മയക്കുമരുന്ന് വേട്ട;വൻ ലഹരി ശേഖവുമായി നാല് യുവാക്കൾ പിടിയിൽ
തലശേരി: തലശേരിയില്‍ വന്‍ മയക്കുമരുന്ന്, ലഹരി ശേഖവുമായി നാല് യുവാക്കളെ ധര്‍മടം പൊലിസ് അറസ്റ്റു ചെയ്തു. വടക്കുമ്പാട് സ്വദേശികളായ നൗഫല്‍, സല്‍സബീര്‍,ഷമ്മാസ്, കൊളശേരി സ്വദേശി സഫ്വാന്‍ എന്നിവരെയാണ് ധര്‍മടം പൊലിസ് അറസ്റ്റു ചെയ്തത്. പ്രതികളില്‍ നിന്നും 47-ഗ്രാം എം.ഡി. എം. എയും രണ്ടു കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. വീട് കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്നു കച്ചവടം നടത്തിയത്.
കഴിഞ്ഞ രണ്ടാഴ്ച്ചയായി പ്രതികള്‍ പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ ബംഗ്‌ളൂരില്‍ നിന്നും മയക്കുമരുന്ന് തലശേരി മേഖലയില്‍ എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു നിരീക്ഷണം ശക്തമാക്കിയത്.

വെളളിയാഴ്ച്ച പുലര്‍ച്ചെയാണ് ഇവര്‍ താമസിക്കുന്ന വീട്ടില്‍ റെയ്ഡു നടത്തിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അഞ്ചുലക്ഷം രൂപ വിലവരുന്ന എം.ഡി. എം. എയും രണ്ടുകിലോ കഞ്ചാവുമാണ് പൊലിസ് റെയ്ഡില്‍ കണ്ടെത്തിയത്. ബംഗ്‌ളൂരില്‍ നിന്നുമാണ് മയക്കുമരുന്നും കഞ്ചാവുമെത്തിച്ചതെന്ന് ഇവർ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികള്‍ തലശേരി മേഖലയില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്ന വന്‍സംഘത്തിലെ കണ്ണികളാണെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ ആന്‍ഡി നര്‍ക്കോട്ടിക്ക് ആക്ട് പ്രകാരമാണ് കേസെടുത്തത്. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ക്കെതിരെയുളള തുടര്‍നടപടികള്‍ വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ നടക്കുമെന്ന് പൊലിസ് അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ മയക്കുമരുന്ന് കടത്തും വില്‍പനയും തടയുന്നതിനായി പൊലിസും എക്‌സൈസും അതിശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. വാഹനപരിശോധനയും രാത്രികാലപട്രോളിങും ശക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാറിന്റെ നിയന്ത്രണത്തിലുളള ഡാന്‍സെഫും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. കണ്ണൂരിന്റെ അതിര്‍ത്തി പ്രദേശമായ കൂട്ടുപുഴ, മാഹി ചെക്ക് പോസ്റ്റുകളില്‍ എക്‌സൈസും റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications