വോട്ടെടുപ്പ് ദിനത്തിലെ പെട്രോള്‍ ബോംബ് സ്‌ഫോടനം; മേഴ്‌സിക്കുട്ടിയമ്മയെ കേസില്‍ കുടുക്കാനെന്ന് കുറ്റപത്രം
കൊല്ലം: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ദിവസം പുലര്‍ച്ചെ കുണ്ടറയില്‍ നടന്ന പെട്രോള്‍ ബോംബ് സ്‌ഫോടനം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ ജെ മേഴ്‌സിക്കുട്ടിയമ്മയെ കള്ളക്കേസില്‍ കുടുക്കാനായിരുന്നു എന്ന് പൊലീസിന്റെ കുറ്റപത്രം. ഇ എം സി സി ഉടമ ഷിജു എം വര്‍ഗീസ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്താണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ സഹായിയായിരുന്ന വിനു കുമാറിനേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. അതേസമയം വിവാദ ഇടനിലക്കാരന്‍ ദല്ലാള്‍ നന്ദകുമാറിന് കേസില്‍ പങ്കില്ല എന്ന് പൊലീസ് വ്യക്തമാക്കി. മേഴ്‌സിക്കുട്ടിയമ്മയെ കള്ള കേസില്‍ കുടുക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തി എന്നാണ് പൊലീസ് പറയുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് ദിവസമാണ് ഷിജു എം വര്‍ഗീസും സംഘവും കുണ്ടറയില്‍ പെട്രോള്‍ ബോംബ് സ്‌ഫോടനം നടത്തിയത്.

കേസില്‍ കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഷിജു വര്‍ഗീസിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട കാറിന് നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞിരുന്നത്. കുണ്ടറ നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥിയായിരുന്നു മേഴ്‌സിക്കുട്ടിയമ്മ. അതേ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഷിജു എം വര്‍ഗീസ് മത്സരിച്ചിരുന്നു. മേഴ്സിക്കുട്ടിയമ്മയെ കേസില്‍ കുടുക്കി അവരെ പരാജയപ്പെടുത്തുകയുമായിരുന്നു പ്രതികളുടെ ലക്ഷ്യം.
അഴകെന്ന് പറഞ്ഞാല്‍ ഇതാണ്; മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍
അതുവഴി ജനവികാരം അവര്‍ക്കെതിരായി മാറ്റാനാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മ പരാജയപ്പെടുകയായിരുന്നു. യു ഡി എഫ് സ്ഥാനാര്‍ഥി പി സി വിഷ്ണുനാഥിനോടാണ് മേഴ്‌സിക്കുട്ടിയമ്മ തോറ്റത്. ചാത്തന്നൂര്‍ പൊലീസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്ന് മേഴ്‌സിക്കുട്ടിയമ്മ നേരത്തെ തന്നെ പറഞ്ഞിരുന്നു.
40 പേജുള്ള കുറ്റപത്രത്തില്‍ 66 തൊണ്ടിമുതലുകളും 54 സാക്ഷികളെയും തെളിവായി രേഖപ്പെടുത്തിയിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടാണ് ഇ എം സി സി എന്ന കമ്പനി വിവാദത്തില്‍ പെട്ടത്. ഇ എം സി സി കരാറും പി എസ് സി നിയമനങ്ങളുമടക്കമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ മണ്ഡലത്തില്‍ ചര്‍ച്ചയായിരുന്നു. 2016 ലെ തെരഞ്ഞെടുപ്പില്‍ 30,460 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മേഴ്‌സിക്കുട്ടിയമ്മ വിജയിച്ചിരുന്നത്. 4454 വോട്ടിനാണ് പി സി വിഷ്ണുനാഥിനോട് മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടത്.












Click it and Unblock the Notifications