ജോലി വാഗ്ദാനം ചെയ്ത സംഭവം; ഡിവൈഎഫ്ഐ മുൻ നേതാവായ അധ്യാപിക അറസ്റ്റിൽ
കാസർഗോഡ്: കേന്ദ്രസർക്കാർ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. മുൻ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗവും ബാഡൂർ എ എൽ പി സ്കൂൾ അധ്യാപികയും കേരള തുളു അക്കാദമി മുൻ അംഗവുമായ സച്ചിത റൈ (27) ആണ് അറസ്റ്റിലയാത്. കേസിൽ നേരത്തേ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്ന് കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ ആണ് വ്യാഴാഴ്ച അതീവ നാടകീയമായി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
സി പി സി ആർ ഐ, കർണാടക എക്സൈസ് വകുപ്പ്, കേന്ദ്രീയ വിദ്യാലയം , വനം വകുപ്പ്, എസ് ബി ഐ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവർ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയത്. മുൻ ഡി വൈ എഫ് ഐ നേതാവായതിനാൽ തന്നെ സച്ചിതയെ വിശ്വസിച്ച് നിരവധി പേർ ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറുകയായിരുന്നു. ഇതിനിടയിൽ ജോലി ലഭിക്കാതിരുന്ന കുമ്പള കിദുർ സ്വദേശിനി പോലീസിൽ പരാതി നൽകി. തനിക്ക് തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്തെന്നും 15 ലക്ഷം തട്ടിയെന്നുമാണ് പരാതിയിൽ പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പലരും പറ്റിക്കപ്പെട്ടതായി കണ്ടെത്തിയത്.

കുമ്പള, മേൽപറമ്പ, മഞ്ചേശ്വരം, ബദിയഡുക്ക, ആദൂർ, കർണാടകത്തിലെ ഉപ്പിനങ്ങാടി, ദക്ഷിണ കന്നഡ എന്നീ സ്റ്റേഷനുകളിലായി സച്ചിതയ്ക്കെതിരെ 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏകദേശം 3 കോടിയോളം രൂപയെങ്കിലും വ്യാജ വാഗ്ദാനം നൽകി ഇവർ തട്ടിയിട്ടുണ്ടാകാമെന്നാണ് കണക്കാക്കപ്പെടുന്നത്. പരാതികൾക്ക് പിന്നാലെ ഇവർ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം തേടിയിരുന്നെങ്കിലും ആവശ്യം കോടതി തള്ളി. എന്നാൽ തുടർന്നും ഇവരുടെ അറസ്റ്റ് വൈകുന്നതിൽ പോലീസിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.












Click it and Unblock the Notifications