ഹെല്‍മറ്റിടാതെ ബൈക്കോടിച്ചത് എഐ ക്യാമറ പൊക്കിയത് 155 തവണ; യുവാവിന് ലഭിച്ച പിഴത്തുക കേട്ടോ..!
പയ്യന്നൂര്‍: എഐ ക്യാമറയില്‍ 155 തവണ ഹെല്‍മറ്റിടാതെ ചീറിപ്പാഞ്ഞ യുവാവിന് 86,500 രൂപ പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത് നിയമപരമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ഇത് സംബന്ധിച്ചുയര്‍ന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍.പഴയങ്ങാടിക്കടുത്തെ മാട്ടൂലില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് ഹെല്‍മറ്റിടാതെ ഇരുചക്രവാഹനമോടിക്കുന്നത് എഐ ക്യാമറയില്‍ 155 തവണ കിട്ടിയിരുന്നു.
86500 രൂപ പിഴയടക്കാനുളള രസീതുമായി എംവിഡി വീട്ടില്‍ വന്നപ്പോഴാണ് യുവാവ് ഞെട്ടിയത്. മാട്ടൂല്‍ സ്വദേശിയായ യുവാവാണ് എ ഐ ക്യാമറയുടെ കെണിയില്‍പ്പെട്ടത്. ഇത്ര വലിയ പിഴയീടാക്കാന്‍ നോട്ടീസ് നല്‍കിയത് സംസ്ഥാനത്തു തന്നെ ആദ്യ സംഭവമാണ്. ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനു പുറമെ എഐ ക്യാമറയ്ക്കു മുന്‍പില്‍ നിന്നും പരിഹാസ ചിരിയും ഗോഷ്ടി ക്കകാണിക്കുകയും ചെയ്തുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.

ഇതേ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പലതവണ ഇയാളുടെ മൊബൈല്‍ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശം അയക്കുകയും വീട്ടിലേക്ക് കത്തയക്കുകയും ചെയ്തുവെങ്കിലും യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ല. ഇത് ഗൗനിക്കാതെ ഇയാള്‍ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചുവെന്നാണ് പറയുന്നത്. ഒടുവില്‍ നിയമത്തെ വെല്ലുവിളിച്ച യുവാവിനെ തേടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ കുടുങ്ങിയെന്ന് മനസിലായത്.
86,500 രൂപ പിഴയടക്കാനുളള രസീതില്‍ ബൈക്ക് വിറ്റാല്‍ പോലും ഈ സംഖ്യ അടയ്ക്കാനാവില്ലെന്നു ഇയാള്‍ കരഞ്ഞ് പറഞ്ഞുവെങ്കിലും നിയമത്തിന്റെ മുന്‍പില്‍ തങ്ങള്‍ നിസഹായരാണെന്നാണ് എംവിഡി അറിയിച്ചത്. ഒരുവര്‍ഷത്തേക്ക് ഇയാളുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. മോട്ടോര്‍ വാഹനവകുപ്പ് എഐ ക്യാമറയില്‍ നിയമലംഘനങ്ങള്‍ക്ക് കുടുങ്ങിയവര്‍ക്ക് പിഴയടക്കാനുളള നോട്ടീസ് അയച്ചുവരികയാണെന്നാണ് വിവരം.
ഇതിന്റെ ഭാഗമായാണ് മാട്ടൂലിലെ യുവാവും കുടുങ്ങിയത്. എഐ ക്യാമറസ്ഥാപിച്ചതു മുതല്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അപകടമരണങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. അതുകൊണ്ടു തന്നെ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ അതിശക്തമായ നടപടികളുമായി മുന്‍പോട്ടു പോകാനാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെ തീരുമാനം.












Click it and Unblock the Notifications