കാസർഗോഡ് യുവ വനിത നേതാവിനെ ഇറക്കി ബിജെപി; വിശ്വസിക്കാനാകാതെ അശ്വിനി
കാസർകോഡ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയായതിന്റെ അമ്പരപ്പിലാണ് മഹിളാ മോർച്ച ദേശീയ കൗൺസിൽ അംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം എൽ അശ്വിനി. മുതിർന്ന സ്ഥാനാർത്ഥികൾ എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെയാണ് മണ്ഡലത്തിൽ യുവ വനിതാ നേതാവിനെ പാർട്ടി അവതരിപ്പിച്ചത്.
മുതിർന്ന നേതാവ് ഒ രാജഗോപാൽ മുതൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വരെ മത്സരിച്ച മണ്ഡലമാണ് കാസർഗോഡ്. ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസിന്റെ പേരായിരുന്നു മണ്ഡലത്തിൽ ആദ്യം ഉയർന്ന് കേട്ടത്. ജില്ലാ നേതൃത്വവും പ്രമുഖ നേതാക്കളുടെ പേരുകളാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനിടയിലാണ് നേതൃത്വത്തെ പോലും ഞെട്ടിച്ച് കൊണ്ട് അശ്വിനിയെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

വൊർക്കാടി കൊട്‌ലമൊഗറിലെ പി ശശിധരന്റെ ഭാര്യയാണ് അശ്വിനി .ബെംഗളൂരു മദനനായകഹള്ളി സ്വദേശിയാണ്. നഴ്സറി അധ്യാപികയായ ഇവർ 2021ലാണ് സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. ബ്ലോക്ക് പഞ്ചായത്തിലേക്കായിരുന്നു ആദ്യമായി മത്സരിച്ചത്. ഇന്ന് 807 വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ടു. കടമ്പാർ ഡിവിഷനിൽ നിന്നായിരുന്നു വിജയം. അതേസമയം പ്രഖ്യാപനത്തോടെ കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ബി ജെ പിക്കായി ജനവിധി തേടുന്ന ആദ്യ വനിതാ സ്ഥാനാർഥി കൂടിയായിരിക്കുകയാണ് അശ്വനി.
താൻ ഒരിക്കൽ പോലും സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നില്ലെന്നും ആത്മാർഥതയും കഴിവും ഉണ്ടെങ്കിൽ സാധാരണ പാർട്ടി പ്രവർത്തകർക്കു പോലും ലോക്സഭാ തിരഞ്ഞെടുപ്പ് പോലുള്ള വലിയ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ബിജെപി സീറ്റ് നൽകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് താനെന്നും അശ്വിനി മനോരമയോട് പ്രതികരിച്ചു. വികസന വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് തന്നെയായിരിക്കും മണ്ഡലത്തിൽ വോട്ട് തേടുകയെന്നും അശ്വിനി പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് അധികാരമേറ്റതിന് പിന്നാലെ രാജ്യത്ത് വലിയ വികസനമാണ് നടപ്പായത്. എന്നാൽ അതിന്റെയൊരു അംശം പോലും കാസർഗോഡ് മണ്ഡലത്തിൽ നടപ്പായിട്ടില്ല. അതിന് പ്രധാന കാരണം ഇടത്-വലത് മുന്നണികളാണ്. നിലവിലെ എംപിയുടെ പരാജയവും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളുമൊക്കെ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കുമെന്നും അവർ പറഞ്ഞു.
സി പി എമ്മിന്റെ കോട്ടയായ കാസർഗോഡ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ രാജ്മോഹൻ ഉണ്ണിത്താനായിരുന്നു വിജയിച്ചത് . ഇത്തവണയും രാജ്മോഹൻ തന്നെയാണ് യു ഡി എഫിന് വേണ്ടി മത്സരിച്ചേക്കുക. എൽ ഡി എഫിനായി എം വി ബാലകൃഷ്ണനാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications