'എന്റെ മകന് സംഭവിച്ചത് ഇനിയാര്‍ക്കും സംഭവിക്കരുത്'; പ്രതിഷേധ ധര്‍ണയില്‍ നിഹാലിന്റെ പിതാവും
തലശ്ശേരി: മുഴപ്പിലങ്ങാട് കെട്ടിനകത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ച നിഹാലിന്റെ പിതാവ് നൗഷാദ് കണ്ണൂര്‍ ഡിസ്ട്രിക്ട് പരിവാറെന്ന സംഘടന കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കാനെത്തി. തന്റെ മകനെപ്പോലെ ഇനിയൊരാള്‍ക്കും ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാകരുതെന്നും ഭിന്നശേഷിക്കാരായ കുട്ടികളെ തെരുവുനായയുടെ അക്രമത്തില്‍ നിന്നും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും നൗഷാദ് പറഞ്ഞു.
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. നിഹാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, മാലിന്യ സംസ്‌കരണ പദ്ധതികള്‍ കാര്യക്ഷമമാക്കുക, ഭിന്നശേഷി വ്യക്തികളുടെ സുരക്ഷ ഉറപ്പ് വരുത്തുക, തെരുവ് പട്ടികളെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംഘടന ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പില്‍ ധര്‍ണ നടത്തിയത്.

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും ഭിന്നശേഷിക്കാരെ രക്ഷിക്കണമെന്ന ആവശ്യവുമായി കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ നിറകണ്ണേടെയാണ് നൗഷാദെത്തിയത്. സംസാരിക്കുമ്പോള്‍ വാക്കുകള്‍ ഇടറുകയും മകനെ കുറിച്ചു ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് നിറയുകയും ചെയ്തു. ഗള്‍ഫില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന നൗഷാദ് മകന്റെ മരണമറിഞ്ഞു നാട്ടിലെത്തിയെങ്കിലും പൊന്നോമനയുടെ മുഖമൊന്നു കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല.
ഓട്ടിസം ബാധിതനായ നിഹാല്‍ സംസാരശേഷിയില്ലെങ്കിലും എല്ലാത്തിനും മിടുക്കനായിരുന്നു. സാധാരണ കുട്ടികളെപ്പോലെയാണ് അവന്‍ ജീവിച്ചത്. വിധിയുടെ ക്രൂരതയോട് പൊരുതി കയറി ജീവിതത്തിലേക്ക് കടന്നുവരുമ്പോഴാണ് തെരുവുനായ്ക്കള്‍ ആ കുഞ്ഞു ജീവന്‍ അപഹരിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയകുമാര്‍ ബ്ലാത്തൂര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി അവകാശ നിയമം പൂര്‍ണതോതില്‍ നടപ്പിലാക്കുക, നിഹാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, മാലിന്യ സംസ്‌കരണ പദ്ധതികള്‍ കാര്യക്ഷമമാക്കുക, ഭിന്നശേഷി വ്യക്തികളുടെ സുരക്ഷ ഉറപ്പ് വരുത്തുക, തെരുവ് പട്ടികളെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുക, പഞ്ചായത്ത് തലത്തില്‍ ഭിന്നശേഷി സൗഹൃദ വലയം രൂപികരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം.
വി മുരളീധരന്‍ അധ്യക്ഷനായി. ടി രമേശന്‍, എംപി കരുണാകരന്‍, ആര്‍ടിസ്റ്റ് ശശികല, ബാലകൃഷ്ണന്‍ അഴിക്കോട്, സതി വില്‍സന്‍, ഷാനിദ് എന്നിവര്‍ സംസാരിച്ചു. സല്‍മത്ത് ബീവി, എസ് എം മുംതാസ്, ഷീന സുരേഷ്, എം ഷാക്കിറ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. അംഗപരിമിതരായ പ്രായപൂര്‍ത്തിയായവരടക്കം നൂറുകണിക്കനാളുകളാണ് സമരത്തില്‍ പങ്കെടുത്തത്.












Click it and Unblock the Notifications