ബസിൽ അപമര്യാദയായി പെരുമാറിയെന്ന വീഡിയോ യുവതി പ്രചരിപ്പിച്ചു; മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി
സോഷ്യൽ മീഡിയയിലെ വിധിനിർണ്ണയങ്ങളും സൈബർ വിചാരണകളും ഒരു മനുഷ്യജീവൻ കൂടി കവർന്നെടുത്തു. ബസിനുള്ളിൽ വെച്ച് തന്നോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് ഒരു യുവതി സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് (41) ആണ് ആത്മഹത്യ ചെയ്തത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കണ്ടന്റ് ക്രിയേറ്ററായ കോഴിക്കോട് സ്വദേശിനിയായ യുവതി തന്റെ ഇൻസ്റ്റാഗ്രാം, ഫേയ്സ്ബുക്ക് പേജിലൂടെ ദീപക്കിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പങ്കുവെച്ചത്. വസ്ത്ര വ്യാപാരിയായിരുന്ന ദീപക് കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് സംഭവം. തിരക്കേറിയ ബസിനകത്ത് വെച്ച് ദുരുദ്ദേശത്തോടെ തന്റെ ദേഹത്ത് സ്പര്‍ശിച്ചുവെന്നാണ് യുവതിയുടെ ആരോപണം. മിനിറ്റുകൾക്കുള്ളിൽ വീഡിയോ വൈറലാവുകയും ദീപക്കിനെതിരെ കടുത്ത സൈബർ ആക്രമണം തുടങ്ങുകയും ചെയ്തു. വസ്തുതകൾ അന്വേഷിക്കാതെ തന്നെ ആയിരക്കണക്കിന് ആളുകൾ വീഡിയോ ഷെയർ ചെയ്യുകയും യുവാവിനെ വ്യക്തിഹത്യ നടത്തുകയും ചെയ്തു.

സോഷ്യൽ മീഡിയയിലൂടെ യുവതി പ്രചരിപ്പിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഇതിനെത്തുടർന്ന് ദീപക് വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും ദീപക്കിൻ്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ആരോപിക്കുന്നു. ഞായറാഴ്ച രാവിലെയാണ് വീട്ടിൽ ദീപകിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications