സര്‍ക്കാര്‍ ജോലി നേടാനാഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ പിഎസ്‌സി പരിശീലനവുമായി തലശേരി ജനമൈത്രി പൊലിസ്
തലശേരി: സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് കൈത്താങ്ങായി തലശേരിയിലെ ജനമൈത്രി പൊലീസിന്റെ സൗജന്യ പി എസ് സി പരിശീലനം. പതിനൊന്ന് വര്‍ഷത്തിനിടയില്‍ തലശ്ശേരി മേഖലയില്‍ 120 പേര്‍ക്ക് സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം യാഥാര്‍ഥ്യമായിട്ടുണ്ട്. പൊലിസ് ശിക്ഷണത്തില്‍ ആദ്യം ജോലിയില്‍ പ്രവേശിച്ചത് പൊയിലൂര്‍ സ്വദേശി ജോഷ്നയാണ്. അഞ്ചുമാസത്തെ പരിശീലത്തിനുശേഷം നടന്ന പരീക്ഷയില്‍ റാങ്ക് പട്ടികയിലിടം നേടിയ ജോഷ്‌ന ഇപ്പോള്‍ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസറാണ്.
ഏറ്റവും ഒടുവില്‍ ശ്രീനിലയ്ക്കാണ് അടുത്തിടെ കരിയാട് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ജോലി ലഭിച്ചത്. ഇവിടെ പരിശീലനം ലഭിച്ചവര്‍ ഡിജിപി ഓഫീസിലും എസ്പി ഓഫീസിലും ജോലിയില്‍ പ്രവേശിച്ചു. എക്‌സൈസ്, ബാങ്ക്, വിദ്യാഭ്യാസം, ആരോഗ്യ വകുപ്പുകളിലും ജോലി ലഭിച്ചവരുണ്ട്. തലശ്ശേരി എസ്പി ഓഫിസ് വളപ്പിലുള്ള ജനമൈത്രി റിസോഴ്‌സ് സെന്റര്‍ ആന്‍ഡ് ലൈബ്രറി കെട്ടിടത്തിലാണ് പരിശീലനം.

ധാരാളം റഫറന്‍സ് പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. പരിശീലനത്തിന് ആവശ്യമായ പഠനസഹായികള്‍ സൗജന്യമായി കിട്ടും. തലശ്ശേരി എസ്‌ഐ ബിജു ജോണ്‍ ലൂക്കോസ്, ജനമൈത്രി പോലീസ് കമ്യൂണിറ്റി റിലേറ്റീവ് ഓഫീസറായിരുന്ന വ്രജനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് തുടക്കത്തില്‍ പരിശീലനം നല്‍കിയത്. 2013 ജനുവരി ഒന്നിനായിരുന്നു സംരംഭത്തിന് തുടക്കം കുറിച്ചത്.
പൊലിസ് സേനയ്ക്ക് അകത്തുള്ള അധ്യാപകരാണ് തുടക്കത്തില്‍ ക്ലാസെടുത്തത്. ജോലിഭാരം പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ് നടത്താന്‍ കഴിയാത്ത അവസ്ഥയ്ക്കിടയാക്കിയപ്പോള്‍ പുറത്തു നിന്നുള്ള അധ്യാപകരെ കൊണ്ടുവന്ന് ക്ലാസ്സ് നടത്തി. ആദ്യ വര്‍ഷം തന്നെ മികച്ച ഫലം ലഭിച്ചതോടെയാണ് ജനമൈത്രി പൊലിസിന്റെ സൗജന്യ പരിശീലനം നേടുന്നതിനായി നൂറ് കണക്കിനാളുകളെത്തിയത്.
മികച്ച അച്ചടക്കത്തോടെയുള്ള ശാസ്ത്രിയ പരീശീലനമാണ് പൊലിസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്നത്. പുറമേ നിന്നുള്ള അധ്യാപകരുടെ സേവനവും ഇതിനായി തേടുന്നുണ്ട്. നേരത്തെ പാനൂര്‍ പൊലിസ് സ്റ്റേഷനിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി വരുന്നുണ്ട്. ഇതും വന്‍ വിജയകരമായി നടത്തിവരികയാണ്.












Click it and Unblock the Notifications