തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റാനുള്ള ഉത്തരവ് നടപ്പാക്കില്ലെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍
കണ്ണൂര്‍: സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കില്ലെന്ന തീരുമാനവുമായി യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ രംഗത്തു വന്നതോടെ കൗണ്‍സില്‍ യോഗം പ്രതിപക്ഷ ബഹളത്തിനും നാടകീയ സംഭവവികാസങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച പ്രതിപക്ഷം ശനിയാഴ്ച്ച രാവിലെ പതിനൊന്നു മണിക്ക് നടന്ന നഗരസഭാ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചതിനു ശേഷം കോര്‍പറേഷന്‍ കാര്യാലയത്തിന് മുന്‍പില്‍ ധര്‍ണ നടത്തി.
തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടുകള്‍ ഉടന്‍ ട്രഷറിയിലേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ ഉത്തരവിനെ ചൊല്ലിയാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ പോര് ബഹിഷ്‌കരണത്തിലെത്തിയത്. പൊതു ആവശ്യ ഫണ്ടും തനത് ഫണ്ടും പ്രാദേശിക സര്‍ക്കാരുകള്‍ ലോക്കല്‍ ഗവ. ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനാണ് ധനവകുപ്പ് അഡീഷനല്‍ സെക്രട്ടറി പുറപ്പെടുവിപ്പിച്ച സര്‍ക്കുലറിലുള്ളത്. എന്നാല്‍ ഈ സര്‍ക്കുലര്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ നടപ്പിലാക്കില്ലെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

നിലവിലെ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാര്‍ സൃഷ്ടിയാണെന്നും ധൂര്‍ത്തും അഴിമതിയുമാണ് നടക്കുന്നതെന്നും അതിന് ചെലവഴിക്കാന്‍ കോര്‍പറേഷന്റെ ഫണ്ട് നല്‍കാന്‍ സാധിക്കില്ലെന്നും മുന്‍ മേയറും കൗണ്‍സിലറുമായ ടി.ഒ മോഹനന്‍ പറഞ്ഞു. ഡിസംബര്‍ മാസം ലഭിക്കേണ്ട ബജറ്റ് വിഹിതം മൂന്നാം ഘടു കഴിഞ്ഞ വ്യാഴായ്ചയാണ് പാസാക്കിയത്. എന്നാല്‍ വെള്ളിയാഴ്ച മാത്രമാണ് ട്രഷറിയില്‍ നിന്ന് ബില്‍ മാറാന്‍ സമയം അനുവദിച്ചത്. ഇത് തന്നെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനണെന്നും ടിഒ മോഹനന്‍ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കുമ്പോള്‍ ആ പണം കൂടിയ സര്‍ക്കാര്‍ മറ്റാവശ്യത്തിന് ഉപയോഗിക്കുകയാണെന്ന് ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ അനുവദിച്ച തുക ഫലപ്രദമായി ചെലവഴിക്കാന്‍ കോര്‍പറേഷന് സാധിച്ചിട്ടില്ലെന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍ എന്‍. സുകന്യ പറഞ്ഞു. 2021-22 വര്‍ഷം പ്ലാന്‍ ഫണ്ടിന്റെ 40.58 ശതമാനവും 2022-23 വര്‍ഷം 32.63 ശതമാനവും മാത്രമാണ് കോര്‍പറേഷന്‍ ചെലവഴിച്ചത്. ഫണ്ടിന്റെ 80 ശതമാനം ചെലവഴിച്ചാല്‍ മാത്രമേ ബാക്കി തുക അടുത്തവര്‍ഷം ലഭിക്കുകയുള്ളു.
ഇതെല്ലാം മറച്ച് വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള നടപടിയാണ് കോര്‍പറേഷന്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് എന്‍ സുകന്യ പറഞ്ഞു. ചര്‍ച്ചക്കൊടുവില്‍ തനത് ഫണ്ട് ഉപയോഗിച്ചാണ് കേര്‍പറേഷന്റെ പദ്ധതി വിഹിതം നടത്തുന്നതെന്നും അതിനാല്‍ സര്‍ക്കാരിന്റെ സര്‍ക്കുലര്‍ തല്‍ക്കാലം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും മേയര്‍ മുസ്ലിഹ് മഠത്തില്‍ പറഞ്ഞതോടെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി കൗണ്‍സില്‍ ഹാളിന് നടുവിലെത്തി മുദ്രാവാക്യം വിളിക്കുകയും യോഗം ബഹിഷ്‌ക്കരിച്ച് കൗണ്‍സില്‍ ഹാളിന് പുറത്തേക്ക് പോയി കോര്‍പറേഷന്‍ കവാടത്തില്‍ ധര്‍ണ നടത്തി പ്രതിഷേധിക്കുകയും ചെയ്തു. കോര്‍പറേഷന്റെ ഭരണ പരാജയം മറച്ചു പിടിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ പഴിചാരുകയാണെന്ന് ധര്‍ണ നടത്തിക്കൊണ്ടു പ്രതിപക്ഷം ആരോപിച്ചു.












Click it and Unblock the Notifications