ജ്വല്ലറി ജീവനക്കാരിയുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
കണ്ണൂര്‍: കണ്ണൂരിലെ ജ്വല്ലറി ജീവനക്കാരിയായ യുവതി കടലില്‍ ചാടി മരിച്ച സംഭവത്തിനു പിന്നില്‍ സാമ്പത്തിക തട്ടിപ്പാണെന്ന ആരോപണവുമായി ബന്ധുക്കള്‍. സ്വര്‍ണവും പണവും തട്ടിയെടുത്ത് യുവതിയെ വഞ്ചനയ്ക്കിരയാക്കിയെന്നാണ് ആരോപണം. ഇതോടെ പൊലീസ് സംഭവത്തെ കുറിച്ചു വിശദമായ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ പയ്യാമ്പലത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബേബി ബീച്ചിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കേസിലെ ദുരൂഹത കണ്ടെത്താന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കേസ് ശാസ്ത്രീയ അന്വേഷണം നടത്തും. യുവതിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പരാതിയിലാണ് കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തത്. കണ്ണൂര്‍ കൃഷ്ണാ ജ്വല്ലേഴ്‌സ് ജീവനക്കാരിയും അഞ്ചുകണ്ടി സ്വദേശിനിയുമായ വി കെ റോഷിത (32) യാണ് മരിച്ചത്. മരണത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്ന് കാണിച്ച് ഭര്‍ത്താവ് പ്രമിത്തും ബന്ധുക്കളും സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

കണ്ണൂര്‍ എസിപി ടികെ രത്‌നകുമാറിനാണ് അന്വേഷണ ചുമതല. യുവതിയുടെ ആഭരണങ്ങള്‍ വില്‍പന നടത്തിയിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇവര്‍ ആരുടെയെങ്കിലും പ്രേരണയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുക. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്കാണ് റോഷിതയെ പയ്യാമ്പലം ബേബി ബീച്ചിനരികെയുള്ള കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തികമായി റോഷിത ചതിക്കപ്പെട്ടിരുന്നോയെന്നാണ് പൊലീസ് അന്വേഷിച്ചു വരുന്നത്. ആറു ലക്ഷം രൂപ റോഷിത തന്റെ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതായും മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണം വില്‍പന നടത്തിയതായും പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. താന്‍ മരിക്കുന്നുവെന്ന സന്ദേശം റോഷിത വാട്ട്‌സാപ്പ് സ്റ്റാറ്റസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടില്‍ നിന്നും ജ്വല്ലറിയിലേക്ക് യാത്ര തിരിച്ച ഇവരെ കാണാതായത്.
ഇതോടെയാണ് ബന്ധുക്കളും പൊലിസും തെരച്ചില്‍ തുടങ്ങിയത്. സംഭവ ദിവസം വൈകുന്നേരം റോഷിത ബേബി ബീച്ചിനടുത്തെ മസ് കോര്‍ട്ട് പാരഡൈസില്‍ ചായ കുടിക്കാന്‍ കയറുന്നതും അതിനു ശേഷം മൊബൈല്‍ ഫോണും പേഴ്‌സും മേശയില്‍ വെച്ചതിനു ശേഷം സെക്യൂരിറ്റിക്കാരനോട് എന്തോ പറഞ്ഞ് അവിടെ നിന്നു ഇറങ്ങി പോകുന്നതായുളള വീഡിയോ ദൃശ്യം പുറത്തു വന്നുണ്ട്.
ഇതു കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തും. അതീവ ഗുരുതരമായ സാമ്പത്തിക കെണിയില്‍ റോഷിത അകപ്പെട്ടു പോയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. കണ്ണൂര്‍ താവക്കരയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇവിടെ നിന്നും പ്രതീക്ഷിച്ച പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്നു റോഷിത.
അത്യാവശ്യ കാര്യത്തിന് കടം നല്‍കി സഹായിക്കണമെന്ന് അടുപ്പമുള്ളവരോട് ആവശ്യപ്പെട്ടിട്ട് അവരും സഹായിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് ഇന്ന് പണം കൊണ്ടല്ലാതെ താന്‍ വരില്ലെന്നും തന്നെ പിന്നെ കാണില്ലന്നും ഭര്‍ത്താവ് പ്രമിത്തിനോട് റോഷിത പറഞ്ഞത്. അന്നേ ദിവസം രാവിലെ വീട്ടില്‍ നിന്നും ജ്വല്ലറിയിലേക്ക് ഇറങ്ങിയ റോഷിത ഉച്ചയ്ക്ക് രണ്ടു മണിയോടെ അഞ്ചു കണ്ടിയിലെ വീട്ടിലേക്ക് വീണ്ടും തിരിച്ചു വന്നിരുന്നു. ശേഷം ഇളയ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയതിനു ശേഷമാണ് ജ്വല്ലറിയിലേക്ക് മടങ്ങിയത്.












Click it and Unblock the Notifications