നാണമില്ലേ തെരുവ് നായ്ക്കളെ, ഇങ്ങനെ നാട്ടുകാരെ കടിച്ച് നടക്കാന്‍....കണ്ട് പഠിക്ക് ഉദ്ദണ്ഡനെ
തെരുവുനായ്ക്കള്‍ക്ക് മാതൃകയാക്കാവുന്ന ഒരു തെരുവ് നായ ഉണ്ട്. കോഴിക്കോട് ഒളവണ്ണയിലെ പള്ളിപ്പുറത്ത്. പളളിപ്പുറത്തുകാരുടെ കണ്ണിലുണ്ണിയായ ഉദ്ദണ്ഡന്‍.
കോഴിക്കോട്: തെരുവു നായ്ക്കള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ കേരളത്തിലുള്ളവര്‍ക്ക് ഹാലിളകും. പാറശാല മുതല്‍ മഞ്ചേശ്വരം വരെ തെരുവ് നായ്ക്കള്‍ക്കെതിരെ ഒരേ വികാരമാണ്. റോഡിലൂടെ നടന്നു പോകുന്നവരെ മാത്രമല്ല ഇപ്പോള്‍ വീടുകയറി വരെ തെരുവുനായ്ക്കള്‍ ആക്രമണം നടത്തുകയാണ്. മനുഷ്യരോട് പൂര്‍വ വൈരാഗ്യമുള്ള പോലെയാണ് ഇവറ്റകളുടെ പെരുമാറ്റം.
എന്നാല്‍ തെരുവുനായ്ക്കള്‍ക്ക് മാതൃകയാക്കാവുന്ന ഒരു തെരുവ് നായ ഉണ്ട്. കോഴിക്കോട് ഒളവണ്ണയിലെ പള്ളിപ്പുറത്ത്. പളളിപ്പുറത്തുകാരുടെ കണ്ണിലുണ്ണിയായ ഉദ്ദണ്ഡന്‍. ഉദ്ദണ്ഡനോടുള്ള സ്‌നേഹം കാരണം ഉദ്ദണ്ഡന്റെ മരണ ശേഷം ഒരു സ്മാരകം തന്നെ തീര്‍ത്തിരിക്കുകയാണ് നാട്ടുകാര്‍.

സ്മാരകമായി ബസ് സ്റ്റോപ്പ്
നാട്ടുകാരുടെ നല്ല സുഹൃത്തായിരുന്നു ഉദ്ദണ്ഡന്‍ എന്ന തെരുനായ. ജീവിച്ചിരിക്കുന്നതിനിടയ്ക്ക് ഒരിക്കല്‍ പോലും ആരെയും ഉപദ്രവിച്ചിട്ടില്ല. മൂന്നരമാസംമുമ്പാണ് ഉദ്ദണ്ഡന്‍ ചത്തു പോയത്. ഇതോടെയാണ് ഉദ്ദണ്ഡന്‍ സ്ഥിരമായി കിടക്കാറുള്ളിടത്ത് നാട്ടുകാര്‍ ബസ് സ്‌റ്റോപ്പ് നിര്‍മിച്ചത്.

വെറും തെരുവ് നായ അല്ല
ഏഴെട്ടു വര്‍ഷം മുമ്പ് കുട്ടിയായിരിക്കെയാണ് ഉദ്ദണ്ഡന്‍ പള്ളിപ്പുറത്ത് എത്തിയത്. എവിടെ നിന്നാണ് വന്നതെന്നറിയില്ല. യഥാര്‍ത്ഥത്തില്‍ തെരുവു നായയാണോ എന്ന കാര്യവും വ്യക്തമല്ല. തെരുവിലാണ് കഴിയുന്നതെങ്കിലും നാട്ടുകാരുടെ നല്ല സുഹൃത്തായിരുന്നു ഉദ്ദണ്ഡന്‍. നാട്ടുകാര്‍ തന്നെയാണ് ഉദ്ദണ്ഡന്‍ എന്ന പേരും നല്‍കിയത്. നാട്ടുകാര്‍ നല്‍കുന്ന ആഹാരം കഴിച്ചായിരുന്നു ജീവിതം.

എന്നും നാട്ടുകാര്‍ക്കൊപ്പം
പള്ളിപ്പുറത്തെ എല്ലാവര്‍ക്കും ഉദ്ദണ്ഡന്‍ സഹായിയാണ്. വയലില്‍ കെട്ടാറുള്ള കന്നുകാലികളെ നോക്കാനും നടന്നു പോകുന്നവര്‍ക്ക് അകമ്പടി പോകാനും ഉദ്ദണ്ഡന്‍ എന്നും ഉണ്ടായിരുന്നു. രാത്രി വൈകി എത്തുന്നവരെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതും ഉദ്ദണ്ഡന്റെ ചുമതലയായിരുന്നു. കുട്ടികള്‍ക്കൊപ്പം കളിക്കാനും ഉദ്ദണ്ഡന്‍ എന്നുമുണ്ടായിരുന്നു.

സ്മാരകമായി ബസ് സ്റ്റോപ്പ്
ഉദ്ദണ്ഡനെ കുറിച്ച് പള്ളിപ്പുറം കാരോട് ചോദിച്ചാല്‍ ഉദ്ദണ്ഡന്‍ ചത്തു എന്നു പറയാന്‍ പോലും ആരും തയ്യാറാവില്ല. അത്രയ്ക്ക് അവര്‍ക്ക് പ്രിയപ്പെട്ടതാണ് ഉദ്ദണ്ഡന്‍. വീട്ടില്‍ വളര്‍ത്തുന്ന നായയെക്കാള്‍ കൂടുതല്‍ സ്‌നേഹം ഉദ്ദണ്ഡനോട് പലര്‍ക്കും ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെയാണ് ഉദ്ദണ്ഡന്റെ പേരില്‍ സ്മാരകം നിര്‍മിക്കാന്‍ തയാറായതും.

ചരമവാര്‍ഷികത്തിന് ഒരുക്കം
ഉദ്ദണ്ഡന്റെ മരണം പത്രങ്ങളില്‍ പോലും വാര്‍ത്തയായിരുന്നു. 41ാം ചരമദിനം പോലും പള്ളിപ്പുറത്തുകാര്‍ ആചരിച്ചു. ഉദ്ദണ്ഡന്റെ ഒന്നാം ചരമ വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.












Click it and Unblock the Notifications