ബസിന് പിന്നിലിടിച്ച ബൈക്ക് കത്തിച്ചാമ്പലായി; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
ചക്കരക്കല്‍: ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മതുക്കോത്ത് നിയന്ത്രണം വിട്ട് ബസിനു പുറകിലിടിച്ച ബൈക്ക് കത്തിയമര്‍ന്നത് യാത്രക്കാരിലും പ്രദേശവാസികളിലും പരിഭ്രാന്തി പരത്തി. കണ്ണൂര്‍- ഇരിട്ടി റോഡിലെ പ്രധാന ജങ്ഷനായ മതുക്കോത്താണ് സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് പൂര്‍ണമായി കത്തിച്ചാമ്പലായത്.
റോഡിലേക്ക് മറിഞ്ഞുവീണ ബൈക്കില്‍ നിന്നും തെറിച്ചുവീണ യാത്രക്കാരന്‍ തീയും പുകയും ഉയരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടു. ബൈക്ക് കത്തുന്നതു കണ്ടു അപകടത്തില്‍പ്പെട്ട ബസിലെ യാത്രക്കാരും മറ്റുവാഹനങ്ങളില്‍ അതുവഴി വന്നവരും ഇറങ്ങിയോടി രക്ഷപ്പെട്ടു. കണ്ണൂരില്‍ ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ജയ്സണ്‍ ബസും വട്ടക്കുളം സ്വദേശി റിത്വിക്കിന്റെ ബൈക്കും മതുക്കോത്തുവെച്ചാണ് അപകടത്തില്‍പ്പെട്ടത്.

ബസിന്റെ പുറകിലിടിച്ച ബൈക്കിന്റെ ടാങ്കിന് തീപിടിക്കുകയും ബൈക്ക് കത്തി നശിക്കുകയുമായിരുന്നു. ബൈക്ക് യാത്രക്കാരനായ റിത്വിക്ക് ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇയാള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഷോര്‍ട്ട്സര്‍ക്യൂട്ട് കാരണമാണ് ബൈക്കിന് തീപിടിച്ചതെന്നു കരുതുന്നു. വിവരമറിഞ്ഞ് ചക്കരക്കല്‍ പൊലിസും കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രക്കാരനായ വട്ടക്കുളം സ്വദേശി റിത്വിക്കിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ചു പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ബൈക്ക് അമിത വേഗതയിലാണോ സഞ്ചരിച്ചതെന്നറിയാന്‍ പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പൊലിസ് പരിശോധിക്കും. ഒരാഴ്ച്ച മുന്‍പ് കണ്ണൂര്‍ നഗരത്തിലെ കണ്ണോത്തും ചാലില്‍ കല്യാണ്‍ സില്‍ക്സിന്റെ മുന്‍വശം റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചിരുന്നു. പുതിയതെരുവിലും വളപട്ടണത്തും ഇതിനു സമാനമായി കാറുകള്‍ കത്തിനശിച്ചിരുന്നു. കൂത്തുപറമ്പ് തൊക്കിലങ്ങാടി പാലപ്പറമ്പില്‍ ഒരുവര്‍ഷം മുന്‍പ് ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു ഗുരുതരമായി പൊളളലേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചിരുന്നു.
സംഭവസ്ഥലത്ത് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തും. ബസിന്റെ പിന്‍ഭാഗത്ത് സാരമായ കേടുപാടുകള്‍ പറ്റിയിട്ടില്ല. തലനാരിഴയ്ക്കാന്‍ വന്‍ദുരന്തമൊഴിവായതെന്ന് ദൃക്സാക്ഷികളായ വ്യാപാരികളും നാട്ടുകാരും പറഞ്ഞു. വാഹനങ്ങളുടെ പരക്കം പാച്ചില്‍ ഈ റൂട്ടില്‍ നിരന്തരം അപകടമുണ്ടാക്കുന്നുവെന്ന പരാതിയും നാട്ടുകാര്‍ക്കുണ്ട്.












Click it and Unblock the Notifications