ആലക്കോട് കൊവിഡ് രോഗിയോടൊപ്പം ബസിൽ സഞ്ചരിച്ചു: ഡിഐജി ഓഫിസ് ജീവനക്കാരി ക്വാറന്റീനിൽ
തളിപ്പറമ്പ്: ആലക്കോട് മേഖലയിൽ മുംബൈയിൽ നിന്നെത്തിയ കൊവിഡ് രോഗി പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചത് പോലീസിനെയും ആരോഗ്യ പ്രവർത്തകരെയും വെട്ടിലാക്കി. ഇതോടെ ഇയാളുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവർക്കായി ആലക്കോട് പോലീസ് തെരച്ചിൽ തുടങ്ങി. ഏകദേശം നൂറിലേറെപ്പേരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഇതിനിടെ പരപ്പയിലെത്തിയ കൊവിഡ് രോഗിക്കൊപ്പം ബസിൽ യാത്ര ചെയ്ത ജീവനക്കാരി ക്വാറന്റൈനിൽ പ്രവേശിച്ചതിനെ തുടർന്ന് കണ്ണൂർ ഡിഐജി ഓഫിസിലെ മിനിസ്റ്റീരിയല്‍ വിംഗ് അടച്ചിട്ടുണ്ട്. കഴിഞ്ഞ 29നാണ് മഹാരാഷ്ട്രയിൽ നിന്നും കൊവിഡ് ബാധിതനായ ഇയാൾ ആലക്കോട്ടെത്തിയത്. തളിപ്പറമ്പ്-ചെറുപുഴ ബസിൽ സർവിസ് നടത്തിയ സാഗര ബസിലാണ് ഇയാൾ യാത്ര ചെയ്തത്. അന്നേ ദിവസം വൈകുന്നേരം അഞ്ചരയ്ക്കാണ് തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടത് കണ്ണൂർ ഡിഐജി ഓഫിസിലെ ജീവനക്കാരി ഈ ബസിലാണ് ചെറുപുഴയിലേക്ക് യാത്ര തിരിച്ചത്.

കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കമുണ്ടായതിനെ തുടർന്ന് നാല് ദിവസത്തേയ്ക്ക് ഓഫീസ് അടച്ചിട്ടിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ നിന്നെത്തിയ യുവാവിനോടൊപ്പം ബസില്‍ യാത്ര ചെയ്തിരുന്ന വിവരം വ്യക്തമായതിനെ തുടർന്ന് ആലക്കോട് പോലീസാണ് ഡിഐജി ഓഫീസിലെ വനിതാ ജീവനക്കാരിയോടു ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചത്.
കഴിഞ്ഞ 29ന് ഇവർ കണ്ണൂരിൽനിന്നു ചെറുപുഴയിലേക്കു യാത്ര ചെയ്ത സ്വകാര്യ ബസിലാണു കൊവിഡ് ബാധിച്ചയാൾ ഉണ്ടായിരുന്നത്. തുടർന്നുള്ള ദിവസങ്ങളിലും ഇവർ ഓഫിസിൽ വന്നിരുന്നു. ഇക്കാരണത്താൽ തിങ്കളാഴ്ച വരെ ജീവനക്കാർ ആരും ഡിഐജി ഓഫിസിൽ വരേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്. ഇതോടെ കണ്ണൂരിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഡിഐജി ഓഫിസിനെ തന്നെ മഹാമാരി താളം തെറ്റിച്ചിരിക്കുകയാണ്.
ഇതിനിടെ ബുധനാഴ്ച്ച കണ്ണൂർ ജില്ലയില്‍ രണ്ടുപേര്‍ക്കു കൂടി പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മെയ് 19-ന് കുവൈത്തില്‍ നിന്ന് ഐഎക്സ് 790 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ ധര്‍മടം സ്വദേശി 42കാരനാണ് ഒരാള്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ തലശ്ശേരി സ്വദേശി 35കാരനാണ് മറ്റൊരാള്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 238 ആയി. ഇതില്‍ 130 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുപുഴ സ്വദേശി 49 കാരനും കണ്ണപുരം സ്വദേശി 33 കാരനും രോഗം ഭേദമായി ഇന്ന് വീട്ടിലേക്ക് മടങ്ങിയത്.
നിലവില്‍ ജില്ലയില്‍ 9361 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 59 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 29 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 94 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 29 പേരും, വീടുകളില്‍ 9150 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 7813 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 6970 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 6540 എണ്ണം നെഗറ്റീവാണ്. 843 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും കലക്ടർ അറിയിച്ചു.












Click it and Unblock the Notifications