കാസർകോഡ് ഞെട്ടൽ മാറാതെ സിപിഎം; ഇടതുകോട്ടകൾ പോലും കൈവിട്ടു, ദയനീയ തോൽവി
കാസർകോഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ കോട്ടകളിൽ പോലും നിലംതൊടാനാകാതെ സി പി എം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ കൂറ്റൻ വിജയം നേടിയപ്പോഴും കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ മുന്നേറാൻ സി പി എമ്മിന് സാധിച്ചിരുന്നു. എന്നാൽ ഇക്കുറി ഇരുമണ്ഡലങ്ങളിലും പിറകിൽ പോയി.
സി പി എം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന പയ്യന്നൂർ, കല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങളാകട്ടെ താരതമ്യേന കുറഞ്ഞ ഭൂരിപക്ഷം മാത്രമാണ് സി പി എമ്മിന് നേടാനായത്. പയ്യന്നൂരിൽ 13,257 വോട്ടിന്റെ ഭൂരിപക്ഷമാണ് സി പി എമ്മിനുണ്ടായത്. ഇവിടെ 25000ത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. കല്യാശ്ശേരിയിൽ 1058 വോട്ടിന്റെ നേരിയ ഭൂരിപക്ഷം മാത്രമാണ് ഇടതുമുന്നണി സ്ഥാനാർഥിക്ക് ലഭിച്ചത്.
മഞ്ചേശ്വരം-44,281, കാസർകോട്-47,245, ഉദുമ-11,959, കാഞ്ഞങ്ങാട്-2050, തൃക്കരിപ്പൂർ-10,448 എന്നിങ്ങനെയാണ് യു ഡി എഫ് ലീഡ്. കാസർകോഡ് , കാഞ്ഞങ്ങളാട് തുടങ്ങിയ മണ്ഡലങ്ങളിൽ വോട്ട് ഉയർന്നതാണ് യു ഡി എഫിന് സ്വപ്നതുല്യമായ വിജയം നേടാനായത്.

എൽ ഡി എഫ് പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ട് വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇത്തവണയും രാജ്മോഹൻ ഉണ്ണിത്താൻ മണ്ഡലത്തിൽ വിജയിച്ചത്. 1,03,148 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് നേടാനായത്. 449161 വോട്ടുകളാണ് ഉണ്ണിത്താന് ലഭിച്ചത്. മുന്നണി സംവിധാനത്തിനുള്ളിലെ ചിട്ടയായ പ്രവർത്തനമാണ് ഉണ്ണിത്താന്റെ വിജയത്തിന് വഴിവെച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ മണ്ഡലത്തില്‍ കാഴ്ച വെച്ച പ്രവര്‍ത്തനങ്ങളും ജനകീയ എംപി എന്ന നിലയിലുള്ള സ്വീകാര്യതയും ഉണ്ണിത്താന് അനുകൂലമായ വോട്ടായി മാറി.
2019 ല്‍ കന്നി മത്സരത്തിൽ 40,438 വോട്ടുകള്‍ക്കായിരുന്നു ഇടത് കോട്ടയിൽ ഉണ്ണിത്താന്റെ വിജയം. സി പി എം നേതാവും മുന്‍ എം എല്‍ എയുമായിരുന്ന കെ പി സതീഷ് ചന്ദ്രനായിരുന്നു അന്ന് എതിരാളി. ഇക്കുറി എൽ ഡി എഫ് സ്ഥാനാർത്ഥിയായ എ വി ബാലകൃഷ്ണന് 3,76,646 വോട്ടുകളാണ് നേടിയത്. 2019നേക്കാള്‍ നാല്‍പതിനായിരത്തിലധികം വോട്ടിന്റെ കുറവാണ് എല്‍ ഡി എഫിനുണ്ടായത്. എന്‍ ഡി എ സ്ഥാനാര്‍ഥിയായ എം എല്‍ അശ്വിനി 2,13,153 വോട്ടുകളും നേടി. കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ കല്യാശേരി തുടങ്ങി ഇടതുകോട്ടകളിലെല്ലാം എൻ ഡി എ വോട്ടുയർത്തിയിട്ടുണ്ട്.












Click it and Unblock the Notifications