കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവം; റവന്യൂ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ നടപടി വൈകുന്നു
കണ്ണൂര്‍: എഡിഎം നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തില്‍ പരാതിക്കാരനായ ടിവി പ്രശാന്തിനെതിരെ വിജിലന്‍സ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെട്രോള്‍ പമ്പ് തുടങ്ങുന്നതിന് നിടുവാലൂര്‍ സ്വദേശി പ്രശാന്തന് എവിടെ നിന്നാണ് പണം ലഭിച്ചത് തുടങ്ങിയ വിവരങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. പ്രശാന്തിന്റെ ഭാര്യാസഹോദരന്‍ രതീഷിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
നേരത്തെ യൂത്ത് കോണ്‍ഗ്രസ്, യൂത്ത്‌ലീഗ് സംഘടനകള്‍ പ്രശാന്ത് പെട്രോള്‍ പമ്പ് ബിനാമിയാണെന്ന ആരോപിച്ച് പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് വിജിലന്‍സ് എസ്പി അബ്ദുല്‍റസാഖിനെ അന്വേഷണത്തിനായി നിയോഗിച്ചത്. ഈക്കാര്യത്തില്‍ അന്വേഷണം നടത്തി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

വിജിലന്‍സ് എസ്പി കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി പ്രശാന്തന്റെയും രതീഷിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ വിജിലന്‍സിനെ അറിയിക്കാതെയായിരുന്നു അബ്ദുല്‍ റസാഖെത്തിയത്. ഇരുവരുടെയും സാമ്പത്തിക സ്രോതസുള്‍പ്പെടെ പെട്രോള്‍ പമ്പിന് വിവിധ വകുപ്പുകളുടെ എതിര്‍പ്പില്ലാ രേഖലഭിച്ചത് എങ്ങനെയാണെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
പ്രശാന്തന്‍ ചെങ്ങളായിയില്‍ തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന പെട്രോള്‍ പമ്പിന് നിരാക്ഷേപ പത്രം നല്‍കാന്‍ എഡി എം വൈകിയെന്ന് ആരോപണം വസ്തുതാപരമായി തെറ്റാണെന്ന് റവന്യുവകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ റവന്യൂവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഇതുവരെ സര്‍ക്കാര്‍ നടപടിയൊന്നുമുണ്ടായിട്ടില്ല.ജീവനൊടുക്കിയ നവീന്‍ ബാബുവിന്റെ ഭാഗത്ത് നിന്നും പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലാന്‍ഡ് റവന്യൂ ജോയന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കുമാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നുമുണ്ടായില്ലെന്നാണ് കുടുംബാംഗങ്ങളുടെ പരാതി.
ഇതിനിടെ കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗത്വത്തില്‍ നിന്നും പിപി ദിവ്യയെ മാറ്റാത്തത് വിവാദമായിട്ടുണ്ട്. കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ ഒന്നാം പ്രതിയായ ദിവ്യയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഗവര്‍ണര്‍ക്ക് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ പരാതി നല്‍കിയിരുന്നു. ഇതു രാജ്ഭവന്‍ അന്വേഷിച്ചു കൊണ്ടിരിക്കെയാണ് ദിവ്യയെ നിലനിര്‍ത്തിക്കൊണ്ടു സര്‍വകലാശാല മുന്‍പോട്ടു പോകുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരിക്കെയാണ് ദിവ്യയെ സെനറ്റിലേക്ക് തെരഞ്ഞെടുത്തത്. എന്നാല്‍ ആത്മഹത്യാ പ്രേരണ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സി പിഎം പിപി ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും മാറ്റിയിരുന്നു.
എന്നാല്‍ സെനറ്റ് അംഗത്വത്തില്‍ നിന്നും ജില്ലാപഞ്ചയത്ത് അംഗത്വത്തില്‍ നിന്നും ദിവ്യയെ മാറ്റിയിട്ടില്ല. ദിവ്യ തെരഞ്ഞെടുക്കപ്പെട്ട അംഗമായതിനാല്‍ മൂന്ന് മാസം കഴിഞ്ഞേമാറ്റാനാവുകയുളളൂവെന്നാണ് സര്‍വകലാശാല അധികൃതരുടെ നിലപാട്. ഇതിനായി പുതിയ തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ടെന്നും സമയം ആവശ്യമാണെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications