മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമം; കണ്ണൂരിൽ എയർഹോസ്റ്റസ് പിടിയിൽ
കണ്ണൂർ: മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ എയർ ഇന്ത്യ എക്സ്പ്രസിലെ എയർഹോസ്റ്റസായ കൊൽക്കത്ത സ്വദേശി പിടിയിൽ. മസ്ക്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് വന്ന എയർഇന്ത്യ എക്സ്പ്രസിലെ എയർ ഹോസ്റ്റസ് സുരഭി കാത്തൂണാണ് വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. മെയ് 28ന് മസ്‌കറ്റിൽ നിന്ന് കണ്ണൂരിൽ ഇറങ്ങിയ വിമാനത്തിലെ ക്യാബിൻ ക്രൂ അംഗമായിരുന്നു.
ഇവരുടെ കയ്യിൽ നിന്ന് 960 ഗ്രാം സ്വർണം ആണ് പിടികൂടിയത്. മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ എയർഹോസ്റ്റസ് പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണ് ഇതെന്ന് ഡി ആർ ഐ അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത സുരഭിയെ കണ്ണൂർ വനിതാ ജയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായി അന്വേഷണം ആരംഭിച്ചതായി ഡി ആർ ഐ വൃത്തങ്ങൾ അറിയിച്ചു.

അതേ സമയം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 20 ലക്ഷത്തോളം രൂപയൂടെ അനധികൃതർ സ്വർണവുമായെത്തിയ സ്ത്രീ കസ്റ്റംസിന്റെ പിടിയിലായി. ചൊവ്വാഴ്ച രാവിലെ എയർ ഇന്ത്യ എക്സ്പ്രസിൽ ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ കോട്ടയം സ്വദേശിനിയാണ് പിടിയിലായത്. പരിശോധനകൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്ന് പ്രീ പെയ്ഡ് ടാക്സി വിളിച്ച് എറണാകുളത്തെ ഹോട്ടലിലേക്ക് പോകുന്നതിനിടെ മറ്റൊരു വാഹനം പിന്തുടരുന്നതായി ഡ്രൈവർക്ക് സംശയം തോന്നി.
വിമാനത്താവളത്തിലെ ടെർമിനൽ മാനേജരെ രഹസ്യമായി വിളിച്ച് കാര്യം അറിയിച്ച ശേഷം യാത്രക്കാരിയെ തിരികെ വിമാനത്താവളത്തിലെ ടെർമിനൽ ടി 3 യിൽ എത്തിച്ചു. പുറത്ത് കാത്തുനിന്ന കസ്റ്റംസ് അധികൃതർ യുവതിയെ കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചപ്പോൾ സോക്സിനുള്ളിൽ ഒളിക്കിച്ചിരുന്ന 261 ഗ്രാം തൂക്കമുള്ള സ്വർണ ബിസ്ക്കറ്റുകൾ കണ്ടെത്തി.












Click it and Unblock the Notifications