ഓൺലൈൻ ലോട്ടറി അടിച്ചെന്ന് പറഞ്ഞ് പറ്റിച്ച് വീട്ടമ്മയിൽ നിന്ന് 1.12 കോടി തട്ടി; 4 പേർ അറസ്റ്റിൽ
തിരുവനന്തപുരം: എറണാകുളം സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് ഓൺലൈൻ ലോട്ടറിയുടെ പേരിൽ 1.12 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ 4 പേർ അറസ്റ്റിലായി. ഉത്തരേന്ത്യക്കാരായ നാല് പേരെയാണ് സംസ്ഥാന ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക അന്വേഷണ സംഘം റാഞ്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ബീഹാർ സ്വദേശികളായ ജ്യോതിഷ് കുമാർ, മോഹൻകുമാർ, അജിത് കുമാർ, റാഞ്ചി സ്വദേശിയായ നീരജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് 28 മൊബൈൽ ഫോണുകളും 85 എ ടി എം കാർഡുകളും ലാപ്പ്ടോപ്പുും വിവിധ ബാങ്കുകളുടെ ചെക്കുകളും പാസ് ബുക്കുകളും എന്നിവ കൂടാതെ 1.25 ലക്ഷം രൂപയും കണ്ടെടുത്തു. പ്രതികളെ റാഞ്ചി കോടതിയിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കി എറണാകുളം കോടതിയിൽ എത്തിക്കും.

ലക്കി ഡ്രോയിൽ ഒന്നരക്കോടി രൂപ സമ്മാനം ലഭിച്ചെന്ന് വീട്ടമ്മയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സമ്മാനത്തുക ലഭിക്കുന്നതിനായി സർവീസ് ചാർജ് എന്ന പേരിൽ പലപ്പോഴായി പ്രതികൾ വീട്ടമ്മയിൽ നിന്ന് ഒരു കോടി 12 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലൂടെ തട്ടിയെുക്കുകയായിരുന്നു. ലഭിക്കുന്ന പണം ഉടൻ തന്നെ എ ടി എം കാർഡ് വഴി പിൻവലിച്ച് ക്രിപ്റ്റോ കറൻസി ആക്കി മാറ്റുകയുമാണ് തട്ടിപ്പുകാരുടെ രീതി.
പ്രതികൾ ഇന്ത്യയിൽ ഉടനീളം തട്ടിപ്പ് നടത്തിയിട്ടുണ്ട്‍. ഇന്റർനെറ്റ് ബാങ്കിംഗിന്റെ പാസ് വേഡ് തട്ടിയെടുക്കുന്ന പ്രതികൾ. യഥാർത്ഥ അക്കൗണ്ട് ഉടമയുടെ ഫോൺനമ്പർ മാറ്റി ഇവരുടെ ഫോൺ നമ്പർ അക്കൗണ്ടുമായി കണക്ട് ചെയ്യും. അതുകൊണ്ട് തന്നെ തട്ടിപ്പിനെക്കുറിച്ച് ഉടമ അറിയില്ല.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബരം ജീവിതത്തിനും ഫോണുകളും വാഹനങ്ങളും വാങ്ങുന്നതിനാണ് ചെലവാക്കിയത്.
ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണം വിങാഗത്തിന്റെ എറണാകുളം യൂണിറ്റ് ആയിരത്തോളം ഫോൺ നമ്പറുകളും അഞ്ഞൂറോളും മൊബൈൽ ഫോൺ രേഖകളും 250 ഓളം ബാങ്ക് അക്കൗണ്ട് രേഖകളും പരിശോധിച്ചാണ് പ്രതികൾ റാഞ്ചിയിൽ ഉണ്ടെന്ന് മനസ്സിലാകുന്നത്. റാഞ്ചിയിലെ ഉൾപ്രദേശത്തെ ഒളിത്താവളത്തിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതികൾ അറസ്റ്റിലായത്.
കൊച്ചി സിറ്രി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ വീട്ടമ്മ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്, പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് ക്രൈബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറിയത്. ഓൺലൈൻ സാമ്പത്തികത്തതട്ടിപ്പിന് ഇരയായാൽ എത്രയും വേഗം 1930 എന്ന സൈബർ പോലീസ് ഹെൽപ്പ് ലൈൻ നമ്പറിൽ അറിയിക്കണമെന്ന് കേരള പോലീസ് അഭ്യർത്ഥിച്ചു.












Click it and Unblock the Notifications