സഹോദരിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തു, പത്താം ക്ലാസ്സുകാരനെ യുവാവ് പെട്രോളൊഴിച്ച് ജീവനോടെ തീകൊളുത്തി!
ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ പത്താം ക്ലാസ്സുകാരനെ ജീവനോടെ തീ കൊളുത്തി കൊന്നു. 15 വയസ്സുകാരന്‍ അമര്‍നാഥ് ആണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. അമര്‍നാഥിന്റെ ദേഹത്ത് അക്രമി പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.
അമര്‍നാഥിന്റെ സഹോദരിയെ നിരന്തരം ശല്യം ചെയ്തിരുന്ന വെങ്കിടേഷ് എന്ന യുവാവ് ആണ് കുട്ടിയെ തീ കൊളുത്തിയത് എന്ന് കുടുംബം ആരോപിക്കുന്നു. സൈക്കിളില്‍ ട്യൂഷന് പോകുന്ന വഴിയില്‍ വെങ്കിടേഷും സുഹൃത്തുക്കളും അമര്‍നാഥിനെ തടഞ്ഞ് നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് വിവരം.

അമര്‍നാഥിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ തീ അണച്ച് കുട്ടിയെ തൊട്ടടുത്തളള സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ അമര്‍നാഥ് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോഴും എത്തിയപ്പോഴും അമര്‍നാഥ് തുടര്‍ച്ചയായി ചില പേരുകള്‍ പറയുന്നുണ്ടായിരുന്നു. അതിലൊന്ന് വെങ്കി എന്നായിരുന്നു.
കുട്ടിയുടെ മരണമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 21കാരനായ വെങ്കിടേഷ് റെഡ്ഡിയും സുഹൃത്തുക്കളുമാണ് തന്നെ തീകൊളുത്തിയത് എന്നാണ് അമര്‍നാഥ് പോലീസിന് നല്‍കിയ മൊഴി. സഹോദരിയെ വെങ്കിടേഷ് ശല്യം ചെയ്യുന്നത് അമര്‍നാഥ് ചോദ്യം ചെയ്തിരുന്നു. സഹോദരി പഠിക്കുന്ന കോളേജ് പരിസരത്ത് നിരന്തരം വെങ്കിടേഷ് കിടന്ന് കറങ്ങുന്നതിനെ കുറിച്ചും അമര്‍നാഥ് ചോദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് പോലീസ് കരുതുന്നത്.












Click it and Unblock the Notifications