ധനകാര്യസ്ഥാപനത്തില്‍ കളിത്തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ യുവാവ് റിമാന്‍ഡില്‍
ഇരിട്ടി: ഇരിട്ടിപേരട്ടയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കയറി കളിത്തോക്കു ചൂണ്ടി യുവാവ് കവര്‍ച്ച നടത്തിയ യുവാവിനെ പൊലിസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.പ്രതിയായ യുവാവിനെ ചോദ്യം ചെയ്തശേഷമാണ് വെളളിയാഴ്ച്ച രാവിലെ കോടതിയില്‍ ഹാജരാക്കിയത്. ഉളിക്കല്‍ സിഐ കെ.സുധീറിന്റെ നേതൃത്വത്തിലാണ് ധനകാര്യ സ്ഥാപന ഉടമയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയത്.
പേരട്ടയില്‍ ചെരുപ്പുകട തുടങ്ങാനാവശ്യമായ പണത്തിനാണ് താന്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതെന്നു പിടിയിലായ പേരട്ട സ്വദേശി കാരോട്ട് അബ്ദുല്‍ ഷുക്കൂര്‍(26) പൊലിസ് ചോദ്യം ചെയ്യലില്‍ മൊഴിനല്‍കിയിട്ടുണ്ട്. ഉളിക്കല്‍ സിഐ കെ സുധീറിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കവര്‍ച്ചയ്ക്കു പ്രേരിപ്പിച്ച കാര്യത്തെ കുറിച്ചു വെളിപ്പെടുത്തിയത്. പേരട്ടടൗണില്‍ ചെരുപ്പുകട തുടങ്ങുന്നതിനായി മുറിക്ക് അന്‍പതിനായിരം ഡെപ്പോസിറ്റ് നല്‍കിയിരുന്നു.

1.2 ലക്ഷം കൂടി അടുത്ത ദിവസം വേണമെന്നും ഇതിനാണു കവര്‍ച്ച നടത്തിയതെന്നുമാണ് പ്രതിയായ യുവാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. പേരട്ടടൗണില്‍ പട്ടാപ്പകല്‍ ഹെല്‍മെറ്റ് ധരിച്ചു സ്വകാര്യ ധനകാര്യസ്ഥാപനത്തിലെത്തിയ യുവാവ് ജീവനക്കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്.
മോഷ്ടാവിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് പണവുമായി ഓടിയ യുവാവിനെ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. രക്ഷപ്പെടാനുളള ശ്രമത്തിനിടെ ഓവുചാല്‍ ചാടിക്കടക്കുന്നതിനിടെ വീണു കാല്‍ ഉളുക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഉളിക്കല്‍ പൊലിസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പേരട്ട ടൗണില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശ്രയാഫിനാന്‍സിലാണ് വ്യാഴാഴ്ച്ച വൈകുന്നേരം നാലുമണിക്ക് കവര്‍ച്ച നടന്നത്. ഹെല്‍മെറ്റ് ധരിച്ചു ഇടപാടുകാരനെന്ന് വ്യാജേനെ സ്ഥാപനത്തിലെത്തിയ യുവാവ് പെട്ടെന്ന് തോക്കുചൂണ്ടി ജീവനക്കാരിയെ ഭീഷണിപ്പെടുത്തി മേശവലിപ്പു തുറന്നു പണം മുഴുവന്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാരി തടഞ്ഞതിനാല്‍ 22.500 രൂപയെ കൈവശമുണ്ടായിരുന്ന ബാഗില്‍ വാരിയിടാന്‍ കഴിഞ്ഞുളളൂ.
രണ്ടുലക്ഷത്തോളം രൂപ ചിതറി താഴെ വീണു.കൈയ്യില്‍കിട്ടിയ പണവുമായി ഓടിയ യുവാവിനെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വര്‍ക്ക് ഷോപ്പു നടത്തുകയായിരുന്ന ഷിജുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. സമീപത്തെ ഓവുചാല്‍ ചാടിക്കടക്കുന്നതിനിടെ യുവാവ് കാല്‍ ഉളുക്കി താഴെ വീഴുകയായിരുന്നു.
ഹെല്‍മെറ്റ് മാറ്റി നോക്കിയപ്പോഴാണ് സമീപവാസിയായ യുവാവ് തന്നെയാണ് പ്രതിയെന്നു നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. മുന്‍പിലും പിന്നിലും വ്യാജനമ്പര്‍ എഴുതിവെച്ച വാഹനത്തിലാണ് യുവാവ് എത്തിയതെങ്കിലും നാട്ടുകാര്‍ പുറകെയെത്തിയതിനാല്‍ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications