അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള വധഭീഷണിയിൽ നടപടിയെടുക്കണമെന്ന് ബിജെപി കണ്ണൂർ ജില്ലാ അധ്യക്ഷൻ
കണ്ണൂർ: ബിജെപി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എ പി അബ്‍ദുള്ള കുട്ടിക്കെതിരെ എതിരെ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വധഭീഷണി നടത്തിയ സംഭവത്തിൽ ശകത്മായ നടപടി വേണമെന്ന് ബിജെപി കണ്ണൂർ ജില്ലാ അധ്യക്ഷൻ എൻ ഹരിദാസ് ആവശ്യപ്പെട്ടു.
സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്ന ഇത്തരം വധഭീഷണികളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. കേരളം പോലുള്ള ഒരു സംസ്ഥാനത്തു അനുദിനം മത തീവ്രവാദ കേസുകൾ വർദ്ധിച്ചു വരികയാണ്. 1921 ൽ മലബാറിൽ നടന്ന ഹിന്ദു വംശഹത്യയുടെ ചുക്കാൻ പിടിച്ച വാരിയം കുന്നനെ പോലുള്ളവരുടെ ആശയം മനസിൽ കൊണ്ട് നടക്കുന്നവർ ഇന്നും ഇവിടെയുണ്ട് എന്നത് ഇത്തരം വീഡിയോകളിൽ നിന്ന് മനസിലാക്കാൻ പറ്റും. മത തീവ്രവാദികളെ സംരക്ഷിക്കുന്ന നിലപാട് ആണ് ഇടതു സർക്കാർ സ്വീകരിക്കുന്നത് . ബിജെപി അഖിലേന്ത്യാ ഉപഅദ്ധ്യക്ഷൻ എ പി അബ്‍ദുള്ള കുട്ടിക്ക് എതിരെ വധഭീഷണിനടത്തിയ വ്യക്തിയെ എത്രയും പെട്ടന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശ്കതമായ നടപടി സ്വീകരിക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.

വാരിയംകുന്നനെ കേരളത്തിലെ ആദ്യ താലിബൻ നേതാവായി ചിത്രീകരിച്ചതിനാണ് ബിജെപി അഖിലേന്ത്യാ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിക്കെതിരെ വില സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തുവന്നത്. രണ്ടാഴ്ച്ച മുൻപ് കണ്ണൂർ മാരാർജി ഭവനിൽ നടന്ന യുവമോർച്ചാ കൺവെൻഷനിലാണ് മലബാർ സമരം സ്വാതന്ത്ര്യ സമരമല്ലെന്നും ഹൈന്ദവ സമുദായത്തിനെതിരെയുള്ള വർഗീയ ലഹളയായിരുന്നുവെന്നും കേരളത്തിലെ ആദ്യ താലിബൻ നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണെന്നും അബ്ദുള്ളക്കുട്ടി വിശേഷിപ്പിച്ചത്.
ഇതിനു ശേഷം തൻ്റെ ഫേസ്ബുക്ക് പേജിലും വിവിധ പൊതുപരിപാടികളിലും അബ്ദുള്ളക്കുട്ടി തൻ്റെ വാദം ആവർത്തിച്ചു. ഇതാണ് തീവ്ര ചിന്താഗതിയുള്ള സംഘടനകളെ പ്രകോപിപ്പിച്ചത്.അഫ്ഗാനിൽ താലിബൻ അധികാരം പിടിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിൽ ചർച്ചകൾ. തകൃതിയായി നടക്കുമ്പോൾ എരിതീയിൽ എണ്ണയൊഴിച്ച തു പോലെ അബ്ദുള്ളക്കുട്ടിയുടെ പരാമർശങ്ങൾ മാറിയതാണ് സോഷ്യൽ മീഡിയയലൂടെയുള്ള പ്രകോപനത്തിന് കാരണമായത്. രാഷ്ട്രീയ നിലപാടുകളിൽ സ്ഥിരതയില്ലാത്ത ഒരാളായി അബ്ദുള്ളക്കുട്ടിയെ ചിത്രീകരിക്കുന്നതിനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.
മതേതര പാർട്ടികളായ സിപിഎമ്മും കോൺഗ്രസ് വിട്ട് പരിവാറിൻ്റെ കൂടാരത്തിൽ ചേക്കേറിയ രാഷ്ട്രീയ ഭിക്ഷാംദേഹിയായാണ് അബ്ദുള്ളക്കുട്ടിയെ ചിത്രീകരിക്കുന്ന പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്ഥാനമാനങ്ങൾക്കു വേണ്ടി ആരെയും തള്ളിപ്പറയാൻ മടിക്കാത്ത പ്രത്യേക മാനസികാവസ്ഥയുള്ള രാഷ്ട്രീയക്കാരിലൊരാളാണ് അബ്ദുള്ളക്കുട്ടിയെന്നും ചിലർ വിശേഷിപ്പിക്കുന്നുണ്ട്.
ബിജെപിയുടെ ദേശീയ ഉപാധ്യക്ഷൻ സ്ഥാനത്ത് വരെയെത്തിയ അബ്ദുള്ളക്കുട്ടി ദേശീയ മുസ്ലീം എന്ന് സ്വയം വിശേഷിപ്പിക്കുന്നത് മോദിയെയും അമിത് ഷായെയും പ്രീണിപ്പിക്കാനാണെന്ന കുറ്റപ്പെടുത്തലും വിവിധ കോണുകളിൽ നിന്നുയരുന്നുണ്ട്.ഇതോടൊപ്പം കോൺഗ്രസിലായിരുന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ അബ്ദുള്ള രൂക്ഷ വിമർശനവും പരിഹാസവും കലർത്തിയിട്ട ഫെയ്സ് ബുക്ക് പോസ്റ്റുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട് തൻ്റെ ഫെയ്സ് ബുക്ക് പേജിൽ വർഷങ്ങൾക്കു മുൻപ് അബ്ദുള്ളക്കുട്ടിയിട്ട പോസ്റ്റുകളാണ് ഇപ്പോൾ വീണ്ടുമെടുത്ത് പുറത്തിട്ട് ചിലർ കമൻ്റു ചെയ്യുന്നത്. കോൺഗ്രസിനെ ശക്തമായി പിൻതുണയ്ക്കുകയും ബിജെപിയെ വിമർശിക്കുകയും ചെയ്യുന്ന പോസ്റ്റുകളിലൊന്ന് ഇപ്രകാരമാണ്:
കോൺഗ്രസ് മുക്തഭാരതത്തിന് ആദ്യം ശ്രമിച്ചത് വൈസ്രോയി കഴ്‌സൺ പ്രഭുവാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് പറ്റാത്തത് മോദിക്കും അമിത് ഷായ്ക്കും കഴിയുമെന്ന് കരുതുന്നവർ ചരിത്രബോധം ഇല്ലാത്തവരാണെന്നും 2017 ഡിസംബർ 31 ന് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിൽ അബ്ദുള്ളക്കുട്ടി പറയുന്നു.
രാഹുല്‍ ഗാന്ധിയേയും മന്‍മോഹന്‍ സിങിനെയും പിന്തുണച്ചുള്ള പോസ്റ്റുകളും ചിലര്‍ കുത്തിപ്പൊക്കുന്നുണ്ട്. ഇത്തരത്തിൽ നിരവധി ചിത്രങ്ങളും എഴുത്തുകളുമാണ് കോൺഗ്രസിനെ പുകഴ്ത്തിയും ബിജെപി വിമർശിച്ചും അബ്ദുല്ലക്കുട്ടിയുടെ പേജിലുള്ളത്. കോൺഗ്രസിൽ നിന്നുകൊണ്ട് എംഎൽഎയായ അബ്ദുല്ലക്കുട്ടി സിപിഎമ്മിൽ നിന്നാണ് കോൺഗ്രസിലെത്തിയത്. സിപിഎം സ്ഥാനാർഥിയായി നിന്ന് കണ്ണൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച എംപിയായിരുന്നു. അതിനു ശേഷം 2019 ജൂൺ 26നാണ് കോൺഗ്രസിൽ നിന്ന് രാജിവച്ച് അബ്ദുല്ലക്കുട്ടി ബിജെപിയിൽ ചേർന്നതെന്നും ഓന്തിൻ്റെ നിറമുള്ള രാഷ്ട്രീയക്കാരനാണ് അബ്ദുള്ളക്കുട്ടിയെ പരിഹസിക്കുന്നുമുണ്ട്.
കേരളം താലിബാനിസത്തിന്റെ കേന്ദ്രമാവുകയാണെന്ന അബ്ദുള്ള കുട്ടിയുടെ പരാമർശമാണ് ഏറെ പ്രകോപനം സൃഷ്ടിച്ചത്. ഇതിനെ രാഷ്ട്രീയപരമായി നേരിടാൻ മുസ്ലിം ലീഗും കോൺഗ്രസും സിപിഎമ്മും അരയും തലയും മുറുക്കി രംഗത്തുണ്ടെങ്കിലും വിമർശന ശരങ്ങൾക്ക് മൂർച്ച കൂട്ടുന്നത് മറ്റു ചില സംഘടനകളാണ്.അബ്ദുള്ളക്കുട്ടിയെ പ്രതിരോധിക്കുന്നതിനായി വിഷയം രാഷ്ട്രീയപരമായി നേരിടാനാണ് ബിജെപിയുടെ നീക്കം.












Click it and Unblock the Notifications