പശുവിന് പുല്ലരിയാൻ പോയ കർഷകന് രണ്ടായിരം രൂപ പിഴയിട്ട് പോലീസ്
കാസർഗോഡ്; പശുവിന് പുല്ലരിയാൻ പോയ കർഷകന് 2000 രൂപ പിഴയിട്ട് പോലീസ്. കോടാം -ബെളൂർ പഞ്ചായത്തിലെ അട്ടേങ്ങാനം പാറേക്കൽ വേങ്ങയിൽ വീട്ടിൽ വി നാരായണനോടാണ് പോലീസിന്റെ ക്രൂരത. പശുവിനേയും കൊണ്ട് വിജനമായ പറമ്പിൽ പുല്ലരിയാൻ പോയതാണ് നാരായണൻ ചെയ്ത 'കുറ്റം'. പിഴയടച്ചില്ലേങ്കിൽ കേസ് കോടതി കേറുമെന്നാണ് പോലീസ് മുന്നറിയിപ്പ്.
നാരായണന്റെ ഭാര്യ ഷൈലജയ്ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലിന് പോകാൻ കൊവിഡ് പോസിറ്റീവ് അല്ലെന്ന സർട്ടിഫിക്കറ്റ് കിട്ടാൻ പരിശോധിച്ചപ്പോഴായിരുന്നു രോഗം സ്ഥിരീകരിച്ചത്. തുടര്‌ന്ന് നാരായണനും കുടുംബവും ക്വാറന്റീനിലായതോടെ വീട്ടിലെ പശുക്കളും പട്ടിണിയായി. ഇതോടെയാണ് പശുവിന് പുല്ലരിയാൻ നാരായണൻ പോയത്.

പാൽ വിറ്റാണ് നാരായണനും കുടുംബവും ഉപജീവനം കണ്ടെത്തുന്നത്. വീട്ടിൽ കൊവിഡ് രോഗി ഉള്ളതിനാൽ ആരും പാൽ വാങ്ങാൻ വരുന്നില്ല. അരലക്ഷം രൂപ ലോണെടുത്താണ് പശുവിനെ വാങ്ങിയത്. അതിനെ പട്ടിണിക്കിട്ടാൽ ജീവിതം വഴിമുട്ടിപോകും. മാസ്കിട്ടാണ് ആളൊഴിഞ്ഞ പറമ്പിൽ പോയത്.
എന്നാൽ ക്വാറന്റീൻ ലംഘിച്ചുവെന്നാരോപിച്ച് നാരായണന് പോലീസ് ഫൈൻ കെട്ടുകയായിരുന്നു. പുല്ലരിയാൻ മറ്റാരോടെങ്കിലും പറയാമായിരുന്നില്ലേയെന്നായിരുന്നു പോലീസ് ചോദിച്ചത്. എന്നാൽ തന്റെ പശുവിന് ഈ ഒരു സാഹചര്യത്തിൽ ആരാണ് ഭക്ഷണമെത്തിക്കുകയെന്ന് നാരായണനും ചോദിക്കുന്നു. ഉപജീവന മാർഗം പോലും വഴിമുട്ടിയിരിക്കുന്ന ഈ അവസ്ഥയിലാണ് പോലീസ് നടപടി, അമർഷവും സങ്കടവും അടക്കി നാരായണൻ പറയുന്നു.












Click it and Unblock the Notifications