തലശ്ശേരിയെ നടുക്കി വീണ്ടും ലഹരിക്കൊല; മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ കുത്തിക്കൊന്ന് യുവാവ്
തലശേരി: തലശേരി താലൂക്കിനെ നടുക്കി വീണ്ടും ലഹരിക്കൊല. മദ്യലഹരിയില്‍ അക്രമാസക്തനായ ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊലപ്പെടുത്തി. ഇതോടെ ലഹരിയുമായി ബന്ധപ്പെട്ടു ഇത് മൂന്നാമത്തെ കൊലപാതകമാണ് തലശേരി മേഖലയില്‍ നടക്കുന്നത്. മദ്യലഹരിയില്‍ സ്ഥിരം വീട്ടില്‍ പ്രശ്നമുണ്ടാക്കിയിരുന്ന ധര്‍മടം ചിറക്കുനിയില്‍ ആയിശ ഹൗസില്‍ ആഷിഫിനെ (28)യാണ് അനുജന്‍ അഫ്‌സല്‍ വാക്കുതര്‍ക്കത്തിനിടെ കുത്തിക്കൊലപ്പെടുത്തിയത്.
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. മദ്യപിച്ച ആഷിഫുമായി അഫ്‌സല്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ അഫ്സലിന്റെ കൈപിടിവലിക്കിടെ മുറിഞ്ഞു. പ്രകോപിതനായ അഫ്‌സല്‍ കത്തി ഉപയോഗിച്ച് ആഷിഫിന്റെ വയറില്‍ കുത്തുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. നിലവിളികേട്ടു നാട്ടുകാരാണ് ആഷിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലിസും സ്ഥലത്തെത്തിയിരുന്നു.

തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയാണ് ആഷിഫ് മരിച്ചത്. അഫ്‌സലിനെ ധര്‍മടം പൊലിസ് അറസ്റ്റ് ചെയ്തു. അഫ്‌സല്‍ കുത്താന്‍ ഉപയോഗിച്ച കത്തി പൊലിസ് കണ്ടെടുത്തിട്ടുണ്ട്. കുത്തിപ്പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ അഫ്‌സലിനെ തലശേരി നഗരത്തില്‍ നിന്നും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
ആഷിഫ് പംബ്ലര്‍ തൊഴിലാളിയാണ്. വീട്ടില്‍ നിന്നു അധികദിവസവും ബഹളം കേള്‍ക്കാറുണ്ടെന്നു പരിസരവാസികള്‍ പറഞ്ഞതായി പൊലിസ് പറഞ്ഞു. മദ്യപിച്ചെത്തുന്ന ആഷിഫ് സ്ഥിരമായി ബഹളമുണ്ടാക്കുക പതിവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ധര്‍മടം പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്. ഇതേ ചൊല്ലി ആഷിഫും അഫ്സലും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.
ഈ വൈരാഗ്യമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. പരേതനായ അഷ്‌റഫിന്റെയും എം.പി ഫൗസിയുടെയും മകനാണ് ആഷിഫ്. മറ്റ് സഹോദരങ്ങള്‍: അര്‍ഷാദ്, അജിനാസ്, ഫാത്തിമ. കേസിലെ പ്രതിയായ അഫ്സലിനെ തിങ്കളാഴ്ച്ച തലശേരി കോടതിയില്‍ ഹാജരാക്കുമെന്ന് ധര്‍മടം പൊലിസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
രണ്ടുമാസം മുന്‍പാണ് തലശേരി നഗരത്തില്‍ ലഹരി വില്‍പനയെ ചൊല്ലിയുളള തര്‍ക്കത്തില്‍ ഇരട്ടക്കൊലപാതകം നടന്നത്. ഇതിനു ശേഷമാണ് മറ്റൊരു സംഭവം കൂടി നടക്കുന്നത്. തലശേരിയില്‍ ചേറ്റംകുന്നില്‍ പൂവനാഴി ഷമീര്‍, ബന്ധു ഖാദര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സി.പി.എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ട ഇരുവരും.












Click it and Unblock the Notifications