ബൈക്കില്‍ എംഡിഎംഎ കടത്തുകയായിരുന്ന ശ്രീകണ്ഠാപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍
ഇരിട്ടി: കേരള-കര്‍ണാടക അന്തര്‍ സംസ്ഥാന പാതയായ കൂട്ടുപുഴയില്‍ മൂന്ന് ഗ്രാം എംഡിഎംഎയുമായി ശ്രീകണ്ഠാപുരം ചേരന്‍കുന്ന് സ്വദേശി പുതിയപുരയില്‍ മുഹമ്മദ് ഷഹല്‍ ( 24) പോലീസിന്റെ പിടിയിലായി. ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ജൂലൈ മാസം 15 ഗ്രാം എംഡിഎംഎയുമായി പിടിയിലായി മാസങ്ങളോളം ജയില്‍ വാസം കഴിഞ്ഞ് അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നിര്‍ദേശ പ്രകാരം നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി വി രമേശന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയില്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി കേരള കര്‍ണാടക അന്തര്‍ സംസ്ഥാന പാതയായ കൂട്ടുപുഴയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ രണ്ടു ദിവസമായി നിരവധി വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ബംഗ്ളൂരില്‍ നിന്നും വരികയായിരുന്ന ബൈക്ക് സഹിതമാണ് പ്രതി പിടിയിലായത്. ഇരിട്ടി എസ്‌ഐ എന്‍ വിപിന്‍ പ്രതിയെ അറസ്റ്റ് ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പത്മജന്‍, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ബാംഗ്ലൂരില്‍ നിന്നും ബൈക്കില്‍ പതിവായി ശ്രീകണ്ഠാപുരത്തേക്ക് എംഡിഎംഎ കടത്താറുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്.
അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബംഗ്ളൂരില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് കണ്ണൂരിലെത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രതിയാണ് മുഹമ്മദ് ഷഹലെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ തവണ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിനു ശേഷം ജയില്‍ മോചിതനായ ഇയാള്‍ പൊലിസിന്റെയും എക്സൈസിന്റെയും നിരീക്ഷണത്തിലായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ ശ്രീകണ്ഠാപുരം മേഖലയിലാണ് ഇയാള്‍ പ്രധാനമായും താവളമാക്കിയത്. വരും ദിവസങ്ങളിലും കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ മയക്കുമരുന്ന് കടത്തിനെതിരെ റെയ്ഡ് ശക്തമാക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലിസ് മേധാവി ഹേമലത അറിയിച്ചു. എസ്പിയുടെ നിയന്ത്രണത്തിലുളള ഡാന്‍സെഫും വിവിധ പൊലിസ് സ്റ്റേഷനുകളുടെ സഹകരണത്തോടെ പരിശോധന നടത്തിവരുന്നുണ്ട്.












Click it and Unblock the Notifications