'പ്രശ്നക്കാർ റിസർവേഷനില്‍ വരുന്നവർ'; ജാതീയ പരാമർശവുമായി പുറത്താക്കപ്പെട്ട പ്രിന്‍സിപ്പല്‍
കാസറഗോഡ് ഗവൺമെൻ്റ് കോളേജ് മുൻ പ്രിൻസിപ്പാളിനെ ഉടൻ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണമെന്നും എസ് എഫ് ഐ

കാസർകോട്: സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികള്‍ക്കെതിരെ അധിക്ഷേപവുമായി ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ എം.രമ. മാർക്ക് കുറഞ്ഞ് സംവരണത്തിൽ വരുന്ന കുട്ടികളാണ് കോളേജിൽ പ്രശ്നമുണ്ടാക്കുന്നതെന്ന് മുന്‍ പ്രിന്‍സിപ്പല്‍ പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മുൻ പ്രിൻസിപ്പൽ പട്ടികവിഭാഗം വിദ്യാർഥികളെ പരാമർശിച്ച് നടത്തിയ പ്രസ്താവനയ്ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി രംഗത്തെത്തി. സവർണ മനോഭാവം വെച്ചുപൊറുപ്പിക്കാനാകില്ല. സംവരണ സീറ്റിൽ പ്രവേശനം നേടിയവർ ഗുണ്ടകളാണെന്നുള്ള പ്രസ്താവന തനി മാടമ്പിത്തരമാണെന്നും സംഘടന ആരോപിച്ചു. സംവരണവിരുദ്ധ പരാമർശത്തിനെതിരേ പട്ടികജാതി-പട്ടികവർഗ കമ്മിഷനും ന്യൂനപക്ഷ കമ്മിഷനും പരാതി നൽകുമെന്നും എസ് എഫ് ഐ നേതൃത്വവും അറിയിച്ചു.
എസ് എഫ് ഐ വിരുദ്ധത തലയ്ക്ക് പിടിച്ച് മാനസികനില നഷ്ടപ്പെട്ട കാസറഗോഡ് ഗവൺമെൻ്റ് കോളേജ് മുൻ പ്രിൻസിപ്പാളിനെ ഉടൻ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാസര്‍ഗോഡ് ഗവണ്‍മെന്‍റ് കോളേജ് മുൻ പ്രിൻസിപ്പാള്‍ രമയുടെ ഏകാധിപത്യ നടപടികൾക്കെതിരായി എസ് എഫ് ഐ സമരത്തിലാണ്. ക്യാമ്പസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച് മുൻ പ്രിൻസിപ്പാളിനെ സമീപിച്ച വിദ്യാർത്ഥികളെ പൂട്ടിയിടുകയും അപമാനിക്കുകയുo ചെയ്ത മുൻ പ്രിൻസിപ്പാളിൻ്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ സമരം ശക്തമായ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടുകയും ആരോപണ വിധേയയായ പ്രിൻസിപ്പാള്‍ രമയെ തൽസ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നുവെന്നും എസ് എഫ് ഐ പ്രസ്താവനയിലൂടെ അറിയിക്കുന്നു.

ഈ സാഹചര്യത്തിലാണ് സമരത്തിന് നേതൃത്വം നൽകിയ പെൺകുട്ടികൾ ഉൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകരെ വ്യക്തിപരമായി അപമാനിക്കുന്ന പരാമർശങ്ങൾ ഒരു സ്വകാര്യ സാമൂഹിക മാധ്യമത്തിലൂടെ നടത്തിയത്. പുരോഗമന സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാനോ ഉൾക്കൊള്ളാനോ സാധിക്കാത്ത ഇത്തരം അശ്ലീല പരാമർശങ്ങൾ അങ്ങേയറ്റം ഖേദകരമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി പൊതു സമൂഹം അംഗീകരിക്കാത്ത പ്രവർത്തനങ്ങൾ ക്യാമ്പസിൽ നടക്കുന്നുണ്ടെന്നും താൻ ഇത് നേരിൽകണ്ട് ബോധ്യപ്പെട്ടതാണ് എന്നും മുൻ പ്രിൻസിപ്പാള്‍ അവകാശപ്പെടുമ്പോഴും അതിൻ്റെ തെളിവുകൾ പുറത്ത് വിടാനോ നാളിതുവരെയായി സ്വീകരിച്ച നടപടികൾ വിശദീകരിക്കാനോ അവർ തയാറാകുന്നില്ല.
മറിച്ച് തൻ്റെ ഏകാധിപത്യ നിലപാടുകളെ ചോദ്യം ചെയ്ത വിദ്യാർത്ഥികളെ പരസ്യമായി അപമാനിക്കാനും പൊതു സമൂഹത്തിലും കോളേജിലും മാന്യമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥികളെ മോശക്കാരായി ചിത്രീകരിക്കാനുമാണ് മുൻ പ്രിൻസിപ്പാള്‍ ശ്രമിക്കുന്നത്. കേരളത്തിലെ വിദ്യാർത്ഥി ഹൃദയ ങ്ങളിൽ ഇടം നേടിയ വിദ്യാർത്ഥി പ്രസ്ഥാനത്തേയും അതിൻ്റെ നേതാക്കളെയും അപമാനിക്കാനുള്ള ശ്രമം ഈ നാട് തിരിച്ചറിയും. എസ്എഫ്‌ഐ വിരുദ്ധതയാലും അധികാരഭ്രമത്താലും മനോനില നഷ്ടപ്പെട്ട രമ തൻ്റെ വിസർജ്യം വർഷിക്കുന്ന വായ അടയ്ക്കാൻ തയാറായില്ലെങ്കിൽ അതിന് മൂക്ക് കയറിടാൻ ജില്ലയിലെ വിദ്യാർത്ഥി പ്രസ്ഥാനം രംഗത്തിറങ്ങുമെന്നും എസ് എഫ് ഐ പറയുന്നു,
കാസറഗോഡ് ഗവാൺമെൻ്റ് കോളേജിനെയും അവിടുത്തെ അധ്യാപകരെയും വിദ്യാർത്ഥികളെയും അപമാനിച്ച് പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരായി ചിത്രീകരിച്ച രമ എന്ന അധ്യാപികയുടെ ദുഷ്ടലാക്ക് ഈ നാട് തിരിച്ചറിയും. എസ്എഫ്ഐ നേതാക്കളെ അപമാനിച്ച ടീച്ചർക്കെതിരെ അടുത്ത ദിവസം തന്നെ മാനനഷ്ടകേസ് നൽകി നിയമപരമായി നേരിടുമെന്നും പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയുന്നത് വരെ സമരം തുടരുമെന്നും എസ് എഫ് ഐ ജില്ലാകമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു.












Click it and Unblock the Notifications