കോര്‍പറേഷന്‍ പോര് മൂക്കുന്നു: ജവഹര്‍ സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് മാര്‍ച്ച്
കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസ് പൊതുസമ്മേളനവേദിയായി ഉപയോഗിച്ചതിനു ശേഷം വൃത്തിയാക്കാത്തതിനെ തുടര്‍ന്ന് പിഴ ചുമത്തിയതിനു ശേഷം കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥയെ ചൊല്ലിയുള്ള സിപിഎം-കോണ്‍ഗ്രസ് രാഷ്ട്രീയപോര് മൂര്‍ച്ഛിക്കുന്നു . ഒരുവിഭാഗം കായിക താരങ്ങളെ അണിനിരത്തി സിപിഎം പ്രവര്‍ത്തകര്‍ ജവഹര്‍ സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പറേഷന്‍ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി.
കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിന്റെ വികസന സ്വപ്നങ്ങളെ തകര്‍ത്തത് എന്തിനാണെന്ന് കണ്ണൂര്‍ കോര്‍പേറഷന്‍ മേയര്‍ മറുപടി പറയണമെന്ന് സിപിഎം ജില്ലാസെക്രട്ടറി എംവി ജയരാജന്‍ ആവശ്യപ്പെട്ടു.കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഡിയം സംരക്ഷണ സമിതി കോര്‍പറേഷന്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപി ലത മേയറായിരുന്ന കാലത്താണ് സര്‍ക്കാര്‍ സ്റ്റേഡിയം പുനര്‍നിര്‍മാണത്തിന് അനുവദിച്ച പത്തുകോടി പദ്ധതിയുടെ ധാരണാപത്രം ഒപ്പിടാത്തതെന്ന വാദം ശരിയല്ല. അന്ന് ലതയെ മേയറാക്കിയ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന അംഗങ്ങള്‍ പ്രതിപക്ഷത്തുണ്ട്
മേയര്‍ ടിഒ മോഹനന്‍ സന്നദ്ധനാണെങ്കില്‍ സര്‍വകക്ഷി സംഘം തൊട്ടടുത്ത ദിവസം തന്നെ തിരുവനന്തപുരത്തേക്ക് പോയി ധാരണാപത്രം ഒപ്പിടാന്‍ തയ്യാറാണ്.അന്ന് ഇപ്പോള്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണസമിതിയുടെ ഭാഗമായ ഒരുവ്യക്തിയുടെ തെറ്റായ ഇടപെടല്‍ കാരണമാണ് എല്‍ഡിഎഫ് ഭരണസമിതി ധാരണാപത്രത്തില്‍ ഒപ്പിടാഞ്ഞതെന്നും എം.വി ജയരാജന്‍ ചൂണ്ടിക്കാട്ടി.
ഇന്ന് കോര്‍പറേഷന്‍ മേയര്‍ തയ്യാറാണെങ്കില്‍ നാളെ പോയാല്‍ മറ്റന്നാള്‍ തന്നെ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കഴിയുമെന്നും എംവി ജയരാജന്‍ പറഞ്ഞു. ജവഹര്‍സ്റ്റേഡിയം കൂടാതെ മരക്കാര്‍ കണ്ടി സ്റ്റേഡിയവും മാലിന്യനിക്ഷേപ കേന്ദ്രമായിരിക്കുകയാണ്. ഇഴജന്തുക്കളുടെ വാസസ്ഥലമായിരിക്കുകയാണ് ഇവിടങ്ങള്‍. ജവഹര്‍സ്റ്റേഡിയത്തില്‍ ഇരുപതിലേറെ കോര്‍പറേഷന്‍ മാലിന്യവണ്ടികളാണ് സൂക്ഷിക്കുന്നതെന്നും ഇതു കായിക പ്രേമികളോടുള്ള അനാദരവാണെന്നും എംവി ജയരാജന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications