എസ്എഫ്ഐക്ക് കനത്ത പ്രഹരം; പരിയാരം മെഡിക്കല്‍ കോളേജ് യൂണിയൻ പിടിച്ചെടുത്ത് കെഎസ്യു സഖ്യം
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വമ്തമാക്കി കെ എസ് യു-എം എസ് എഫ് സഖ്യം. രണ്ട് പതിറ്റാണ്ടിലേറെയായി ഏകപക്ഷീയമായി എസ് എഫ് ഐക്ക് ആധിപത്യമുണ്ടായിരുന്ന യൂണിയനാണ് യൂണിറ്റുണ്ടാക്കി ആദ്യ വർഷം തന്നെ യു ഡി എസ് എഫ് പിടിച്ചെടുത്തത്. ആകെയുള്ള 15 സീറ്റിൽ 12 എണ്ണത്തിലാണ് സഖ്യം വിജയിച്ചത്. 3 സീറ്റിൽ എസ് എഫ് ഐ എതിരില്ലാതെ ജയിച്ചിരുന്നു.ചെയർമാനായി ഹിഷാം മുനീർ, വൈസ് ചെയർമാനായി അമീൻ എസ് സജിത എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പത്ത് മേജർ സീറ്റിൽ ഒരെണ്ണം മാത്രമാണ് എസ് എഫ് ഐയ്ക്ക് ലഭിച്ചത്.

അതേസമയം വിജയത്തിൽ സന്തോഷം പങ്കിട്ട് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള മാറ്റങ്ങളുടെ വലിയ അലയൊലികളാണ് കേരളത്തിലുടനീളമുള്ള ക്യാമ്പസുകളിൽ കേൾക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നോമിനേഷൻ പ്രക്രിയ തൊട്ട് തിരഞ്ഞെടുപ്പ് കഴിയുന്ന ദിവസം വരെ ഭീഷണിയും, അക്രമവും, കള്ളക്കേസുകളും നൽകി ഇലക്ഷൻ പ്രക്രിയ ഇല്ലാതാക്കാൻ ശ്രമിച്ച ഫാഷിസ്റ്റ് പ്രസ്ഥാനത്തിന് പരിയാരം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ ഉചിതമായ മറുപടി നൽകിയിരിക്കകയാണെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം
യൂണിയൻ ഇനി നമുക്ക് സ്വന്തം. ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള മാറ്റങ്ങളുടെ വലിയ അലയൊലികളാണ് കേരളത്തിലുടനീളമുള്ള ക്യാമ്പസുകളിൽ നിന്ന് നമ്മൾ കേൾക്കുന്നത്. എസ് എഫ് ഐ എന്ന ഭീകര സംഘടന കഴിഞ്ഞ 28 വർഷങ്ങളായി ഭീഷണികളിലൂടെയും, അക്രമങ്ങളിലൂടെയും കയ്യടക്കിവെച്ചിരുന്ന പരിയാരം മെഡിക്കൽ കോളേജ് നമ്മുടെ കുട്ടികൾ ജനാധിപത്യമെന്ന മഹത്തായ മാർഗത്തിലൂടെ പിടിച്ചെടുത്തിരിക്കുന്നു.
നോമിനേഷൻ പ്രക്രിയ തൊട്ട് തിരഞ്ഞെടുപ്പ് കഴിയുന്ന ദിവസം വരെ ഭീഷണിയും, അക്രമവും, കള്ളക്കേസുകളും നൽകി ഇലക്ഷൻ പ്രക്രിയ ഇല്ലാതാക്കാൻ ശ്രമിച്ച ഫാഷിസ്റ്റ് പ്രസ്ഥാനത്തിന് പരിയാരം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ ഉചിതമായ മറുപടി നൽകിയിരിക്കുന്നു.
28 വർഷത്തെ ചരിത്രം തിരുത്തി പരിയാരത്തിന്റെ മണ്ണിൽ ചരിത്ര വിജയം നേടിയ പോരാളികൾക്ക് അഭിനന്ദനങ്ങൾ', അദ്ദേഹം കുറിച്ചു.
ഈ മാസം ജൂണ്‍ 18നാണ് കോളേജില്‍ യുഡിഎസ്എഫ് യൂണിറ്റ് രൂപീകരിച്ചത്. ഇതിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത രൂപപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കോളേജ് ക്യാമ്പസ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.












Click it and Unblock the Notifications