യുഎഇ കൊതിക്കുന്നു; സൗദിയും... തുടക്കക്കാരില്‍ ഇന്ത്യ, അറിയാം ബ്രിക്‌സ് സഖ്യത്തെ
ജൊഹാന്നസ്‌ബെര്‍ഗ്: ലോകത്തെ അതിവേഗം വളരുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. അംഗ രാജ്യങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ഈ കൂട്ടായ്മയില്‍ തുടക്കത്തില്‍ ദക്ഷിണാഫ്രിക്കയുണ്ടായിരുന്നില്ല. ലോക ജനസംഖ്യയുടെ 40 ശതമാനം ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നാണെന്ന് മാത്രമല്ല, ഈ കൂട്ടായ്മയില്‍ അംഗമാകാന്‍ കൊതിക്കുന്ന ഒട്ടേറെ സമ്പന്ന രാജ്യങ്ങളുമുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് രാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്. ഈ കൂട്ടായ്മയുടെ 15ാം ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്‌ബെര്‍ഗില്‍ ഇന്ന് തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയില്‍ എത്തിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി മോദി ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം. ശേഷം അദ്ദേഹം ഗ്രീസിലേക്ക് പോകും.

2001ലാണ് ബ്രിക്‌സിന്റെ ആദ്യ രൂപം ചര്‍ച്ചയില്‍ വരുന്നത്. അന്ന് ബ്രിക് എന്നായിരുന്നു പേര്. 2010ല്‍ ദക്ഷിണാഫ്രിക്ക കൂടി അംഗമായതോടെയാണ് ബ്രിക്‌സ് ആയത്. അനൗദ്യോഗികമായി കൂട്ടായ്മ രൂപീകൃതമായത് 2009ലാണ്. അമേരിക്കയും യൂറോപ്പും അടക്കി വാണിരുന്ന ലോക ക്രമത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ബ്രിക്‌സിന്റെ വരവ്.
റഷ്യയാണ് ബ്രിക്‌സ് കൂട്ടായ്മയുടെ രൂപീകരണത്തിന് തുടക്കമിട്ടത്. ഐക്യരാഷ്ട്രസഭ, ലോകബാങ്ക്, ഒപെക് എന്നിവയെ പോലെ അന്താരാഷ്ട്ര സംഘടനയില്ലിത്. കൂട്ടായ്മയിലെ രാഷ്ട്ര നേതാക്കള്‍ വര്‍ഷത്തില്‍ ഒരുമിച്ച് കൂടുകയും ലോക സാഹചര്യം ചര്‍ച്ച ചെയ്യുകയും സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്ത് പിരിയുകയാണ് പതിവ്. അധ്യക്ഷ പദവി ഓരോ രാജ്യങ്ങള്‍ക്കും മാറിമാറി ലഭിക്കും.
ദക്ഷിണാഫ്രിക്ക ഒഴികെയുള്ള രാജ്യങ്ങളാണ് ബ്രിക്‌സിന്റെ സ്ഥാപക അംഗങ്ങള്‍. കൂട്ടായ്മയിലെ ചെറിയ അംഗം ദക്ഷിണാഫ്രിക്കയാണ്. ലോകത്തെ സമ്പദ് വ്യവസ്ഥയുടെ നാലിലൊന്ന് ഈ അഞ്ച് രാജ്യങ്ങളിലാണ്. ലോക ജനസംഖ്യയുടെ 40 ശതമാനവും. പരസ്പര സഹകരണത്തിലൂടെയാണ് ബ്രിക്‌സിന്റെ യാത്ര. ഈ അഞ്ച് രാജ്യങ്ങളും ജി-20യില്‍ അംഗങ്ങളാണ് എന്നത് വേറെ കാര്യം.
40 ലധികം രാജ്യങ്ങള്‍ ബ്രിക്‌സില്‍ അംഗമാകാന്‍ കൊതിക്കുന്നുണ്ട്. സൗദി അറേബ്യ, യുഎഇ, ഇറാന്‍, ഈജിപ്ത്, അര്‍ജന്റീന, അല്‍ജീരിയ, ഇന്തോനേഷ്യ, ക്യൂബ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇതില്‍പ്പെടും. പാശ്ചാത്യശക്തികള്‍ക്ക് ബദലായ ചേരിയായി ബ്രിക്‌സിനെ കാണുന്ന രാജ്യങ്ങളുണ്ട്. അംഗത്വം ലഭിച്ചാല്‍ സാമ്പത്തികമായി നേട്ടമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നവരുണ്ട്. നിക്ഷേപവും വ്യാപാരവും മെച്ചപ്പെടുമെന്നും ഇവര്‍ കരുതുന്നു.
ബ്രിക്‌സില്‍ അംഗത്വം ലഭിക്കാന്‍ ആഗ്രഹിക്കുന്ന മിക്ക രാജ്യങ്ങളും എണ്ണ ഉല്‍പ്പാദകരാണ്. ഇറാനും സൗദിയും യുഎഇയുമെല്ലാം ഇതില്‍പ്പെടും. സൗദി അറേബ്യയ്ക്ക് ഉപാധികളോടെ അനൗദ്യോഗിക അംഗത്വം ലഭിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ യോഗത്തില്‍ സൗദി പ്രതിനിധിയും ഉണ്ടാകുമെന്നതാണ് എടുത്തുപറയേണ്ട കാര്യം. ആഫ്രിക്കയില്‍ അതിവേഗം വളരുന്ന ശക്തിയായ എത്യോപ്യയും ബ്രിക്‌സില്‍ അംഗമാകാന്‍ കൊതിക്കുന്നു.
ഇന്ത്യ-ചൈന നേതാക്കള്‍ ഒരുമിച്ച് പങ്കെടുക്കുന്ന യോഗം എന്നതാണ് ഇത്തവണ ബ്രിക്‌സ് ഉച്ചകോടിയെ വ്യത്യസ്തമാക്കുന്നത്. മാത്രമല്ല, പുതിയ സാമ്പത്തിക-വ്യാപാര-നിക്ഷേപ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്. ബ്രിക്‌സ് ബാങ്കിന്റെ തുടര്‍ ചര്‍ച്ചയ്ക്ക് പുറമെ പുതിയ കറന്‍സി സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയായേക്കും. 24ന് ഉച്ചകോടി സമാപിക്കും.












Click it and Unblock the Notifications