ഗാസയിൽ സമാധാനം പുലരുമോ?; വെടിനിർത്തലിനോട് അനുകൂല പ്രതികരണവുമായി ഹമാസ്
ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ നിർദേശിക്കുന്ന കരാറിനോട് അനുകൂല പ്രതികരണവുമായി ഹമാസ്. നിർദ്ദേശത്തെക്കുറിച്ച് മറ്റ് പലസ്തീൻ ഗ്രൂപ്പുകളുമായി ചർച്ചകൾ നടത്തുകയാണെന്ന് ഹമാസ് വെള്ളിയാഴ്ച അറിയിച്ചു. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഹമാസ് പ്രതികരണം.
ഗാസയിൽ വെടിനിർത്തലിന് ഇസ്രായേൽ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. 60 ദിവസത്തെ കരാറിനോടാണ് ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചതെന്നാണ് ട്രംപ് അറിയിച്ചത്. നിർദേശങ്ങൾ അനുസരിക്കുന്നതാണ് ഹമാസിനും നല്ലതെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ വെടിനിർത്തലിലെ പ്രധാന നിർദേശങ്ങൾ എന്താണെന്ന് ട്രംപോ ഇസ്രായേലോ വ്യക്തമാക്കിയിട്ടില്ല.

അതേസമയം ട്രംപിന്റെ പ്രതികരണം വന്നതിന് തൊട്ടടുത്ത് ദിവസം തന്നെ ഹമാസിനെതിരെ ഇസ്രായേൽ ഭീഷണിമുഴക്കിയിരുന്നു. ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്നും അവരുടെ പക്കലുള്ള മുഴുവൻ ബന്ദികളേയും മോചിപ്പിക്കുമെന്നുമാണ് നെതനാഹ്യു പറഞ്ഞത്.
പുതിയ കരാർ
പുതിയ കരാറിൽ 60 ദിവസത്തെ വെടിനിർത്തലാണ് പ്രധാന നിർദേശം. കൂടാതെ ബന്ദികളാക്കിയിരിക്കുന്ന ജീവിച്ചിരിക്കുന്ന ഇസ്രായേൽ പൗരൻമാരിൽ പകുതി പേരെയും മോചിപ്പിക്കണമെന്ന നിർദേശം ഉണ്ട്. ഏകദേശം 22 പേരുണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന് പകരമായി ഇസ്രായേൽ പലസ്തീൻ തടവുകാരെ വിട്ടയക്കും.2023 ൽ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതിൽ 49 പേർ ഇപ്പോഴും ഗാസയിൽ തടവിലാണ്. 27 പേർ മരിച്ചതായി ഇസ്രായേൽ സൈന്യം നേരത്തേ വ്യക്തമാക്കിയിരുന്നു.
2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ ഗാസയ്ക്കെതിരെ തിരിഞ്ഞത്. ഹമാസിനെ തകർക്കാനും തീവ്രവാദികൾ പിടികൂടിയ എല്ലാ ബന്ദികളെയും നാട്ടിലെത്തിക്കാനും ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ വലിയ ആക്രമണത്തിനാണ് ഇത് വഴിയൊരുക്കിയത്. ഏകദേശം 21 മാസം നീണ്ട ഇസ്രായേൽ ആക്രമണത്തിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിന് പേർക്ക് പരിക്കേറ്റു. ഇസ്രായേൽ ആക്രമണം രൂക്ഷമായതോടെ ഖത്തറിന്റേയും ഈജിപ്തിന്റേയും യുഎസിന്റേയും നേതൃത്വത്തിൽ മുൻപ് വെടിനിർത്തൽ കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇത് പിന്നീട് ലംഘിക്കപ്പെട്ടു. ഇരുവിഭാഗങ്ങളും കരാർ ലംഘിച്ച് കൂടുതൽ ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസവും ഇസ്രായേൽ പാലസ്തീനെതിരെ ആക്രമണം കടുപ്പിച്ചു. 24 മണിക്കൂറിനിടെ 138 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 452 ഓളം പേർക്ക് പരിക്കേറ്റു. ഭക്ഷണ വിതരണത്തിന് കാത്തുനിന്നവരാണ് കൊല്ലപ്പെട്ട 61 പേർ.












Click it and Unblock the Notifications