മദ്യലഹരിയില്‍ വ്യാജ ബോംബ് ഭീഷണി: സിറ്റി സ്വദേശിയായ യുവാവിനെ കോടതിയില്‍ ഹാജരാക്കി
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പലയിടങ്ങളിലായി ബോംബുവച്ചിട്ടുണ്ടെന്ന വ്യാജഭീഷണി മുഴക്കിയ സംഭത്തില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി. ചൊവ്വാഴ്ച്ച രാത്രി എട്ടുമണിക്കാണ് ഇയാള്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ വിവിധയിടങ്ങളിലും നിര്‍ത്തിയിട്ട ട്രെയിനുകളിലും ബോംബുവെച്ചിട്ടുണ്ടെന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചത്.
ഇതേ തുടര്‍ന്ന് ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും റെയില്‍വെ സംരക്ഷണസേനയും റെയില്‍വെ സ്റ്റേഷനില്‍ അരിച്ചു പൊറുക്കിയെങ്കിലും ഒന്നുംകണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ സിറ്റി നാലു വയലില്‍ താമസക്കാരനും പാലക്കാട് സ്വദേശിയുമായ പനങ്ങാടന്‍ ഹൗസില്‍ പിഎ റിയാസിനെ (29) ടൗണ്‍ സിഐ ബിനു മോഹനനും എസ്‌ഐ നസീബും സംഘവും ചേര്‍ന്ന് മണിക്കൂറുകള്‍ക്കം അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച്ച രാത്രി മദ്യപിച്ച ശേഷം കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് 112 നമ്പറിലേക്ക് വിളിച്ച് താന്‍ ട്രെയിനിലും പ്ളാറ്റ് ഫോമിലും ബോംബ് വെച്ചിട്ടുണ്ടെന്ന് വിളിച്ച് പറയുകയായിരുന്നു. വിളിച്ച ഉടന്‍ ഫോണില്‍ നിന്നും സിം ഊരി നശിപ്പിക്കുകയും ചെയ്തു.പോലീസിന്റെ അന്വേഷണത്തില്‍ സിം കാര്‍ഡിന്റെ ഉടമ സിറ്റി ഖിലാശി ലൈനില്‍ താമസിക്കുന്ന ബഷീറാണെന്ന് കണ്ടെത്തി.
രാത്രി തന്നെ അയാളെ ചോദ്യം ചെയ്തപ്പോള്‍ താന്‍ സിം കാര്‍ഡുള്‍പ്പെടെ ഫോണ്‍ ഒരാഴ്ച മുമ്പേ ടൗണിലെ മൊബൈല്‍ ഷോപ്പില്‍ വിറ്റതായി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് രാത്രി തന്നെ കട തുറപ്പിച്ച് പരിശോധിച്ചപ്പോള്‍ റിയാസിന് ഫോണ്‍ കൊടുത്തിരുന്നുവെന്നും ആ സമയം താനറിയാതെ സിം കാര്‍ഡ് ഊരിയെടുത്ത് ഫോണ്‍ തിരികെ തന്നതായിരിക്കാമെന്നും അറിയിച്ചു.തുടര്‍ന്നാണ് റിയാസിനെ പിടികൂടിയത്.
മദ്യലഹരിയില്‍ ഫോണ്‍ ചെയ്ത് പോയതാണെന്നും സിം കാര്‍ഡ് സംഘടിപ്പിച്ച വിധവും ഇയാള്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. മദ്യലഹരിയിലുള്ള വ്യാജ ബോംബു ഭീഷണിയെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് കണ്ണൂര്‍ റെയില്‍വസ്റ്റേഷനില്‍ പൊലിസ് തെരച്ചില്‍ നടത്തിയത്. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടില്ലെങ്കിലും യാത്രക്കാരെയും അവരുടെ ലഗേജുകളും കര്‍ശനപരിശോധനയ്ക്കിടയാക്കി. ആര്‍പി.എഫ് ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണി, എസ്‌ഐ ടി വിനോദ്, ടൗണ്‍ എസ് ഐ കെ.പുരുഷോത്തമന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.












Click it and Unblock the Notifications