കാട്ടാന ശല്യം നേരിടാന്‍ സൗരോര്‍ജ തൂക്കുവേലി സ്ഥാപിക്കണമെന്ന് ജില്ലാ ആസൂത്രണസമിതി യോഗം
ഇരിട്ടി: കാട്ടാന ആക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ സൗരോര്‍ജ തൂക്കുവേലി സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ജില്ലാ ആസൂത്രണ സമിതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിക്കും. ആറളം, ഉളിക്കല്‍, അയ്യങ്കുന്ന്, ഉദയഗിരി, പയ്യാവൂര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണിത്.
കാട്ടാന ശല്യം നേരിടുന്ന പഞ്ചായത്തുകള്‍ ഫെന്‍സിങ് മാപ്പ് തയ്യാറാക്കി ഉടന്‍ സമര്‍പ്പിക്കണമെന്നും യോഗം നിര്‍ദേശിച്ചു. പട്ടിക വര്‍ഗ്ഗ മേഖലയില്‍ നടപ്പാക്കുന്ന 'ട്രൈബല്‍ മിഷന്റെ' ഭാഗമായി 100 കോളനികളെ ജില്ലാ പഞ്ചായത്ത് ദത്തെടുക്കും. ഇതിനായി പട്ടിക വര്‍ഗ്ഗ കോളനികളില്‍ സമഗ്ര പഠനം നടത്തും. 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിന്റെ ഭാഗമായി ഭവന നിര്‍മാണത്തിന് സ്ഥലം സംഭാവന ചെയ്യാന്‍ താല്പര്യമുള്ളവരെ ഉടന്‍ കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഡ്യൂട്ടി ക്രമീകരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരെ മാറ്റുന്നത് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൂടി ആലോചിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
ഡി പി സി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. ടി ഒ മോഹനന്‍, അഡ്വ. ബിനോയ് കുര്യന്‍, ടി സരള, ലിസി ജോസഫ്, ശ്രീന പ്രമോദ്, കെ താഹിറ, വി ഗീത, ഇ വിജയന്‍ മാസ്റ്റര്‍, കെ വി ഗോവിന്ദന്‍, എന്‍ പി ശ്രീധരന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.കഴിഞ്ഞ ദിവസം ആറളം മേഖലയില്‍ ആനമതിലില്ല സൗരോര്‍ജ്ജ വേലിയാണ് വേണ്ടതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ജില്ലാ ആസൂത്രണസമിതിയുടെയും ചുവടുമാറ്റം. ആനമതില്‍ നിര്‍മാണത്തില്‍ നേരത്തെയുണ്ടായിരുന്ന എസ്റ്റിമേറ്റില്‍ മാറ്റം വരുത്തിയതും വിവാദമായിട്ടുണ്ട്.












Click it and Unblock the Notifications