അധികൃതരുടെ അനാസ്ഥയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; കലുങ്കിൽ വീണ് ബുള്ളറ്റ് യാത്രക്കാരൻ മരിച്ചു
പയ്യന്നൂർ : ദേശീയ പാതയ്ക്കു വേണ്ടി നിർമ്മിക്കുന്ന കലുങ്കിലെ വെള്ളക്കെട്ടിൽ വീണു ബുള്ളറ്റ് യാത്രക്കാരനായ യുവാവ് അതിദാരുണമായി മരിച്ചു. തളിപ്പറമ്പ് ആലിങ്കൽ തീയേറ്ററിനു സമീപം താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടു കൊവ്വൽ പോസ്റ്റ് ഓഫിസിന് സമീപമുള്ള വാബു വളപ്പിൽ റിയാസ് ബാബുവാണ് (34) അതി ദാരുണമായി മരിച്ചത്.
ഞായറാഴ്ച്ച രാത്രിയാണ് അപകടം. പിലാത്തറ വിളയാങ്കോട് എം.ജി.എം കോളേജിലേക്ക് പോകുന്ന ജങ്ഷനിൽ ഹൈവെ ജങ്ഷൻ്റെ ഭാഗമായി നിർമ്മിച്ച ഹൈവെ റോഡിലായിരുന്നു അപകടം. അതുവഴി വന്ന ഇരുചക്ര വാഹനക്കാരനാണ് എൻഫീൽഡ് ബൈക്ക് വീണു കിടക്കുന്നത് കണ്ടത്. ഇയാൾ നടത്തിയ തെരച്ചിലിലാണ് റിയാസ് ബാബു വെള്ളക്കെട്ടിൽവീണു കിടക്കുന്നത് കണ്ടെത്തിയത്.

ഉടൻ പരിയാരം പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസെത്തി ഇദ്ദേഹത്തെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴെക്കും മരണമടഞ്ഞിരുന്നു. കുഞ്ഞിമംഗലം സ്വദേശിനി ജാസ്മിനാണ് ഭാര്യ'മക്കൾ: ഷിയ ഫാത്തിമ, ആയിഷ ജന്ന പരേതനായ മൊയ്തീൻ -ഖദീജ ദമ്പതികളുടെ മകനാണ്.
നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ കുഴിയെടുത്തത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്തതാണ് അപകട കാരണമെന്ന ആരോപണം ശക്തമാക്കിയിട്ടുണ്ട്. സർവീസ് റോഡിൽ കൾവർട്ട് നിർമ്മിക്കുന്നതിനായി കുഴിയെടുത്തപ്പോൾ മുന്നറിയിപ്പു ബോർഡുകളോ റിഫ്ളക്റ്ററോ സ്ഥാപിച്ചിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു.
പിലാത്തറ ഭാഗത്തുനിന്നും പരിയാരം ഭാഗത്തേക്ക് പോവുകയായിരുന്നു റിയാസ് ബാബു. കനത്ത മഴയും റോഡരികിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതും അപകട കാരണമായത്. അധികൃതരുടെ അനാസ്ഥ കാരണം യുവാവിന് ജീവൻ നഷ്ടപ്പെടാൻ ഇടയായ സംഭവത്തിൽ പ്രക്ഷോഭമാരംഭിക്കുമെന്ന് പൊതു പ്രവർത്തകനായ നജ്മുദ്ദീൻ പിലാത്തറ മുന്നറിയിപ്പു നൽകി.












Click it and Unblock the Notifications