രാഷ്ട്രീയം മടുത്തു, ഇനി തെരഞ്ഞെടുപ്പില്‍ മത്‌സരിക്കില്ലെന്ന് നയം വ്യക്തമാക്കി ഭീമന്‍ രഘു

കണ്ണൂര്‍: തനിക്ക് രാഷ്ട്രീയം മടുത്തുവെന്നും ഇനി ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്‌സരിക്കില്ലെന്നും ചലച്ചിത്ര നടന്‍ ഭീമന്‍ രഘു. കണ്ണൂര്‍ പ്രസ് ക്‌ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചാണയെന്ന സിനിമയുടെ പ്രചരണത്തിനായി കണ്ണൂരിലെത്തിയതായിരുന്നു ഭീമന്‍ രഘു. പത്തനാപുരത്ത് സിനിമാ നടന്‍മാര്‍ മത്‌സരിക്കാനിറങ്ങിയപ്പോഴാണ് താനും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മത്‌സരരംഗത്തിനിറങ്ങിയത്. പൊലിസായും സിനിമാനടനായും താന്‍ ജീവിച്ചിട്ടുണ്ട്. ഇതുമായി ബന്ധമുളള രാഷ്ട്രീയത്തിലും ഒരു കൈ നോക്കാമെന്ന്‌വെച്ചു. അല്ലാതെ ബി.ജെ.പി ക്കാരനായതു കൊണ്ടല്ലെന്നും ഭീമന്‍ രഘു പറഞ്ഞു.
തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയുമായി ബന്ധം പുലര്‍ത്തിയിട്ടില്ല. എന്നാല്‍ തനിക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുമായും ബന്ധമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹവുമായി അടുപ്പവുമുണ്ട്. തന്റെ മകളുടെ വിവാഹത്തിന് പിണറായിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെയുളള വിമര്‍ശനങ്ങള്‍ താന്‍ കണക്കാക്കുന്നില്ല.
നാടിന് വേണ്ടിയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും ഭീമന്‍ രഘു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും താന്‍ ഇഷ്ടപ്പെടുന്ന നേതാക്കളിലൊരാളാണ് അവസരം കിട്ടിയാല്‍ അദ്ദേഹത്തെ സന്ദര്‍ശിക്കും. മോഡി രാജ്യത്തിനായി പല നല്ലകാര്യങ്ങളും ചെയ്യുന്നുണ്ട്. ആലപ്പുഴയിലെ കോളേജ് വിദ്യാഭ്യാസ കാലത്ത് താന്‍ ഇടതുപക്ഷ അനുഭാവിയായിരുന്നു. അന്ന് സമരം ചെയ്തു കോളേജൊക്കെ പൂട്ടിച്ചിട്ടുണ്ട്.
ഇന്നത്തെ പല നേതാക്കന്‍മാരും തന്റെ കൂടെ കോളേജില്‍ പഠിച്ചവരാണെന്നും അവരൊക്കെയായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ടെന്നും ഭീമന്‍ രഘു പറഞ്ഞു.വില്ലന്‍ വേഷം ചെയ്യുന്നതില്‍ തനിക്ക് ഇതുവരെ മടുപ്പൊന്നുമുണ്ടായിട്ടില്ല. സിനിമയില്‍ എല്ലാവേഷങ്ങളും ചെയ്യാന്‍ തയ്യാറാണ്. ഇപ്പോള്‍ ഹാസ്യകഥാപത്രങ്ങളും മുഖ്യകഥാപാത്രങ്ങളുമൊക്കെ ചെയ്യുന്നുണ്ട്. നല്ലതിരക്കഥയില്ലാത്തത് ഇന്ന് മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയാണെന്നും എന്നാല്‍ ന്യൂജനറേഷന്‍ സിനിമകളില്‍ വ്യത്യസ്ത പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതില്‍ ഒരു വിധം നിലവാരമുളള സിനിമകളൊക്കെ രക്ഷപ്പെടുന്നുപോകുന്നുണ്ട്. താന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായ ചാണ മാര്‍ച്ച് രണ്ടാംവാരംതീയേറ്ററുകളിലെത്തും. പ്രക്ഷേകരുടെ പ്രതികരണം അറിയണമെങ്കില്‍ ഒ.ടി.ടി പ്‌ളാറ്റ് ഫോമിനെക്കാള്‍ നല്ലത് തീയേറ്ററുകള്‍ തന്നെയാണ്. സിനിമസംവിധാനം ചെയ്തത് പണം സമ്പാദിക്കുകയെന്ന ലക്ഷ്യം വെച്ചല്ലെന്നും സിനിമയോടുളള സ്‌നേഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സ്വീറ്റി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കണ്ണൂര്‍ സ്വദേശിയായ കെ.ശശീന്ദ്രനാണ് ചാണ നിര്‍മിച്ചത്.












Click it and Unblock the Notifications