വേനൽച്ചൂടിൽ ഉരുകി കണ്ണൂരും കാസർഗോഡും; താപനില 40 ഡിഗ്രി കടന്നു
ഇന്നലെ സംസ്ഥാനത്ത് ഉയർന്ന താപനില കണ്ണൂരിലായിരുന്നു രേഖപ്പെടുത്തിയത്

കാസർഗോഡ്: മലബാറിൽ വേനൽ ചൂട് കടുക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന താപനിലയാണ് റിപ്പോർട്ട് ചെയ്തത്. സാധാരണയുള്ളതിനേക്കാൾ മൂന്ന് നാല് ഡിഗ്രി അധിക താപനിലയാണ് വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്തത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഉയർന്ന താപനില കണ്ണൂരിലായിരുന്നു രേഖപ്പെടുത്തിയത്. 38.6 ഡിഗ്രിയാണ് ഉയർന്ന താപനില, കുറഞ്ഞ താപനില 22.4 ഡിഗ്രിയും റിപ്പോർട്ട് ചെയ്തു. കണ്ണൂർ വിമാനത്താവളത്തിൽ 42.4 ഡിഗ്രി സെഷ്യൽസ് ആയിരുന്നു രണ്ട് ദിവസം മുൻപ് രേഖപ്പെടുത്തിയ താപനില. കണ്ണൂരിൽ ചിലയിടങ്ങളിൽ 40 ഡിഗിക്ക് മുകളിൽ ഇന്നലെ താപനില രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും താപനില ഉയർന്നേക്കുമെന്നാണ് സൂചന.
അതേസമയം ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ പകൽ 11 മുതല്‍ ഉച്ച 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം ,നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
വേനൽക്കാലം ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന
സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഇതുകൂടാതെ സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സും പരിശോധനകൾ നടത്തും. വഴിയോരങ്ങളിലുള്ള ചെറിയ കടകൾ മുതൽ എല്ലാ കടകളും പരിശോധിക്കുന്നതാണ്. ഹോട്ടലുകളും റെസ്റ്റോറന്റുകളും കേന്ദ്രീകരിച്ചുള്ള മറ്റ് പരിശോധനകൾ തുടരും. ഭക്ഷ്യ സുരക്ഷാ ലാബുകളോടൊപ്പം മൊബൈൽ ലാബിന്റെ സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications