കൂട്ടുപുഴ പാലത്തിന് സമീപം കാറില്‍ കടത്തവെ എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
ഇരിട്ടി: കൂട്ടുപുഴ പാലത്തില്‍ വെച്ചു കര്‍ണാടകയില്‍ നിന്നും കാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. മൈസൂരില്‍ നിന്നും അഞ്ച് ചെക്ക് പോസ്റ്റുകള്‍ കടന്നാണ് എം.ഡി.എം.എയുമായി ഇരിട്ടിലെത്തിയ രണ്ടംഗസംഘം വലയിലായത്. മട്ടന്നൂര്‍ നടുവനാട് സ്വദേശി അമല്‍ ശ്രീധരന്‍(25) ഇരിട്ടി കല്ലുമുട്ടി സ്വദേശി ശരത് ദിനേശന്‍(34) എന്നിവരാണ് കൂട്ടുപുഴ പാലത്തിനടുത്തുളള കല്ലുമുട്ടിയില്‍ നിന്നും പിടിയിലായത്.
കര്‍ണാടകയിലെ രണ്ടും കേരളത്തിലെ മൂന്നും ചെക്ക് പോസ്റ്റുകളും കടന്നെത്തിയ സംഘത്തെ കല്ലുമുട്ടിയില്‍ വെച്ചാണ് ഇരിട്ടി എസ്.ഐ സുനില്‍കുമാറും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളായവര്‍ക്ക് മയക്കുമരുന്ന് റാക്കറ്റുമായുളള ബന്ധത്തെ കുറിച്ചും ഇവര്‍ ഇതിന് മുന്‍പും സമാനമായ കുറ്റകൃത്യത്തില്‍ അംഗങ്ങളാണോയെന്നും അന്വേഷിച്ചുവരുന്നതായി ഇരിട്ടി സി.ഐ കെ.ജെ വിനോയ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മയക്കുമരുന്ന് വില്‍പന വ്യാപകമായതിനെ തുടര്‍ന്ന് കര്‍ണാടക അതിര്‍ത്തി പ്രദേശമായ കൂട്ടുപുഴയില്‍ പൊലിസ്, എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ നഗരങ്ങളായ ബംഗ്ളൂര്, മൈസൂര് എന്നിവടങ്ങളില്‍ നിന്നാണ് അതിര്‍ത്തി വഴി കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്തുന്നത് നേരത്തെ കര്‍ണാടക എക്സൈസ് വകുപ്പും കൂട്ടുപുഴയില്‍ സ്ഥിരം ചെക്ക് പോസ്റ്റ് സംവിധാനമൊരുക്കിയിരുന്നു.
സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ കര്‍ണാടകയിലെ നഗരങ്ങളിലെ രഹസ്യകേന്ദ്രങ്ങളില്‍ നിന്നാണ് ഇടപാടുകാര്‍ക്ക് ലഭിക്കുന്നത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാറിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഷാഡോ പൊലീസും മയക്കുമരുന്ന് കടത്ത് പിടികൂടാന്‍ രംഗത്തുണ്ട്്. ട്രെയിന്‍ മാര്‍ഗമുളള മയക്കുമരുന്ന് കടത്ത് പിടികൂടാന്‍ റെയില്‍വെ പൊലീസും റെയ്ഡ് നടത്തിവരികയാണ്.












Click it and Unblock the Notifications