നസറുല്ല കൊല്ലപ്പെട്ടു; ഹിസ്ബുല്ലയുടെ നേതൃത്വം ഏറ്റെടുക്കാന്‍ മറ്റൊരാള്‍... ഇറാന്‍ വിമാനം ഇറക്കിയില്ല
ഹിസ്ബുല്ലയുടെ പരമോന്നത നേതാവായ ഹസന്‍ നസറുല്ലയെ ഇസ്രായേല്‍ വധിച്ചിരിക്കെ, സംഘടനയുടെ അടുത്ത നേതാവാര് എന്ന ചോദ്യമാണ് ഉയരുന്നത്. ഇസ്രായേല്‍ സൈന്യത്തെ രണ്ട് തവണ ലബ്‌നാനില്‍ നിന്ന് തറ പറ്റിച്ച ചരിത്രമുള്ള നേതാവാണ് നസറുല്ല. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം നീങ്ങിയ സായുധ സംഘങ്ങളുടെ ആക്രമണമാണ് 2000ത്തിലും 2016ലും ഇസ്രായേലിന് തിരിച്ചടിയായിരുന്നത്.
ലബ്‌നാനില്‍ ഇസ്രായേല്‍ നടത്തിയ അധിനിവേശമാണ് ഹിസ്ബുല്ല എന്ന ഷിയാ സായുധ സംഘത്തിന്റെ രൂപീകരണത്തിന് കാരണം. ഒരു ദശാബ്ദത്തോളം സംഘടനയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് നസറുല്ല നേതൃത്വം ഏറ്റെടുത്തത്. അബ്ബാസ് മൂസവി 1992ല്‍ കൊല്ലപ്പെട്ട വേളയിലായിരുന്നു ഇത്. നസറുല്ല നേതൃത്വം ഏറ്റെടുത്തതോടെ ഹിസ്ബുല്ലയുടെ വളര്‍ച്ച അതിവേഗമായി. വിവിധ ശാഖകളായി പ്രവര്‍ത്തനം തുടങ്ങി...

സൈനികം, രാഷ്ട്രീയം, സന്നദ്ധ പ്രവര്‍ത്തനം എന്നീ മൂന്ന് വിഭാഗങ്ങളായിട്ടാണ് ഹിസ്ബുല്ല പ്രവര്‍ത്തിച്ചിരുന്നത്. തെക്കന്‍ ലബ്‌നാനില്‍ ഇസ്രായേല്‍ അധിനിവേശം വ്യാപിപ്പിച്ചതോടെ ഹിസ്ബുല്ലയുടെ നയങ്ങള്‍ക്ക് ജനപിന്തുണ കൂടി. തുടര്‍ന്ന് ശക്തമായ ആക്രമണം നടത്തിയ ഹിസ്ബുല്ലയുടെ നീക്കങ്ങള്‍ ഇസ്രായേലിന് തലവേദനയായി. 2000ത്തില്‍ ഇസ്രായേല്‍ സൈന്യം ലബനാന്‍ അധിനിവേശം മതിയാക്കി മടങ്ങുകയായിരുന്നു.
പിന്നീട് ആറ് വര്‍ഷത്തിന് ശേഷം 2006ല്‍ ഹിസ്ബുല്ലയും ഇസ്രായേലും തമ്മില്‍ വീണ്ടും യുദ്ധം നടന്നു. ഇരുവിഭാഗവും വിജയം അവകാശപ്പെട്ടെങ്കിലും മുന്‍തൂക്കം ഹിസ്ബുല്ലയ്ക്കായിരുന്നു. എന്നാല്‍ ഇത്തവണ ഇസ്രായേല്‍ ശക്തമായ ഒരുക്കത്തോടെയാണ് എത്തിയത്. ഹിസ്ബുല്ലയുടെ സുപ്രധാന നേതാക്കളെ വകവരുത്തിയത് മേഖലയിലെ ഷിയാ സംഘങ്ങളെ ഞെട്ടിച്ചു. പേജര്‍ ആക്രമണം സംഘടനയുടെ ഘടന തകര്‍ക്കുകയും ചെയ്തു.
ഫുവാദ് ശുക്ര്‍ ഉള്‍പ്പെടെയുള്ള സുപ്രധാന നേതാക്കള്‍ ഹിസ്ബുല്ലയ്ക്ക് നഷ്ടമായി. ഇത് ഇസ്രായേലിന് മേല്‍ക്കൈ നേടാന്‍ സഹായിച്ചു. സൈനികമായി ഇസ്രായേല്‍ മികച്ച മുന്നേറ്റമാണ് ഇത്തവണ ഹിസ്ബുല്ലയ്‌ക്കെതിരെ നടത്തിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ സംഘടനയുടെ പരമോന്നത നേതാവായ ഹസന്‍ നസറുല്ലയെ വരെ വധിച്ചിരിക്കുന്നു. ഇതോടെ ഇറാനിലെ ഷിയാ നേതാക്കളുടെ സുരക്ഷ വര്‍ധിപ്പിച്ചുവെന്നാണ് വിവരം.
1960ല്‍ കിഴക്കന്‍ ബെയ്‌റൂത്തിലാണ് നസറുല്ല ജനിച്ചത്. 15ാം വയസില്‍ ഷിയാ രാഷ്ട്രീയ-സായുധ വിഭാഗമായ അമാല്‍ പ്രസ്ഥാനത്തില്‍ ഭാഗമായി. പഠനാവശ്യാര്‍ഥം ഇറാഖിലേക്ക് പോയ അദ്ദേഹം 1978ല്‍ ലബനാനില്‍ തിരിച്ചെത്തുകയും ഹിസ്ബുല്ലയില്‍ അംഗമാകുകയും ചെയ്തു. ലബനാന്‍ സൈന്യത്തിന് പുറമെ രാജ്യത്തെ സമാന്തര സേനാ വിഭാഗമായി ഹിസ്ബുല്ല പ്രവര്‍ത്തിച്ചു. ഇവരുടെ ഏകപക്ഷീയ തീരുമാനങ്ങള്‍ രാജ്യത്തിന് തിരിച്ചടിയാകുന്നു എന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തിയിരുന്നു. ലബനാന്‍ പാര്‍ലമെന്റിലും മികച്ച സാന്നിധ്യമുള്ള സംഘടനയാണ് ഹിസ്ബുല്ല.
ഇസ്രായേല്‍ സൈന്യം ആക്രമണം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള വിമാനങ്ങള്‍ എത്തിയാല്‍ ആക്രമിക്കുമെന്നും വ്യക്തമാക്കി. ഇതോടെ ഇറാനില്‍ നിന്നെത്തിയ ചരക്കുവിമാനത്തിന് ബെയ്‌റൂത്ത് വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള അനുമതി ലബനാന്‍ നിഷേധിച്ചു. 2006ല്‍ ബെയ്‌റൂത്തിലെ വിമാനത്താവളത്തില്‍ ഇസ്രായേല്‍ ബോംബിട്ടിരുന്നു.
നസറുല്ലയുടെ മരണം ഹിസ്ബുല്ലയ്ക്ക് തിരിച്ചടിയാണെങ്കിലും സംഘടന തകരില്ല എന്നാണ് കരുതുന്നത്. ഇറാനുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനും സംഘടനയെ ചലിപ്പിക്കുന്നതിലും മുഖ്യപങ്ക് വഹിക്കുന്നത് മറ്റു ചില നേതാക്കളാണത്രെ. അടുത്തിടെ പേജര്‍ ആക്രമണത്തില്‍ ഇതില്‍ ചിലര്‍ കൊല്ലപ്പെട്ടത് ഹിസ്ബുല്ലയ്ക്ക് തിരിച്ചടിയായി. എങ്കിലും ഹാഷിം സഫിയുദ്ദീന്‍ ഹിസ്ബുല്ലയുടെ നേതൃത്വം ഏറ്റെടുക്കുമെന്നാണ് പുതിയ വിവരം.
ഹിസ്ബുല്ലയുടെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇദ്ദേഹമാണ്. സംഘടനയുടെ ജിഹാദ് കൗണ്‍സിലിലെ അംഗമാണ്. നസറുല്ലയുടെ ബന്ധുവും അദ്ദേഹം ശരീര പ്രകൃതവുമുള്ള വ്യക്തിയാണ്. സംഘടനയുടെ പല കാര്യങ്ങളും നസറുല്ല ഏല്‍പ്പിച്ചിരുന്നത് സെഫിയുദ്ദീനെയായിരുന്നു. ഷിയാ പണ്ഡിതനായ ഇദ്ദേഹത്തെ 2017ല്‍ അമേരിക്ക ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.


Click it and Unblock the Notifications