വഹാബ് പക്ഷത്തിന് തിരിച്ചടി: ഐഎന്‍എല്‍ പതാകയും പേരും കാസിം ഇരിക്കൂർ പക്ഷത്തിന്
കോഴിക്കോട്: ഐ എന്‍ എല്‍ പിളർപ്പിന് പിന്നാലെ പാർട്ടി പതാകയുടേയും പേരിനേയും ചൊല്ലിയുണ്ടായ തർക്കത്തില്‍ എപി അബ്ദുള്‍ വഹാബ് വിഭാഗത്തിന് തിരിച്ചടി. ഐ എന്‍ എല്‍ എന്ന പേരും പാർട്ടി പതാകയും കാസിം ഇരിക്കൂർ വിഭാഗത്തിന്റേതെന്ന് വ്യക്തമാക്കിയ കോടതി അബ്ദുള്‍ വഹാബ് വിഭാഗം ഇവ രണ്ടും ഉപയോഗിക്കരുതെന്നും വ്യക്തമാക്കി. കോഴിക്കോട് സബ്കോടതിയുടേതാണ് വിധി.
എപി അബ്ദുള്‍ വഹാബ് വിഭാഗം പാർട്ടിയുടെ പേരും കൊടിയും ഉപയോഗിക്കുന്നതിനെതിരെ കാസിം ഇരിക്കൂറായിരുന്നു കോടതിയില്‍ ഹർജിയുമായി എത്തിയത്. ആ ഹർജിയിലാണ് ഇപ്പോള്‍ കോടതിയുടെ വിധി വന്നിരിക്കുന്നത്. എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലായിരുന്നു ഐ എന്‍ എല്ലിലെ തർക്കം രൂക്ഷമാവുകയും പാർട്ടി പിളർപ്പിലേക്ക് എത്തുകയും ചെയ്തത്.

ഐ എൻ എൽ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടതിന് ശേഷം ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ എതിർത്തു കൊണ്ട് രംഗത്ത് വന്ന അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ പുതിയ സംസ്ഥാന സമിതി രൂപീകരിച്ചതോടെ പിളർപ്പ് കൂടുതല്‍ രൂക്ഷമാവുകയും ചെയ്തു. പ്രസിഡന്റായി അബ്ദുൾ വഹാബിനേയും ജനറൽ സെക്രട്ടറിയായി നാസർ കോയ തങ്ങളേയുമായിരുന്നു യോഗം തിരഞ്ഞെടുത്തത്.
ഇതിന് പിന്നാലെ കാസിം ഇരിക്കൂർ വിഭാഗം സംസ്ഥാന പ്രസിഡന്റായി അഹമ്മദ് ദേവർ കോവിലിനേയും ജനറല്‍ സെക്രട്ടറിയായി കാസിം ഇരിക്കൂറിനേയും തിരഞ്ഞെടുത്തു. ഇതിന് പിന്നാലെയാണ് അബ്ദുള്‍ വഹാബ് പക്ഷത്തിനെതിരെ കാസിം ഇരിക്കൂർ നിയമനടപടിയുമായി മുന്നോട്ട് വന്നത്.












Click it and Unblock the Notifications