നോമ്പുകാലത്തുണ്ടായ ദുരന്തം തലശേരിയെ ദുഃഖത്തിലാഴ്ത്തി; മുഹമ്മദ് നിദാന് കണ്ണീരോടെയുള്ള യാത്രാമൊഴി
തലശ്ശേരി: കഴിഞ്ഞ ദിവസം തലശേരി-മാഹി ബൈപ്പാസില്‍ നിന്നും വീണുമരിച്ച മുഹമ്മദ് നിദാന് നാടിന്റെ കണ്ണീരോടെയുളള യാത്രമൊഴി. റമദാന്‍ വ്രതമാരംഭിക്കുമ്പോള്‍ എത്തിയ വിദ്യാര്‍ത്ഥിയുടെ ദുരന്തവാര്‍ത്ത തലശേരിയെ ദു:ഖത്തിലാഴ്ത്തി. തലശേരി- മാഹി ബൈപ്പാസില്‍ പാലത്തില്‍ നിന്നും താഴക്കേുവീണു മരണമഞ്ഞ തോട്ടുമ്മല്‍ ജന്നത്ത് ഹൗസില്‍ മുഹമ്മദ് നിദാനിന്റെ(18) മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെ ഉമ്മന്‍ചിറ ജുമാമസ്ജിദില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി. മകന്റെ ആകസ്മിക ദുരന്തമറിഞ്ഞു പിതാവ് നജീബ് ഗള്‍ഫില്‍ നിന്നും ചൊവ്വാഴ്ച്ച രാവിലെ നാട്ടിലെത്തി. തിങ്കളാഴ്ച്ച രാത്രി എട്ടരയോടെയാണ് നിദാന്‍ അപകടത്തില്‍പ്പെട്ടത്. നെട്ടൂര്‍ ബാലത്തിന് സമീപം സുഹൃത്തിനൊപ്പം ബൈപാസ് കാണാനെത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. നെട്ടൂരില്‍ നിന്നും മുഴപ്പിലങ്ങാട് ഭാഗത്തേക്ക് ഇരുന്നൂറു മീറ്റര്‍ അകലെയാണ് അപകടം നടന്നത്.

ഇരുപാലങ്ങള്‍ക്കിടെയിലുളള വിടവ് ചാടിക്കടക്കാന്‍ ശ്രമിക്കവെയാണ് വിദ്യാര്‍ത്ഥി താഴേക്കുവീണത്. ഉടന്‍ തന്നെ നാട്ടുകാര്‍ തലശേരി സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി വൈകി മരണമടയുകയായിരുന്നു. തലശേരി സെന്റ് ജോസഫ് ഹയര്‍സെക്കന്‍സഡറി സ്‌കൂള്‍ പ്‌ളസ്ടൂ ഹ്യുമാനിറ്റിസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: നൗഷീന.
തിങ്കളാഴ്ച്ച ഉച്ചയോടെയാണ് ചോനാടത്തു നിന്നും തലശേരി -മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തത്. ആറുവരി ബൈപ്പാസിന്റെ പ്രാദേശിക ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്‌തത്. ഉദ്ഘാടനത്തിന് ശേഷം ബൈപ്പാസ് റോഡിലൂടെയുളള വാഹനങ്ങളുടെ പരക്കം പാച്ചില്‍ ഒഴിവാക്കുന്നതിനായി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനാറുകിലോ മീറ്റര്‍ ദൂരത്തില്‍ ഗതാഗത ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications