സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷനേടാൻ കളളനോട്ടടി; കാസർഗോഡ് സ്വദേശികൾ അടക്കം 4 പേർ അറസ്റ്റിൽ
കള്ളനോട്ട് അച്ചടിച്ച കേസിൽ കാസർഗോഡ് സ്വദേശിയായ പ്രിന്റങ് പ്രസ് ഉടമ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കാസര്‍ഗോഡ് കരിച്ചേരി കൊളത്തൂരിലെ വി പ്രിയേഷ് (38), കാസര്‍ഗോഡ് സ്വദേശി മുളിയാര്‍ കല്ലുകണ്ടയില്‍ വിനോദ് കുമാര്‍ (33), പെരിയയിലെ കുനിയ എസ്എ അബ്ദുല്‍ ഖാദര്‍ (58), ദക്ഷിണ കന്നഡ ജില്ലയായ പുത്തൂരിലെ ബെലിയൂർ കട്ടയിലുള്ള അയ്യൂബ് ഖാന്‍ (51) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടർന്ന് ഇവർ കഴിഞ്ഞിരുന്ന ഹംപൻകട്ടയിലെ ലോഡ്ജ് പോലീസ് റെയ്ഡ് ചെയ്യുകയായിരുന്നു. ഇവരിൽ നിന്ന് 500 രൂപയുടെ 2,13,500 രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. 427 കള്ളനോട്ടുകളാണ് പ്രതികളുടെ കൈയ്യിൽ ഉണ്ടായിരുന്നതെന്ന് മാംഗ്ലൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷ്ണർ ഗീത ഡി കുൽക്കർണി പറഞ്ഞു.
പ്രതികളിൽ നിന്ന് നാല് മൊബൈൽ ഫോണുകളും 9,030 രൂപയും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

വ്യാജനോട്ടുകൾ അച്ചടിക്കുന്നതിന് പിന്നിലെ ബുദ്ധികേന്ദ്രം പ്രിയേഷ് ആണെന്നാണ് പോലീസ് സംശയിക്കുന്നത്. മറ്റ് മൂന്ന് പേർ ഇയാളുടെ സഹായികളാണെന്നും പോലീസ് പറയുന്നു. ഇവർ മാംഗ്ലൂരിലാണ് നോട്ടുകൾ വിതരണം ചെയ്തിരുന്നത്.ഒരു ലക്ഷം രൂപയുടെ വ്യാജ കറൻസികൾ വിൽക്കുമ്പോൾ പ്രിയേഷിന് 25,000 രൂപ ലഭിക്കുമത്രേ.
യുട്യൂബ് വീഡിയോകൾ നോക്കിയാണ് നോട്ടടിക്കാൻ പ്രിയേഷ് പഠിച്ചതെന്ന് പോലീസ് പറയുന്നു. നോട്ടടിക്കാനായി കോഴിക്കോട്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും അസംസ്കൃത വസ്തുക്കൾക്ക് പ്രിന്റിങ്ങിനായി എത്തിച്ചു. ഉയർന്ന നിലവാരമുള്ള പ്രിന്റിങ് മെഷീനും ഇയാൾ വാങ്ങിയതായി എസ് പി കുൽക്കർണി പറഞ്ഞു.
യഥാർത്ഥ നോട്ടിന്റെ അതേ നിലവാരത്തിൽ സ്കൂൾ നോട്ട്ബുക്ക് പേപ്പർ ഉപയോഗിച്ചാണ് നോട്ടുകൾ പ്രതി അച്ചടിച്ചത്. കഴിഞ്ഞ നാലഞ്ച് മാസമായി പ്രിയേഷ് നോട്ടുകൾ അച്ചടിക്കുന്നുണ്ട്. പ്രസ് നഷ്ടത്തിലായതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് കള്ളനോട്ട് നിർമ്മാണത്തിലേക്ക് തിരിയാൻ പ്രതീഷിനെ പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.
അതേസമയം ഇയാളുടെ ചെർക്കളയിൽ ഉള്ള പ്രിന്റിങ് പ്രസ് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി കാസർഗോഡ് പോലീസ് മേധാവി പി ബിജോയ് പറഞ്ഞു.അന്വേഷണത്തിൽ മംഗളൂരു പോലീസ് ഔദ്യോഗികമായി സഹായം അഭ്യർത്ഥിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
സിസിബി ഓഫീസർമാരായ ശ്യാം സുന്ദർ, സബ് ഇൻസ്‌പെക്ടർമാരായ നരേന്ദ്രൻ, സുദീപ്, കെ വി രാമ പൂജാരി, സീനപ്പ, സുജൻ ഷെട്ടി എന്നിവരാണ് കളളനോട്ട് റാക്കറ്റ് സംഘത്തെ പിടികൂടിയത്. ഇവർക്ക് പാരിതോഷികം നൽകാൻ ശുപാർശ ചെയ്യുമെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അഗർവാൾ പറഞ്ഞു.












Click it and Unblock the Notifications