി ചുക്കാൻ പിടിച്ചു.തടവുകാരെ മരണത്തിന്റെ വക്കോളമെത്തിച്ചിരുന്ന രീതിയിൽ പോലും പീഡിപ്പിച്ചു.
ഇത്തരത്തിൽ പീഡിപ്പിച്ചിട്ടും പലപ്പോഴും പ്രയോജനകരമായ വിവരങ്ങളൊന്നും തടവുകാരിൽ നിന്ന് ലഭിച്ചിരുന്നില്ലെന്ന് സിഐഎ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ചെന്നി ഇതിനെ "നീതി" എന്ന് വിളിച്ചപ്പോൾ, ലോകം ഇതിനെ "പീഡനം" എന്ന് വിമർശിച്ചു.
യുദ്ധത്തെ ലാഭത്തിനുള്ള ഉപാധിയാക്കി
2000-ൽ ബുഷ് ഭരണകൂടത്തിൽ ചേരുന്നതിനായി ഹാലിബർട്ടണിലെ സിഇഒ സ്ഥാനം ഒഴിഞ്ഞപ്പോൾ ചെന്നിക്ക് 35 ദശലക്ഷം ഡോളറായിരുന്ന ലഭിച്ചത്. ഇറാഖ് യുദ്ധം ആരംഭിച്ചതിന് ശേഷം, ഹാലിബർട്ടനും അതിൻ്റെ അനുബന്ധ കമ്പനികളും ഇറാഖിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് വലിയ സർക്കാർ കരാറുകൾ നേടി. ഇവയിലേറെയും മത്സരാധിഷ്ഠിത ലേലമില്ലാതെയാണ് നേടിയത്. യുദ്ധത്തെ ലാഭത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ് ഇതിലൂടെ ചെയ്തതെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. സൈനികരും ഇറാഖി പൗരന്മാരും വലിയ വില നൽകേണ്ടി വന്നപ്പോൾ, ചനിയുടെ മുൻ കമ്പനി കോടിക്കണക്കിന് ഡോളർ ലാഭം നേടി.
ട്രംപിന് വിമർശനം, പക്ഷെ
റിപ്പബ്ലിക്കൻ പാർട്ടിയുടെ കരുത്തനായ നേതാവായിരുന്നെങ്കിലും ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു ചെനി. ട്രംപ് 'റിപ്പബ്ലിക്കിന് ഒരു ഭീഷണിയാണെന്ന്' ചെനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഭരണഘടനയെ തകർത്ത മനുഷ്യനിൽ നിന്ന് ഈ മുന്നറിയിപ്പിന് വലിയ പ്രാധാന്യം ലഭിച്ചില്ല.
രക്തത്തിലും നിശബ്ദതയിലും എഴുതിയ
ദേശീയ സുരക്ഷയുടെ പേരിൽ നിയമങ്ങൾ വളച്ചൊടിക്കാമെന്നും കോൺഗ്രസിനെ അവഗണിക്കാമെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നും ഭാവി പ്രസിഡന്റുമാരെ പഠിപ്പിച്ചത് ചെന്നിയാണ്. ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഡിക്ക് ചെനിയുടെ പേര് രാജ്യസ്നേഹത്തേക്കാളുപരി ദുരിതങ്ങളുടെ ഓർമ്മകളാണ് കൊണ്ടുവരുന്നത്.അദ്ദേഹത്തിന്റെ നയങ്ങൾ മിഡിൽ ഈസ്റ്റിനെ മാറ്റിമറിക്കുകയും തലമുറകളെ തീവ്രവാദത്തിലേക്ക് നയിക്കുകയും ചെയ്തു.ഇത് ആഗോളതലത്തിൽ അമേരിക്കയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നതിന് കാരണമായി.
ചെന്നിക്കായി വാഷിംഗ്ടണിൽ പകുതി താഴ്ത്തിയ കൊടിമരങ്ങൾ, അദ്ദേഹത്തിന്റെ "ഭീകരതയ്‌ക്കെതിരായ യുദ്ധം" കാരണം അജ്ഞാതമായി മറവു ചെയ്യപ്പെട്ട നിരവധിപേരെക്കുറിച്ച് നമ്മെ നിശ്ശബ്ദമായി ഓർമ്മിപ്പിക്കുന്നുണ്ട്.ചരിത്രം അദ്ദേഹത്തിന് മാപ്പുനൽകില്ല. നുണകൾ, പീഡനം, യുദ്ധം, അഴിമതി എന്നിങ്ങനെ അധികാരത്തിന് വേണ്ടി എന്തുമാകാമെന്ന് ചെന്നി വിശ്വസിച്ചിരിക്കാം - പക്ഷേ അദ്ദേഹം അവശേഷിപ്പിക്കുന്നത് ആഴത്തിലുള്ള ധാർമ്മിക പരാജയത്തിന്റെ പാരമ്പര്യമാണ്.












Click it and Unblock the Notifications