മാലൂരിൽ വയോധികയുടെ മരണം കൊലപാതകം: മകൾ കസ്റ്റഡിയിലെന്ന് പോലീസ്
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയ്ക്കടുത്തുള്ള മാലൂരിൽ വയോധികയുടെ മരണം കൊലപാതകമാണെന്ന് പൊലിസ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് മാലൂരിൽ
വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊ 'ലപാതക മെന്ന് പോലീസ് കണ്ടെത്തിയത്. കൊല നടത്തിയത് മകൾ ഷെർളിയെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിനു ശേഷം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് മാലൂർ കപ്പറ്റപ്പൊയിൽ കോറോത്ത് ലക്ഷം വീട്ടിലെ കെ. നന്ദിനിയെ (79) വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ നിലത്താണ് വയോധികയെ മരിച്ച നിലയിൽ കണ്ടത്. തലക്കും ശരീരത്തിലും പരുക്കുകളുണ്ടായിരുന്നു. വീട്ടിൽ നന്ദിനിയുടെ കൂടെ മകൾ ഷെർളിയും ഭർത്താവ് ഭാസ്കരനുമാണ് താമസിച്ചിരുന്നത്.

സംഭവം അറിഞ്ഞു പേരാവൂർ സിഐയും മാലൂർ പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തുകയും മരണത്തിൽ സംശയമുയർന്നതിനാൽ വീട്ടുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ താനാണ് അമ്മയെ കൊന്നതെന്ന് മകൾ മൊഴി നൽകിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇരുമ്പ് വടി ഉപയോഗിച്ചു നന്ദിനിയുടെ തലയ്ക്ക് അടിക്കുകയും കഴുത്തിനു ചവിട്ടുകയുമായിരുന്നുവെന്നാണ് മൊഴി. അന്നേ ദിവസംരാവിലെതന്നെ മരിച്ചിട്ടും വൈകുന്നേരമാണ് സംഭവം പുറലോകം അറിയുന്നത്.
അയൽവീട്ടുക്കാരെ പോലും അറിയിക്കാതെ ബന്ധുവിനെ വിളിച്ചു അമ്മ മരിച്ചതായി അറിയിക്കുകയായിരുന്നു. ബന്ധുവെത്തി നോക്കിയപ്പോഴാണ് മരണത്തിൽ സംശയം ഉന്നയിച്ചു പോലീസിനെ അറിയിച്ചത്. പ്രായമായ അമ്മയെ നോക്കാൻ കഴിയാത്തത് കൊണ്ടാണ് തലയ്ക്ക് അടിച്ചു കൊന്നതാണെന്നാണ് ഷേർളി പോലീസിനോട് പറഞ്ഞതെന്ന് അന്വേഷണ സംഘം അറിയിച്ചു. സംഭവ ദിവസം പോലീസ് വീട് പൂട്ടി പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഞായറാഴ്ച്ച രാവിലെ മൃതദേഹം സിഐ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.
തുടർന്നു പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മരണത്തിൽ സംശയമുള്ളതിനാൽ കണ്ണൂരിൽ നിന്നും ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കതിനു ശേഷം ഷേർളിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു. എന്നാൽ കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലിസ് അന്വേഷിച്ചുവരികയാണ്.
കണ്ണൂർ ജില്ലയുടെ മലയോരത്ത് പ്രായമേറിയ സ്ത്രീകൾ കൊല്ലപ്പെടുന്നത് വർധിച്ചു വരുന്നതായി പൊലിസ് റിപ്പോർട്ടിൽ പറയുന്നു. ഭുരിഭാഗം വയോധികരും ബന്ധുക്കളാലാണ് കൊല്ലപ്പെടുന്നത്. മോഷ്ടാക്കളാലും അയൽവാസികളാലും കൊല്ലപ്പെടുന്നവരും കുറവല്ല. ഇരിക്കൂറും ചെറുപുഴയിലും വയോധികരായ സ്ത്രീകൾ വീടിനകത്ത് വെച്ച് കൊല്ലപ്പെട്ട കേസിൽ ഇനിയും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ലോക്കൽ പൊലിസിൽ നിന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും എങ്ങുമെത്താതെ അവസാനിപ്പിക്കുകയായിരുന്നു. ഈ രണ്ടു കേസുകളും സി.ബി.ഐക്ക് വിടണമെന്ന് പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ട് ആവശ്യപ്പെട്ടിട്ടും നടന്നിട്ടില്ല.












Click it and Unblock the Notifications