കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി; വോട്ട് ബഹിഷ്‌കരിക്കാൻ ആഹ്വാനം
കാസർഗോഡ്: ലോക്സഭ തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിൽക്കണമെന്ന ആഹ്വാനവുമായി കാസർഗോഡ് ബി ജെ പിയിലെ ഒരു വിഭാഗം നേതാക്കൾ. . പാർട്ടി ബലിദാനികളെ അപമാനിച്ച സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി എടുത്തിക്കാത്തതിൽ പ്രതിഷേധിച്ചാണ് നേതാക്കളുടെ ആഹ്വാനം.
വോട്ട് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് നഗരത്തിൽ പ്രവർത്തകർ രഹസ്യയോഗം ചേർന്നു. ബി ജെ പി കൗൺസിലർമാരുടെ നേതൃത്വത്തിലായിരുന്നു യോഗം. രാത്രി ജെ പി നഗറിൽ ചേർന്ന യോഗത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം പ്രവർത്തകരാണ് പങ്കെടുത്തത്. വോട്ട് ബഹിഷ്കരണം ആവശ്യപ്പെട്ട് ഫൈറ്റ് ഫോർ ജസ്റ്റിസ് എന്ന പേരിൽ വാട്സ്ആപ് കൂട്ടായ്മയും ഇവരുടെ നേതൃത്വത്തിൽ തുടങ്ങിയിട്ടുണ്ട്.

ബി ജെ പി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്, മേഖല പ്രസിഡന്റ് സുരേഷ് കുമാർ ഷെട്ടി, ജില്ലാ ജനറൽ സെക്രട്ടറി മണികണ്ഠ റായ് എന്നിവർക്കെതിരെ നടപടി എടുക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. 2020 ൽ കുമ്പള പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബി ജെ പി പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കാളിയായ സി പി എം കൗൺസിലറെ ഇവർ പിന്തുണച്ചെന്നാണ് നേതാക്കളുടെ ആരോപണം. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടും നേതാക്കൾക്കെതിരെ പാർട്ടി സംസ്ഥാന ഘടകം നടപടി എടുത്തില്ലെന്ന് വിമത നേതാക്കൾ പറയുന്നു.
സംസ്ഥാന നേതൃത്വത്തിന് ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായിട്ടില്, ബലിദാനികളോട് മുഖം തിരിയ്ക്കുകയാണ് നേതൃത്വം ചെയ്തതെന്നും ഇവർ കുറ്റപ്പെടുത്തി. അതുകൊണ്ട് തന്നെ ലോക്സഭ തിരഞ്ഞെടുപ്പിൽ സഹകരിക്കേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം. തങ്ങളുടെ വോട്ട് നോട്ടയ്ക്കായിരിക്കുമെന്നും നേതാക്കൾ പറയുന്നു.
അതേസമയം ഇത്തവണ ബി ജെ പിക്ക് വേണ്ടി മഹിള മോർച്ച നേതാവ് എം എൽ അശ്വനിയാണ് മത്സരിക്കുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു അശ്വനി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നത്. വൊർക്കാടി കൊട്‌ലമൊഗറിലെ പി ശശിധരന്റെ ഭാര്യയായ അശ്വിനി ബെംഗളൂരു മദനനായകഹള്ളി സ്വദേശിയാണ്. നഴ്സറി അധ്യാപികയായ ഇവർ 2021ലാണ് സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. ബ്ലോക്ക് പഞ്ചായത്തിലേക്കായിരുന്നു ആദ്യമായി മത്സരിച്ചത്. അന്ന് 807 വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ടു. കടമ്പാർ ഡിവിഷനിൽ നിന്നായിരുന്നു വിജയം. ലോക്സഭ തിരഞ്ഞെടുപ്പിൽ പൂർണ ഈആത്നവിശ്വാസത്തോടെയാണ് മത്സരിക്കുന്നതെന്നും ഇത്തവണ വലിയ മുന്നേറ്റം മണ്ഡലത്തിൽ നേടുമെന്നും അശ്വിനി അവകാശപ്പെട്ടു.












Click it and Unblock the Notifications