കലക്ട്രേറ്റിലെ സുരക്ഷാ വീഴ്‌ച; കണ്ണൂർ ടൗൺ എസ്‌ഐക്കെതിരായ വകുപ്പ് തല അന്വേഷണം പൂർത്തിയായി
കണ്ണൂര്‍:ഭരണസിരാകേന്ദ്രമായ കണ്ണൂര്‍ കലക്ടറേറ്റ് വളപ്പില്‍ കേരള ഗവ.നഴ്‌സസ് അസോസിയേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ കല്യാശേരി മണ്ഡലം എം. എല്‍. എ എം.വിജിനെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.പി ഷമീലിനെതിരെയുളള അന്വേഷണം പൂര്‍ത്തിയായി. കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാറാണ് എം. എല്‍. എയുടെ പരാതിയില്‍ തെളിവെടുപ്പ് നടത്തിയത്.
അന്വേഷണ റിപ്പോര്‍ട്ട് ജനുവരി ഏഴിന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍.അജിത്ത് കുമാറിന് കൈമാറും. കണ്ണൂര്‍ ടൗണ്‍ എസ്. ഐ പി.പി ഷമീല്‍, നഴ്‌സസ് അസോസയേഷന്‍ ഭാരവാഹികള്‍, പിങ്ക് പൊലിസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍, എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കലക്ടറേറ്റ് വളപ്പിലെ ആംഫി തീയേറ്ററില്‍ നഴ്‌സുമാര്‍ നടത്തിയ പ്രതിഷേധ സമരത്തിനിടെ പ്രോട്ടോകോള്‍ ലംഘിച്ചു എം. എല്‍. എയുമായി വാക്കേറ്റം നടത്തിയതും കേസെടുക്കുമെന്നു ഭീഷണി സ്വരത്തില്‍ പറഞ്ഞതിലും എസ്.ഐയ്ക്കു വീഴ്ചപറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

എസ്. ഐയെ സ്ഥലം മാറ്റണമെന്ന ആവശ്യത്തില്‍ എം. എല്‍. എയും സി.പി. എം നേതൃത്വവും ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന. എല്‍.ഡി. എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, സി.പി. എംകണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ എന്നിവര്‍ എസ്. ഐയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. എം.വിജിന്റെ പേര് സംഘര്‍ഷത്തിനിടെയില്‍ വനിതാ പൊലിസ് ഉദ്യോഗസ്ഥ ചോദിച്ചത് അപമാനിക്കാനാണെന്നായിരുന്നു ഇ.പി ജയരാജന്റെ ആരോപണം.
മുഖ്യമന്ത്രിയുടെ ഓഫീസും ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ആരോപണവിധേയനായ എസ്. ഐയെ ഉടന്‍ സ്ഥലംമാറ്റി തലയൂരനാണ് കണ്ണൂരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഒരുങ്ങുന്നത്. എന്നാല്‍ എസ്. ഐക്കെതിരെയുളള നടപടി പോലീസിന്റെ ആത്മവീര്യംകെടുത്തുമെന്ന അതൃപ്തിയും സേനയ്ക്കുളളില്‍ നിന്നും പുകയുന്നുണ്ട്.
സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ കേസെടുക്കുകയും ഉദ്ഘാടകനായ എം. എല്‍. എയെ കേസില്‍ നിന്നുമൊഴിവാക്കുകയും ചെയ്ത പോലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. അന്യായമായിസംഘം ചേരല്‍, ഗൂഡാലോചന, ഗതാഗത തടസമുണ്ടാക്കാല്‍ തുടങ്ങിയ വകുപ്പുകളാണ് സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ ചുമത്തിയിട്ടുളളത്. എന്നാല്‍ കലക്ടറേറ്റ് വളപ്പില്‍ കാവലിനായി പോലീസിനെ നിയോഗിക്കാത്ത സേനയ്ക്കാണ് വീഴ്ചപറ്റിയതെന്ന വിമര്‍ശനമാണ് സി.പി. എം നേതൃത്വം ഉന്നയിക്കുന്നത്.












Click it and Unblock the Notifications