കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ച് കൊന്ന് കുഴിച്ചുമൂടി; മാംസം നശിപ്പിച്ചതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം
കണ്ണൂര്‍: കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ച് കൊന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം. മീന്തുള്ളിയില്‍ നിര്‍മാണം നടന്ന് വരുന്ന വയലില്‍ ബേബിയുടെ കിണറ്റില്‍ ആണ് കാട്ടുപന്നി വീണത്. ഒരു ക്വിന്റലില്‍ മീതെ തൂക്കമുള്ള കാട്ടുപന്നി ആണ് കിണറ്റില്‍ വീണത്.
കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു കിണറ്റില്‍ വീണ നിലയില്‍ കാട്ടുപന്നിയെ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എഫ് അലക്‌സാണ്ടറെ വിവരം അറിയിക്കുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശം പ്രകാരം സ്ഥലത്ത് എത്തിയ വനം വകുപ്പ് എം പാനല്‍ ഷൂട്ടര്‍ വിജയകുമാര്‍ ആണ് കാട്ടുപന്നിയെ വെടി വെച്ച് കൊന്നത്.
കിണറ്റില്‍ വീണെങ്കിലും കാട്ടുപന്നി അക്രമസ്വഭാവം കാണിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കാട്ടുപന്നിയെ വെടി വെച്ച് കൊന്നത്. തുടര്‍ന്ന് മാംസം ഭക്ഷ്യയോഗ്യമല്ലാതാക്കിയ ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു ആഴത്തില്‍ കുഴിയുണ്ടാക്കി മറവ് ചെയ്യുകയായിരുന്നു.
അതേസമയം കാട്ടുപന്നിയുടെ മാംസം കുഴിച്ച് മൂടിയത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കി. കാട്ടുപന്നിയുടെ മാംസം പണം നല്‍കി വാങ്ങാന്‍ ഒട്ടേറെ ആളുകള്‍ തയാറായിരുന്നു. എന്നാല്‍ ആര്‍ക്കും ഉപയോഗമല്ലാത്ത വിധം ബ്ലീച്ചിങ് പൗഡറും ഡീസലും ഒഴിച്ച് മാംസം നശിപ്പിച്ച് ശേഷമാണ് സംസ്‌കരിച്ചത്. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
അതേസമയം വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. കാട്ടുപന്നിയെ കൂടാതെ പുറമെ കുരങ്ങന്‍, മുള്ളന്‍പന്നി, മയില്‍ തുടങ്ങിയവയുടെ ശല്യം മീന്തുള്ളിയിലും മലയോരത്തും രൂക്ഷമാണ്. കപ്പ, ചേമ്പ്, പച്ചക്കറി, വാഴ, തെങ്ങ്, കമുക് തുടങ്ങിയവ എല്ലാം കാട്ടുമൃഗങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications