18 കമ്പനികള്‍, രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍: ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഐടി സ്‌പേസുകള്‍
എറണാകുളം: കൊച്ചിയുടെ വികസന കുതിപ്പിന് ഗതിവേഗം പകർന്നുകൊണ്ട് ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിൽ പുതിയ ഐടി സ്‌പേസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പുതുതായി 1,61,000 ചതുരശ്ര അടി ഐടി സ്‌പേസാണ് ഇന്‍ഫോപാര്‍ക്കില്‍ സജ്ജമായിരിക്കുന്നത്. മൂന്ന് നിലകളിലായി കൊഗ്നിസന്റ് ടെക്‌നോളജീസിന്റെ കെട്ടിടത്തില്‍ 1,00,998 ചതുരശ്ര അടിയും ജ്യോതിര്‍മയ ബ്ലോക്കില്‍ 35000 ചതുരശ്ര അടിയും തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ 25000 ചതുരശ്ര അടിയുമായാണ് പുതിയ ഐടി സ്‌പേസ് ആരംഭിക്കുന്നത്.
ഇവിടെ 18 കമ്പനികളുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 62 ലക്ഷം ചതുരശ്ര അടി ഐടി സ്പേസ് നിർമ്മിക്കാനാണ് രണ്ടാം പിണറായി സർക്കാർ ശ്രമിക്കുന്നത്. ഇത് സാധ്യമാക്കുന്നതിലൂടെ 67,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.

2016ൽ എൽഡിഎഫ് അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്താകെ 46 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള ഐടി സ്‌പേസും 45869 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. കേരളം ഐടി വ്യവസായങ്ങൾക്ക് അനുയോജ്യമായ ഭൂമിയാണെന്നാണ് തെളിഞ്ഞുകൊണ്ടിരിക്കുന്നത്. ഐബിഎം, ടാറ്റ എലക്സി, ടിസിഎസ് പോലുള്ള കമ്പനികൾ കേരളത്തിലേക്ക് കടന്നുവരുന്നത് ഈ അനുകൂല സാഹചര്യം മനസിലാക്കിക്കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഐടി വ്യവസായത്തിൻ്റെ വളർച്ചയ്ക്കാവശ്യമായ പൊതുസാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ ഇടതുപക്ഷ സർക്കാർ വന്നതിനുശേഷമുണ്ടായ മാറ്റം സവിശേഷമാണ്. ടാറ്റ എലക്സിക്കായുള്ള കെട്ടിടം കൈമാറുന്ന ഘട്ടത്തിൽ സ്ഥാപനത്തിൻ്റെ സി ഒ ഒ പറഞ്ഞ വാക്കുകൾ സർക്കാരിനും ജനങ്ങൾക്കുമുള്ള അംഗീകാരമാണ്. കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴിക്കായുള്ള സ്ഥലമേറ്റെടുപ്പ് ധ്രുതഗതിയിലാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. 10 മാസം കൊണ്ട് പദ്ധതിക്കാവശ്യമായ 70% ഭൂമിയും ഏറ്റെടുത്ത് നൽകാൻ നമുക്ക് സാധിച്ചു.
രാജ്യത്തെ തന്നെ രണ്ടാമത്തെ ഗിഫ്റ്റ് സിറ്റി ആരംഭിക്കാൻ പോകുന്നതും നമ്മുടെ കേരളത്തിലാണ്. ഇതിനു പുറമേ ദേശീയ പാത 66 ന് സമാന്തരമായി നാല് ഐടി ഇടനാഴികളും സംസ്ഥാനത്ത് സ്ഥാപിക്കുകയാണ്. അതിലൊന്ന് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിന്നാണ് ആരംഭിക്കുന്നത്. ഈ വിധത്തിൽ സമാനതകളില്ലാത്ത മാറ്റത്തിനാണ് കേരളം കുതിക്കുന്നത്. അത് തുടരാൻ സാധിക്കുമെന്ന ആത്‌മവിശ്വാസം സർക്കാരിനുണ്ട്. തൊഴിൽ സൃഷ്ടിക്കുകയും നാടിൻ്റെ അഭിവൃദ്ധിക്കനുയോജ്യമായ വ്യവസായങ്ങൾ കൊണ്ടുവരികയും ചെയ്യുന്നതിന് രണ്ടാം പിണറായി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായുള്ള നയവും നിലപാടുകളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications