കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിൽ ഒരാള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്നുമണിക്കാണ് പളളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പരസ്പരം ഏറ്റുമുട്ടിയത്. കാപ്പതടവുകാരന്റെ മര്‍ദ്ദനമേറ്റ മോഷണ കേസിലെ പ്രതി നൗഫലിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് പതിനൊന്നാം ബ്‌ളോക്കിന് സമീപത്തുനിന്നാണ് മര്‍ദ്ദനമേറ്റത്. കാപ്പാ തടവുകാരനാണ് അക്രമിച്ചതെന്നാണ് പരാതി.
ഇയാള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പാതടവുകാരും സഹതടവുകാരായ മറ്റു കേസുകളിലെ പ്രതികളും തമ്മില്‍ ഏറ്റുമുട്ടുന്നത് ജയില്‍ വകുപ്പിന് തലവേദനയായിട്ടുണ്ട്. കാപ്പതടവുകാര്‍ തമ്മിലുളള ഏറ്റുമുട്ടലും ഇവിടെ പതിവാണ്. നിസാരകാര്യങ്ങളെ ചൊല്ലിയുളള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിക്കുന്നത്. നേരത്തെ ജയിലില്‍ സംഘര്‍ഷമുണ്ടാക്കിയ കാപ്പ തടവുകാരില്‍ ചിലരെ പൂജപ്പുരയിലേക്ക് മാറ്റിയിരുന്നു.

നേരത്തെ കോടതിയില്‍ ഹാജരാക്കുന്ന പ്രതികള്‍ക്ക്കഞ്ചാവ് ഒളിപ്പിച്ചെത്തിക്കുന്നവരെ പൊലിസ് പിടികൂടിയിരുന്നു. ജയിലിനകത്തേക്കു പോലും കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കാസര്‍കോട്ടുനിന്നും പച്ചക്കറിയുമായെത്തിയ ഗുഡ്‌സ് ഓട്ടോഡ്രൈവറെയാണ് പിടികൂടിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് ജയില്‍ സുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നേരത്തെ പൊലിസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും വ്യാപകമായിരിക്കുകയാണ്. ഇതുതടയുന്നതില്‍ ജയില്‍വാര്‍ഡര്‍മാര്‍ക്ക് വീഴ്ച്ച പറ്റുന്നതും ജയിലില്‍ ചില തടവുകാര്‍ പ്രത്യേക സൗകര്യങ്ങള്‍ അനുഭവിക്കുന്നതും സുരക്ഷാ ക്രമീകരണങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
അഞ്ചേക്കറോളം വ്യാപിച്ചു കിടക്കുന്ന പളളിക്കുന്നിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരത്തിലേറെ അന്തേവാസികള്‍ പാര്‍ക്കുന്നുണ്ട്. എന്നാല്‍ മതിയായ ജീവനക്കാരുടെ അഭാവവും ജയിലിലെ സുരക്ഷയെ അവതാളത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജയിലില്‍ മരിച്ച ഒരു തടവുകാരന് സഹതടവുകാരുടെ മര്‍ദ്ദനമേറ്റതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ കുറിച്ചു കൂടുതല്‍ അന്വേഷണമൊന്നും നടന്നിട്ടില്ല.












Click it and Unblock the Notifications