കൈക്കുഞ്ഞുമായി ചികിത്സക്കെത്തിയ യുവതിയെ ഡോക്ടര്‍ തള്ളി വീഴ്ത്തി; റിപ്പോര്‍ട്ട് തേടി ബാലവാകാശ കമ്മീഷന്‍
തലശേരി: തിരുവങ്ങാട് കീഴന്തിമുക്കില്‍ കൈക്കുഞ്ഞുമായി ചികിത്സ തേടിയെത്തിയ യുവതിയെ അപമാനിക്കുകയും തളളിവീഴ്ത്തി കുഞ്ഞിന് ചികിത്സ നിഷേധിക്കുകയും ചെയ്ത സംഭവത്തില്‍ ബാലവാകാശ ചെയര്‍മാന്‍ അഡ്വ. കെ.വി മനോജ് കുമാര്‍ തലശേരി ടൗണ്‍ പൊലിസിനോട് റിപ്പോര്‍ട്ട് തേടി.
കൈക്കുഞ്ഞിന്റെ മുന്‍പില്‍ വെച്ചു മാതാവിനെ തളളിയിടുകയും കുട്ടിക്ക് ചികിത്സ നിഷേധിക്കുകയും ചെയ്ത സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ ജെ.ജെ ആക്ട് പ്രകാരം സ്വമേധയാ കേസെടുക്കുമെന്ന് ബാലവാകാശ കമ്മിഷന്‍ ചെയര്‍മാന്‍ തലശേരി കോടതിയില്‍ അറിയിച്ചു. സംഭവം അതീവഗൗരവത്തോടെയാണ് കമ്മിഷന്‍ കാണുന്നത്.

സംഭവത്തെ കുറിച്ചു പൊലിസിനോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെയില്‍ അക്രമത്തിനിരയായ യുവതിയില്‍ നിന്നും പൊലിസ് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി. തിരുവങ്ങാട് കീഴന്തി മുക്കിലെ ശിശുരോഗവിദഗ്ദ്ധനായ ഡോ. ദേവാനന്ദിനെതിരെ പൊലിസ് കേസെടുത്ത വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പരാതിയുമായി നിരവധിയാളുകള്‍ രംഗത്തുവന്നിട്ടുണ്ട്.
കൈക്കുഞ്ഞുമായി നില്‍ക്കുന്ന അമ്മമാര്‍ക്കിടയില്‍ ടോക്കണ്‍ വലിച്ചെറിയുന്നതിനെ ചോദ്യം ചെയ്ത ഒരു രക്ഷിതാവിനെ ഇയാള്‍ അസഭ്യം പറഞ്ഞതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ടോക്കണ്‍ തറയില്‍ നിന്നും എടുക്കാനുളള ശ്രമത്തിനിടെയില്‍ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും വീണു പരുക്കേറ്റതായ വിവരവും പുറത്ത് വന്നിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ 354-വകുപ്പുപ്രകാരമാണ് പൊലിസ് കേസെടുത്തത്. മറ്റുളളവര്‍ പരാതി നല്‍കിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പൊലിസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കളോടൊപ്പം കൈക്കുഞ്ഞുമായി ചികിത്സക്കെത്തിയ യുവതിയാണ് ഡോക്ടറുടെ അതിക്രമത്തിന് ഇരയായത്. മറ്റുളള രോഗികളുടെ ടോക്കണ്‍ വിളിച്ചതിനു ശേഷമാണ് കണ്ണവം സ്വദേശിനിയായ യുവതിയും കൈകുഞ്ഞും അമ്മയും ഡോക്ടറുടെ കാബിനിലേക്ക് കയറിയത്.
യുവതിയുടെ കൂടെ അമ്മ കയറിയതില്‍ പ്രകോപിതനായ ഡോക്ടര്‍ കൈക്കുഞ്ഞുമായി നില്‍ക്കുന്ന യുവതിയെ മുറിയില്‍ നിന്നും തളളി പുറത്താക്കി താഴെയിടുകയും വാതില്‍ വലിച്ചു പൂട്ടുകയുമായിരുന്നു. ഡോക്ടറുടെ കീഴന്തിമുക്കിലെ വീട്ടിലെ ക്ലിനിക്കില്‍ നിന്നാണ് സംഭവം. തന്നെ അക്രമിച്ചുവെന്നും കുട്ടിക്ക് ചികിത്സ നിഷേധിച്ചുവെന്നുമുളള പരാതിയുമായി യുവതി തലശേരി ടൗണ്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications