കോണ്‍ഗ്രസ് വിടുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നു മാത്രമേ പറയാനാകൂ: കെ സുധാകരൻ
കണ്ണൂർ: ധർമ്മടത്ത് മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ കൂടുതൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഭൂരിപക്ഷം സ്ഥാനാർത്ഥി നിർണ്ണയവും പൂർത്തിയായെങ്കിലും ധർമ്മടത്ത് മാത്രമാണ് അവസാന നിമിഷം വരെയും അനിശ്ചിതാവസ്ഥ നിലനിന്നത്. പ്രശ്ന പരിഹാരത്തിനായി കോൺഗ്രസിലെ കരുത്തുറ്റ നേതാവ് കെ സുധാകരൻ തന്നെ മത്സരിക്കട്ടെയെന്ന നിലപാടാണ് പാർട്ടിയും കോൺഗ്രസ് ഹൈക്കമാൻഡും സ്വീകരിച്ചത്. ആദ്യം മുതൽ തന്നെ ഈ നീക്കം തള്ളിക്കളയുന്ന നിലപാടാണ് സുധാകരൻ സ്വീകരിച്ചത്.

മുന്നൊരുക്കങ്ങള്‍ നടത്തിയില്ല
കോണ്‍ഗ്രസ് വിടുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നു മാത്രമേ പറയാനാകുവെന്നാണ് കെ സുധാകരന്റെ പ്രതികരണം. നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ ധര്‍മ്മടത്ത് മത്സരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്‍ റോഡ് ടു വോട്ട് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുധാകരന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പ് താൻ ആവശ്യമായ മുന്നൊരുക്കങ്ങള്‍ പാര്‍ട്ടി നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന് ക്ഷീണമാകുമെന്ന്
കോൺഗ്രസിനെതിരെ വിമർശനമുന്നയിച്ച സുധാകരൻ പാര്‍ട്ടിയ്ക്കകത്ത് ജനാധിപത്യമില്ലെന്നും ദേശീയ തലത്തില്‍ വിമതര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നും ചൂണ്ടിക്കാണിച്ചു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസിന് വലിയ ക്ഷീണമാകുമെന്നും സുധാകരന്‍ പറഞ്ഞു. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഭരണം മാറുന്ന രീതി കേരളത്തില്‍ മാറിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

തുറന്ന പ്രതിഷേധം
ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ കെ സുധാകരൻ അതിനുള്ള കാരണവും വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് പത്രിക നല്‍കി കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥ് പത്രിക നല്‍കിയ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം. നേരത്തെ സി രഘുനാഥിനെ പാര്‍ട്ടി പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെ സുധാകരനെ പരിഗണിക്കുന്ന കാര്യം ചർച്ചയായത്. വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നൽകാൻ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെയാണ് സി രഘുനാഥ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്നത്. ഇതോടെ കോൺഗ്രസ് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

ആവശ്യം തള്ളി
ധര്‍മ്മടത്ത് മുഖ്യമന്ത്രിയ്‌ക്കെതിരെ കെ സുധാകരന്‍ തന്നെ ഇത്തവണ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും തുറന്ന് പറഞ്ഞിരുന്നു. ധര്‍മ്മടത്തെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് വ്യാഴാഴ്ച ഉച്ചയോടെ വ്യക്തതയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. കെ സി വേണുഗോപാലും വിഡി സതീശനും സുധാകരന്റെ സ്ഥാനാര്‍ത്ഥിയാകുന്നതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനത്തില്‍ നന്ദിയുണ്ടെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യത്തിന് സമയമില്ലെന്നും അതുകൊണ്ട് തന്നെ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കാനുള്ള ചുറ്റുപാടില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാണിച്ചിരുന്നു.












Click it and Unblock the Notifications