മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് തിരിച്ചടി, ഹാജരാകണമെന്ന് കോടതി
കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രനടക്കം കേസിലെ എല്ലാ പ്രതികണം ഈ മാസം 25 ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടേതാണ് തീരുമാനം.
പ്രതികളാരും തന്നെ കോടതിയിൽ ഹാജരാകാത്തത് അംഗീകരിക്കാനാകില്ലെന്നും ഉടൻ തന്നെ ഹാജരാകണമെന്നും നേരത്തേ സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ഇതിനെതിരെ സുരേന്ദ്രൻ വിടുതൽ ഹർജി നൽകുകയായിരുന്നു.തുടര്‍ന്ന് വിശദവാദത്തിനായി കേസ് മാറ്റിവെക്കുകയായിരുന്നു.

ഈ മാസം 25 നാണ് വിടുതൽ ഹർജി പരിഗണിക്കുന്നത്. അന്ന് ആറ് പ്രതികളും ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. വിടുതൽ ഹർജി പരിഗണിക്കുമ്പോൾ പ്രതികൾ ഹാജരാകേണ്ടതില്ലെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി തള്ളി. കേസിൽ ഒരിക്കൽ പോലും സുരേന്ദ്രൻ ഹാജരായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പിനിടിയിലാണ് കേസിന് ആസ്പദമായ സംഭവം. മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർത്ഥിയായ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ബി ജെ പി അധ്യക്ഷനെതിരായ കേസ്.കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന വി രമേശനാണ് കാസർകോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്.
സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബി ജെ പി മുൻ ജില്ലാ അധ്യക്ഷനും സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായ കെ കെ ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്‌ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.












Click it and Unblock the Notifications