റെയിൽവേ ട്രാക്കിൽ വീണ്ടും 'കുട്ടിക്കളി' കരിങ്കല്ല് നിരത്തിയത് യുട്യൂബ് വീഡിയോ നോക്കി പഠിച്ച്,ആശങ്ക
കാസർകോഡ്: റെയിൽവെ ട്രാക്കിൽ കരിങ്കല്ലുകൾ നിരത്തിവെച്ചതോടെ നേത്രാവതി എക്സ്പ്രസ് ഉലഞ്ഞ സംഭവത്തിന് പിന്നിൽ കുട്ടികൾ. അതിഥിത്തൊഴിലാളികളുടെ പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ടുകുട്ടികളാണ് ഇത് ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കണ്ണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ പി എഫ്.), ചന്തേര പോലീസ്, കാസർകോട് റെയിൽവേ പോലീസ് എന്നിവർ സംയുക്തമായാണ് അന്വേഷണം നടത്തിയത്.
യുട്യൂബ് നോക്കിയാണ് കുട്ടികൾ ഇത്തരത്തിൽ ചെയ്യത്. ഇവർ സമാന വീഡിയോകൾ കണ്ടതായി പരിശോധനയിൽ തെളിഞ്ഞു. വിവരങ്ങൾ ചോദിച്ചറിഞ്ഞ് കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.ഞായറാഴ്ച രാത്രി തൃക്കരിപ്പീർ ബീരിച്ചേരി റെയിൽവേ ഗേറ്റിന് സമീപം തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) കടന്നുപോകുമ്പോഴാണ് സംഭവം.എൻജിൻ ഉലയുന്ന ശബ്ദം കേട്ട ലോക്കോ പൈലറ്റ് റെയിൽവേ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കല്ലുകൾ നിരത്തിവെച്ചത് കണ്ടെത്തിയത്. റെയിൽവേ ഗേറ്റിനു 50 മീറ്റർ മാറി മംഗളൂരു ഭാഗത്തേക്കുള്ള പാളത്തിലാണ് കല്ലുകൾ നിരത്തിവെച്ചിരുന്നത്.

അതേസമയം കഴിഞ്ഞമാസവും സമാനസംഭവം നടന്നിരുന്നു. തൃക്കരിപ്പൂരിലെ ഒളവറയിലായിരുന്നു അന്ന് പാളത്തിൽ കല്ലുകൾ കണ്ടെത്തിയത്. ഇന്ധനവുമായി കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റ് പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ വിവരം അറിയിച്ചു. അന്ന് ഒരാളെ പിടികൂടിയെങ്കിലും വിട്ടയച്ചു. രണ്ടുവർഷം മുമ്പും തൃക്കരിപ്പൂരിൽ ട്രാക്കിൽ കല്ലുനിരത്തിയതായി കണ്ടെത്തിയിരുന്നു. എളമ്പച്ചിയിൽ റെയിൽ പാളത്തിന് മുകളിൽ കരിങ്കൽകഷണങ്ങൾ നിരത്തിയ നിലയിലായിരുന്നു അത്. അന്ന് കണ്ണൂരിൽനിന്ന് എത്തിയ റെയിൽവെ പോലീസ് ആറുപേരെ പിടികൂടി. കുട്ടികളെയായിരുന്നു പിടിച്ചത്. രക്ഷിതാക്കളെ വിളിച്ചുവരുത്തി സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയാണ് കുട്ടികളെ പൊലീസ് അന്ന് വിട്ടയച്ചത്
അതേസമയം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. പരിശോധനയിൽ കണ്ടെത്തിയത് കൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായതെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications