'1500 ഏക്കര്‍ ഭുമിയുടെ ഇടപാട്': പിണറായിയും ഡികെ ശിവകുമാറും സംശയ നിഴലിലെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടേയുള്ളവർക്കെതിരായ ബംഗളൂരുവിലെ മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തലിൽ ഉത്തരവാദിത്തപ്പെട്ടവർ മൗനം വെടിയണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഭൂമി കൈമാറ്റത്തിനായി ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്‌സും തമ്മിൽ നിരവധി സംശയസ്പദമായ ഇടപാടുകൾ നടത്തിയെന്നാണ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ആരോപിക്കുന്നത്.
'മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ വിവാദവ്യവസായി ഫാരീസ് അബൂബക്കറിനെക്കുറിച്ചാണ് ഈ ഗുരുതരമായ ആരോപണം ഉത്തരവാദപ്പെട്ട ഒരു മാധ്യമപ്രവർത്തക ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 1500 ഏക്കർ ഭൂമിയിൽ അഞ്ഞൂറേക്കറോളം കേരളത്തിലാണ് കച്ചവടം നടന്നത്. നെൽവയൽ നീർത്തട നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ഇതിനൊത്താശ ചെയ്തതാരാണെന്ന് പുറത്തുവരണം. ഷെൽ കമ്പനികളിലൂടെ നടത്തുന്ന കള്ളപ്പണ ഇടപാടും റിയൽ എസ്റ്റേറ്റ് ഇടപാടുമാണ് ഇതിലൂടെ പുറത്തുവരുന്നത്.'- കെ സുരേന്ദ്രന്‍ പറഞ്ഞു.

എൺപത്തഞ്ചോളം ഷെൽ കമ്പനികളും അവർ വാങ്ങിക്കൂട്ടിയ ഭൂമിയും സാമ്പത്തിക ഇടപാടുകളുമാണ് പുറത്തുവന്നത്. കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കേരളമുഖ്യമന്ത്രി പിണറായി വിജയനും സംശയത്തിന്റെ നിഴലിലാണെന്നാണ് വാർത്ത. ഇക്കാര്യത്തെക്കുറിച്ച് ഉത്തരവാദപ്പെട്ടവർ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയായ രാജ്മോഹനെ സിഐടിയു അക്രമിച്ചതിൽ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി. കോട്ടയം തിരുവാർപ്പിൽ സിഐടിയു പ്രവർത്തകർ ആക്രമിച്ച ബസ് ഉടമ രാജ്മോഹനെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം വ്യവസായ സൗഹ്യദ സംസ്ഥാനം, നിക്ഷേപ സൗഹൃദ സംസ്ഥാനം എന്നൊക്കെയാണ് മുഖ്യമന്ത്രി വിദേശത്ത് പോയി വീമ്പിളക്കിയത്. പക്ഷെ കേരളത്തിൽ സംരഭകത്വം എന്നത് ദുഷ്ക്കരമാണെന്നതിൻ്റെ ഉദാഹരണമാണ് കോട്ടയം തിരുവാർപ്പിലെ സംഭവം. സിപിഎമ്മും സിഐടിയുവുമാണ് മുഷ്ക്ക് ഉപയോഗിച്ച് വ്യവസായികളെ കേരളത്തിൽ നിന്നും അടിച്ചോടിക്കുന്നത്. ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാൻ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും തയ്യാറായിട്ടില്ല. ലോക കേരളസഭയിൽ സംരഭകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി കേരളത്തിൽ സംരഭകരെ സ്വന്തം പാർട്ടിക്കാർ വേട്ടയാടുമ്പോൾ മൗനംപാലിക്കുകയാണ്.
ലേബർ ഓഫീസർ വിളിച്ചു ചേർത്ത ചർച്ചയിൽ ബസ് ഉടമ രാജ്മോഹനെ ആക്രമിച്ച സിപിഎം നേതാവ് പങ്കെടുത്തത് അദ്ദേഹത്തെ വീണ്ടും അപമാനിക്കാനാണ്. സിഐടിയു എന്ന സംഘടന കേരളത്തിൽ എന്തിനാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാകുന്നില്ല. സാധാരണഗതിയിൽ ഇത്തരമൊരു ചർച്ചയ്ക്ക് വരേണ്ട ആളല്ല ഇയാൾ എന്നിരിക്കെയാണ് ഈ നിലപാട്. ബസ് വ്യവസായം പല രീതിയിലുള്ള പ്രതിസന്ധി നേരിടുമ്പോഴാണ് സർക്കാർ സ്പോൺസേർഡ് അതിക്രമം നടക്കുന്നത്. ഡീസൽ വില ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications